- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടാങ്കർ വെള്ളം പരിശോധിച്ചത് തെറ്റ്; ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവ് ചർച്ചകളിൽ
തിരുവനന്തപുരം: ടാങ്കർ ലോറിയിലെ കുടിവെള്ളം പരിശോധിക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇല്ലെന്ന് കോടതി വിധി. തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. പാക്കേജ് കുടിവെള്ളവും വാട്ടർ വെൻഡിങ് മിഷിനിലൂടെ ശുചീകരിച്ച് നൽകുന്ന വെള്ളവും മാത്രമേ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയൂവെന്നാണ് വിധി. കിണർ വെള്ളം പരിശോധിക്കാൻ ഭക്ഷ്യാ സുരക്ഷാ നിമയം അനുവദിക്കുന്നില്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്.
കുന്നത്തുനാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസറുടെ നടപടിയാണ് അപ്പലേറ്റ് ട്രിബ്യൂണലിൽ ചോദ്യം ചെയ്തത്. കുടിവെള്ള വിതരണക്കാരന്റെ ടാങ്കർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ആ ടാങ്കറിൽ നിന്നുള്ള എട്ടു ലിറ്റർ വെള്ളം നാലു കുപ്പികളിലാക്കി കാക്കനാട്ടെ റീജിയണൽ അനാലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. ഇതിൽ നിലവാര കുറവ് കണ്ടെത്തി. തുടർന്ന് അഡ്ജുഡീക്കേറ്റിങ് ഓഫീസർക്ക് റിപ്പോർട്ടും നൽകി. വാദം കേട്ട ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. ഇതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുകയായിരുന്നു.
ഈ അപ്പീലിൽ നിർണ്ണായക ഉത്തരവാണ് അപ്പലേറ്റ് ട്രിബ്യൂണൽ പുറത്തിറക്കിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രണ്ടു വിഭാഗത്തിൽ പെടുന്ന കുടിവെള്ളം മാത്രമേ പരിശോധിക്കൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന് അധികാരമുള്ളൂ. പാക്കേജ് കുടിവെള്ളവും വാട്ടർ വെൻഡിങ് മിഷനിലൂടെ ശുദ്ധീകരിച്ച് നൽകുന്ന കുടിവെള്ളവും പരിശോധിക്കാം. ഈ കേസിൽ കിണറിലെ വെള്ളമാണ് വാട്ടർ ടാങ്കിൽ വിതരണത്തിന് ഉപയോഗിച്ചത്. അത് പരിശോധിക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനില്ല. അതിന് നിയമത്തിന് പിൻബലമില്ല-വിധി വിശദീകരിക്കുന്നു.
നിയമത്തിൽ ഉൾക്കൊള്ളാത്ത കാര്യങ്ങൾ ചെയ്താൽ അത് അസ്ഥിരപ്പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി. കിണർ വെള്ളത്തിന്റെ നിലവാരത്തെ സംബന്ധിച്ച ഒരു കാര്യവും ഭക്ഷ്യ സുരക്ഷാ നിയമത്തിൽ പറഞ്ഞിട്ടില്ലെന്നും അഡ്ജുഡിക്കേറ്റിങ് ഓഫീസറുടെ ഉത്തരവ് റദ്ദ് ചെയ്തു കൊണ്ട് ഭക്ഷ്യസുരക്ഷാ അപ്പലേറ്റ ്ട്രിബുണൽ ജഡ്ജി ജോസ് എൻ സിറിൾ വിശദീകരിച്ചു. കക്ഷിക്ക് വേണ്ടി അഭിഭാഷകരായ പ്രേംജിത് നാഗേന്ദ്രനും എസ് രഘുകുമാറുമാണ് ഹാജരായത്.
ബോട്ടിലിൽ നിറച്ച മിനറൽ വാട്ടറിന് കുപ്പിയൊന്നിന് 13 രൂപ വിലയുണ്ട്. എന്നാൽ ഒരു ടാങ്കറിലെത്തുന്ന കുടിവെള്ളത്തിന് ആയിരം രൂപയേ ഉള്ളൂവെന്നും അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയിൽ പറയുന്നു. അതുകൊണ്ട് രണ്ടിനേയും രണ്ടായി കാണണമെന്ന തരത്തിലെ പരമാർശവും വിധിയിലുണ്ട്. തേലക്കാട്ട് വാട്ടർ ട്രാൻസ്‌പോർട്ടിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പെടുത്ത നടപടിയാണ് ഈ വിധിയിലൂടെ അസ്ഥിരമായത്.
ഫലത്തിൽ ടാങ്കറിൽ വിതരണം ചെയ്യുന്ന കുടിവെള്ളം ആർക്കും പരിശോധിക്കാൻ കഴിയില്ലേയെന്ന ആശങ്കയാണ് ഈ വിധി ഉയർത്തുന്നത്. ടാങ്കറിലെ വെള്ളം നിലവാര പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുന്ന തരത്തിൽ നിയമ നിർമ്മാണം അനിവാര്യമാണെന്ന വാദവും ഈ വിധി ചർച്ചയാക്കുന്നുണ്ട്.