- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് നിന്ന്; ഒളിവിൽ പോയ നാസർ പിടിയിലായത് മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതിനിടെ; ശ്രമം പാളിയത് സഹോദരനും കൂട്ടുകാരും കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ ആയതോടെ; അൽപസമയത്തിനകം താനൂർ സ്റ്റേഷനിൽ എത്തിക്കും; ജീവനക്കാരെ പിടികൂടാൻ തിരച്ചിൽ തുടരുന്നു
മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അൽപസമയത്തിനകം പ്രതിയെ താനൂർ സ്റ്റേഷനിൽ എത്തിക്കും. അപകടത്തിനു പിന്നാലെ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസർ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നിൽ മുൻകൂർ ജാമ്യം നേടാനായിരുന്നു നീക്കം.
നാസറിന്റെ കാറ് കൊച്ചിയിൽ, വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയിരുന്നു. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. സഹോദരനും അയൽക്കാരനുമല്ലാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരും കസ്റ്റഡിയിലായി. കൊച്ചിയിൽ, പാലാരിവട്ടം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. നാസറിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്.
ഇന്നലെ രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്.
നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പെട്ട ബോട്ടിന് ഇൻലാൻഡ് നാവിഗേഷൻ, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസൻസുണ്ട്.
എന്നാൽ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് മത്സ്യ തൊഴിലാളികൾ നൽകുന്ന സൂചന. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് നില ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് തന്നെ ബോട്ട് സർവീസിനിറക്കി. അനുവദനീയമായതിന്റെ ഇരട്ടിയോളം പേരെയാണ് അപകടം നടന്ന സമയം യാത്രചെയ്യാൻ അനുവദിച്ചത്. ആകെ എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ ഇപ്പോഴും ധാരണയില്ല.
അതേസമയം,ബോട്ട് ദുരന്തത്തിലേക്ക് നയിച്ച അറ്റ്ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് പുറത്തുവന്നു. യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്കാണെന്നും സർവെ റിപ്പോർട്ടിലുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ബോട്ട് നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.
മറുനാടന് മലയാളി ബ്യൂറോ