- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുടമയുടെ സഹോദരനും അയൽവാസിയും പിടിയിൽ; നാസറിന്റെ കാറും ഫോണും കസ്റ്റഡിയിൽ; പിടിയിലായതുകൊച്ചിയിൽ; നാസർ ഒളിവിൽ തുടരുന്നു; നരഹത്യക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബോട്ട് സർവീസിന് ഇറക്കിയത് രജിസ്ട്രേഷൻ പൂർത്തിയാകും മുമ്പേ; നിർമ്മാണത്തിന് അനുമതി വാങ്ങിയില്ലെന്നും സർവെ സർട്ടിഫിക്കറ്റിൽ
കൊച്ചി: താനൂർ ഒട്ടുപുറം തൂവൽതീരത്ത്, 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ, പ്രതിയായ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ കാറ് വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.സഹോദരനും അയൽക്കാരനുമല്ലാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരും കസ്റ്റഡിയിലായി. കൊച്ചിയിൽ, പാലാരിവട്ടം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു.
നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
നാസർ എറണാകുളം ജില്ലയിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പെട്ട ബോട്ടിന് ഇൻലാൻഡ് നാവിഗേഷൻ, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസൻസുണ്ട്.
എന്നാൽ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് മത്സ്യ തൊഴിലാളികൾ നൽകുന്ന സൂചന. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് നില ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് തന്നെ ബോട്ട് സർവീസിനിറക്കി. അനുവദനീയമായതിന്റെ ഇരട്ടിയോളം പേരെയാണ് അപകടം നടന്ന സമയം യാത്രചെയ്യാൻ അനുവദിച്ചത്. ആകെ എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ ഇപ്പോഴും ധാരണയില്ല.
അതേസമയം,ബോട്ട് ദുരന്തത്തിലേക്ക് നയിച്ച അറ്റ്ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് പുറത്തുവന്നു. യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്കാണെന്നും സർവെ റിപ്പോർട്ടിലുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ബോട്ട് നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.
22 പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ