മലപ്പുറം: താനൂർ ഒട്ടുപുറം തൂവൽതീരത്ത് വിനോദ സഞ്ചാരത്തിനായി പോയ ബോട്ട് അപകടത്തിൽ പെടുമ്പോൾ, സഞ്ചാരികളായി ഉണ്ടായിരുന്നത് 37 പേർ. 22 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ ഒരുകുടുംബത്തിലെ 12 പേരും ഉൾപ്പെടുന്നു. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ 10 പേരിൽ, നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ദുരന്തത്തിൽ 15 കുട്ടികളാണ് മരിച്ചത്. ഇതിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതിൽ ഭൂരിഭാഗവും. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു.
തിരൂരങ്ങാടി താലൂക്കിൽപ്പെട്ട 16 പേരാണ് ദുരന്തത്തിൽ മരിച്ചത്.

അതിനിടെ, കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല.

ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായുള്ള കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ദിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38), നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്‌നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര) എന്നിവരും അപകടത്തിൽ മരിച്ചു.

അതേസമയം,ബോട്ട് ദുരന്തത്തിലേക്ക് നയിച്ച അറ്റ്ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് പുറത്തുവന്നു. യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്കാണെന്നും സർവെ റിപ്പോർട്ടിലുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ബോട്ട് നിർമ്മിക്കുന്നതിന്അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.