മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സർവീസ് നടത്തിയിരുന്നത് ഉദ്യോഗസ്ഥതലത്തിലെ സ്വാധീനം ഉപയോഗിച്ചാണെന്ന് വ്യക്തമായി. ബോട്ട് നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് തന്നെ ബോട്ട് സർവീസിനിറക്കിയെന്നും അടക്കം നിരവധി ക്രമക്കേടുകൾ പുറത്തുവന്നു. ഇതിനൊപ്പം ബോട്ട് ഉടമ നാസർ തന്റെ സ്വാധീനം ഉപയോഗിച്ച് ചട്ടവിരുദ്ധമായി ബോട്ട് സർവീസ് നടത്തുകയായിരുന്നു എന്നതിനും തെളിവുകളുണ്ട്. ചട്ടം ലംഘിച്ച് നിർമ്മിച്ച ബോട്ടിന്, 10,000 രൂപ പിഴ ഈടാക്കി സർവീസ് നടത്താൻ അനുമതി നൽകിയെന്നാണു വിവരം. മാരിടൈം ബോർഡ് സിഇഒ ആണ് ഇതിനു നിർദ്ദേശം നൽകിയത്.

ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്നാണ് സ്ഥലത്തെ മത്സ്യ തൊഴിലാളികൾ സൂചന
നൽകിയിരുന്നു. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് നില ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ചട്ടപ്രകാരം ബോട്ട് നിർമ്മിക്കുന്നതിനുള്ള അനുമതി വാങ്ങാതെയാണ് നാസർ ബോട്ട് നിർമ്മിച്ചത്. ഇതു റഗുലറൈസ് ചെയ്യാനാണ് ക്രമപ്പെടുത്താൻ) മാരിടൈം ബോർഡ് സിഇഒ ഇടപെട്ടത്.

ബോട്ടുകൾക്ക് അനുമതി നൽകുന്ന തുറമുഖ വകുപ്പിനു കീഴിലുള്ള രജിസ്റ്ററിങ് അഥോറിറ്റിയുടെ അധ്യക്ഷനും ആലപ്പുഴ പോർട്ട് ഓഫിസർക്കും മാരിടൈം ബോർഡ് സിഇഒ ഫെബ്രുവരി 28ന് കത്തയച്ചിരുന്നു.

'ശ്രീ നാസർ പി. താനൂർ, മലപ്പുറം എന്ന വ്യക്തിയുടെ ബോട്ട് നിയമപ്രകാരം പണിയുന്നതിനു മുൻപായി ഫോം നമ്പർ വൺ അപേക്ഷാ ഫീസ് അടച്ച് മുൻകൂർ നിർമ്മാണ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ അപേക്ഷകൻ ഫോം നമ്പർ ഒന്ന് അപേക്ഷാ ഫീസ് അടയ്ക്കാതെ മുൻകൂർ നിർമ്മാണ അനുമതി വാങ്ങാതെയാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഇൻലാൻഡ് വെസൽ ആക്ട് 2021 സെക്ഷൻ 87 (2) പ്രകാരം ഇത്തരത്തിൽ ബോട്ട് പണിയുകയാണെങ്കിൽ 10,000 രൂപ പിഴയീടാക്കാൻ വ്യവസ്ഥയുണ്ട്. ആക്ട് നാല്, 2021 പ്രകാരമുള്ള പിഴയീടാക്കി പ്രസ്തുത ബോട്ടിന്റെ സ്റ്റബിലിറ്റി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ സർവേ ചെയ്യുന്ന സമയത്ത് പരിശോധിച്ച് റജിസ്‌ട്രേഷൻ നൽകാനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുന്നു' വെന്നാണ് സിഇഒ ടി.പി. സലിം കുമാർ തന്റെ കത്തിൽ എഴുതിയത്.

അതേസമയം,ബോട്ട് ദുരന്തത്തിലേക്ക് നയിച്ച അറ്റ്ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് പുറത്തുവന്നു. യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്കാണെന്നും സർവെ റിപ്പോർട്ടിലുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ബോട്ട് നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.