കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അന്വേഷണസംഘത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷിച്ചു. കോടതിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴാണ് വിശദാംശങ്ങള്‍ വ്യക്തമായത്.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍

ക്ഷേത്രത്തിലെ പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയുള്ളത്. എന്നാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിലോ, ശില്‍പ്പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണ്ണം പൂശുന്ന പ്രവൃത്തിയിലോ തന്ത്രിക്ക് ഭരണപരമായ പങ്കില്ല. ഇത് പൂജാവിധിയുടെയോ ആചാരത്തിന്റെയോ ഭാഗമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2019-ലെ മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല എന്ന വസ്തുത ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന എസ്‌ഐടി-യുടെ വാദം ശരിവെക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

എസ്‌ഐടിയുടെ വാദങ്ങളും കോടതിയുടെ മറുപടിയും

തന്ത്രിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ മുഖ്യവാദം. എന്നാല്‍, തന്ത്രിയുടെ പങ്കിന് വ്യക്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്ന് വാദിച്ചെങ്കിലും,മഹസറുകളില്‍ തന്ത്രിയുടെ ഒപ്പില്ലാത്തത് ആ വാദത്തെ ദുര്‍ബലമാക്കി.

അറ്റകുറ്റപ്പണികള്‍ തന്ത്രിയുടെ അറിവോടെയാണെന്ന വാദത്തിന് അതു ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണെന്നാണ് കോടതി വിലയിരുത്തിയത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് കഴിയില്ലെന്നും, ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ സംരക്ഷണത്തില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യ വ്യവസ്ഥകള്‍

കര്‍ശനമായ ഉപാധികളോടെയാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുപോകാന്‍ പാടില്ല. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്ന പ്രതിഭാഗം അഭിഭാഷകരായ രാമന്‍പിള്ളയുടെയും സുജേഷ് മേനോന്റെയും വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ഈ വിധി കേസില്‍ തന്ത്രിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.