- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കി; അപകടത്തിൽപെട്ട ബോട്ടിനു റജിസ്‌ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല; വിനോദ സഞ്ചാര മേഖലയിലെ നിയമ ലംഘനം ടൂറിസം വകുപ്പ് കണ്ണടച്ചു; പരാതി പറഞ്ഞിട്ടും തുറമുഖ വകുപ്പ് അനങ്ങിയില്ല; 22 പേരുടെ ജീവനെടുത്തത് ഈ അനാസ്ഥ; താനൂരിൽ യഥാർത്ഥ പ്രതി സർക്കാർ
മലപ്പുറം: മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയും കേരളത്തിൽ ഓടിക്കാം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ പോലും വേണ്ട. അനാസ്ഥ കൊണ്ടു വിളിച്ചുവരുത്തിയ ദുരന്തമെന്നു വ്യക്തമായ താനൂർ ബോട്ടപകടമെന്ന് വ്യക്തമാകാൻ ഇതിന് അപ്പുറം ഒന്നും വേണ്ട. വിനോദ സഞ്ചാര മേഖലയാണ് ഇത്. ഇവിടെയാണ് ഇങ്ങനെയുള്ള വള്ളം സഞ്ചാരികളുമായി ചീറി പാഞ്ഞത്. എന്നിട്ടും ടൂറിസം വകുപ്പ് അറിഞ്ഞില്ല. ബോട്ടിന് അനുമതി കൊടുത്ത തുറമുഖ വകുപ്പിനൊപ്പം ടൂറിസം വകുപ്പും ഈ കൂട്ടകുരുതിക്ക് ഉത്തരവാദികളാകുന്നത് അതുകൊണ്ടാണ്.
അപകടത്തിൽപെട്ട ബോട്ടിനു റജിസ്‌ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ റജിസ്‌ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതൊന്നും വിനോദ സഞ്ചാര മേഖലയിലുണ്ടായിരുന്ന ടൂറിസം വകുപ്പും അറിഞ്ഞില്ല. പൊലീസിന് നാട്ടുകാർ പരാതി നൽകിയിരുന്നു. അതും പൂഴ്‌ത്തി. അതിന് ശേഷം ബോട്ട് ഓടിക്കുകയും ചെയ്തു.
മാർച്ച് 23നു കുസാറ്റ് ഷിപ് ടെക്‌നോളജി വിഭാഗം ബോട്ടിനു സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ആലപ്പുഴ പോർട്ട് ചീഫ് സർവേയറുടെ പരിശോധനയ്ക്കുശേഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭിച്ചു. എന്നാൽ, തുറമുഖ വകുപ്പിന്റെ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് ഏപ്രിൽ 22നു സർവീസ് തുടങ്ങി. ഇതിന്റെ 16ാം ദിവസമാണു ദുരന്തം സംഭവിച്ചത്. ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാനാണു സാധ്യത. ലൈസൻസ് ഇല്ലാത്ത ബോട്ട് ഓടിയിട്ടും എന്തുകൊണ്ട് ടൂറിസം വകുപ്പ് അറിഞ്ഞില്ലെന്നതാണ് ഉയരുന്ന ചോദ്യം.
സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിനോദയാത്രാ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ 22 പേരാണു മരിച്ചത്. അന്വേഷണ സമിതിയിൽ സാങ്കേതിക വിദഗ്ധരുമുണ്ടാകും. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. മലപ്പുറം എസ്‌പി എസ്.സുജിത് ദാസ് മേൽനോട്ടം വഹിക്കും. ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ഇതിന്റെ കരുത്തിലാണ് ഫൈബർ വള്ളത്തെ ടൂറിസ്റ്റ് ബോട്ടാക്കിയത്.
എല്ലാം അറിഞ്ഞിട്ടും തുറമുഖ വകുപ്പും അനങ്ങിയില്ല
ബോട്ടുടമ നാസർ നേരത്തേ ഇതേ സ്ഥലത്ത് ബോട്ട് സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പൊന്നാനി കോസ്റ്റൽ പൊലീസ് റിപ്പോർട്ട് നൽകി. അനധികൃത സർവീസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ഉല്ലാസ ബോട്ട് നടത്തിപ്പുകാരും പലതവണ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകി.
നടപടിയുണ്ടായില്ല. ബോട്ടപകട സാധ്യതയുണ്ടെന്നു ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഫെബ്രുവരിയിൽ മുന്നറിയിപ്പു നൽകിയതും അവഗണിക്കപ്പെട്ടു. പല ബോട്ടുകളും അനുമതിയില്ലാതെയാണ് സർവീസ് നടത്തുന്നതെന്നു ജില്ലാ വികസനസമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. ഉല്ലാസ ബോട്ടുകളുടെ നിയമലംഘനങ്ങളിൽ നടപടിയെടുക്കേണ്ടത് തുറമുഖ വകുപ്പാണ്. പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ഒന്നും ചെയ്തില്ല.
മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷനൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകം കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദ്ദേശംനൽകി. ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സർവീസ് തുടങ്ങി. ആദ്യം അപേക്ഷനൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.
മരിച്ചവരിൽ 15 പേരും 18 വയസ്സിൽ താഴെയുള്ളവരാണ്. എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിലെത്തിയ നാവികസേനാ സംഘവും അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ് സംഘവും തിങ്കളാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആരെയും കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിട്ടുമില്ല. മൃതദേഹങ്ങൾ അതതു സ്ഥലത്തെ പള്ളി കബറിസ്ഥാനിൽ കബറടക്കി.
ബോട്ടുടമയ്ക്ക് നരഹത്യാ കുറ്റം
നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്. പരപ്പനങ്ങാടിതാനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. രാത്രി പന്ത്രണ്ടരയോടെ അവസാന മൃതദേഹവും കണ്ടെത്തി. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
ജീവനക്കാർ ഉൾപ്പെടെ 26 പേർക്കു യാത്ര ചെയ്യാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പെടെ 22 പേർക്കാണു യാത്രാനുമതിയുള്ളത്. 39 പേരെങ്കിലും ബോട്ടിലുണ്ടായിരുന്നു. ഇതാണ് അപകടമുണ്ടാക്കിയത്.8 വയസ്സുകാരനെ കാണാനില്ലെന്ന സംശയത്തിൽ നാവികസേനയും തീരസേനയും ഉൾപ്പെടെ ഇന്നലെ തിരച്ചിൽ തുടർന്നെങ്കിലും കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടെന്നു പിന്നീടറിഞ്ഞു. മറ്റാരെക്കുറിച്ചും പരാതി കിട്ടാത്തതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു.
രാവിലെ 10 മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. എല്ലാവരുടെയും സംസ്‌കാരം നടത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും റിപ്പോർട്ട് തേടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 2 ലക്ഷം വീതം സഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സച്ചെലവ് പൂർണമായി സംസ്ഥാന സർക്കാർ വഹിക്കും.
മറുനാടന് മലയാളി ബ്യൂറോ