- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണപ്പുറത്തെ ഇഡി റെയ്ഡ് വാർത്തയാക്കാത്തവർ പോലും താനൂരിലെ ഇടപെടൽ ചർച്ചയാക്കി; തൂവൽതീരത്തെ ഇരകളുടെ ആശ്രിതർക്ക് മണപ്പുറം പ്രഖ്യാപിക്കുന്നത് സർക്കാർ സഹായമായി നൽകുന്ന അതേ പത്ത് ലക്ഷം; ഓഹരിയിൽ കുതിക്കാൻ ബോട്ട് ദുരന്തത്തിൽ അതിവേഗ ഇടപെടൽ; റെയ്ഡ് ക്ഷീണം മാറ്റാൻ മണപ്പുറം ഫിനാൻസ് എത്തുമ്പോൾ
തൃശ്ശൂർ: വലപ്പാട് നിന്ന് രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ താനൂരിൽ എത്താം. അതുകൊണ്ട് തന്നെ താനൂരിൽ അതിവേഗ ഇടപെടലാണ് മണപ്പുറം ഫിനാൻസ് നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡും ആസ്തി കണ്ടു കെട്ടലുമൊന്നും ബാധിച്ചില്ലെന്ന് അറിയിക്കുകായണ് മണപ്പുറം. മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ ആശ്രിതർക്ക് 10 ലക്ഷംരൂപ കൈമാറുമെന്ന് മണപ്പുറം ഫിനാൻസ് എം.ഡി.യും സിഇഒ.യുമായ വി.പി. നന്ദകുമാർ അറിയിച്ചു. ദുരന്തത്തിൽ അതീവദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അനുശോചനവും അറിയിച്ചു. മണപ്പുറത്തെ ഇഡി റെയ്ഡ് വാർത്തയാക്കത്തവർ പോലും ഈ സഹായം പ്രാധാന്യത്തോടെ നൽകി.
മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. അത്രയും തുക മണപ്പുറവും നൽകുന്നു. പണ്ട് പല ദുരന്തങ്ങളിലും ഇരകൾക്ക് ആശ്വാസവുമായി ശത കോടീശ്വരർ വാർത്തകളിൽ എത്താറുണ്ട്. എംഎ യൂസഫലിയെ പോലുള്ളവരുടെ സഹായങ്ങൾ അത്തരത്തിൽ ചർച്ചകളിലും എത്തി. താനൂർ ദുരന്തത്തിൽ മറ്റാരെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിന് മുമ്പ് മണപ്പുറം ആശ്വാസവുമായി എത്തുന്നുവെന്നതും നിർണ്ണായകമാണ്. ഇഡി റെയ്ഡ് തങ്ങളുടെ ബിസിനസ്സിനെ ബാധിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന പി ആർ തന്ത്രം കൂടിയാണ് ഈ പ്രഖ്യാപനം. ഇത് ഓഹരി വിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
മണപ്പുറം ഫിനാൻസ് ഓഹരികൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമാണിത്. മണപ്പുറം ഫിനാൻസിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടക്കുകയും, കമ്പനി എംഡി വി.പി നന്ദകുമാറിന്റെ 143 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കമ്പനിയുടെ ഓഹരിവിലകളിൽ ഇടിവ് നേരിട്ടിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണം വന്നതിനു ശേഷം ഓഹരിവില കുതിച്ചുയരുന്ന കാഴ്‌ച്ചയും കണ്ടു. ഈ സാഹചര്യത്തിലാണ് ചർച്ചകളിൽ സജീവമായി തുടരാൻ താനൂരിലെ മണപ്പുറത്തിന്റെ ഇടപെടൽ.
ഇഡിയുടെ അന്വേഷണം, 10 വർഷം മുമ്പത്തൈ പ്രൊപൈറ്റർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് എംഡി വി.പി നന്ദകുമാർ വിശദീകരണം നൽകിയിരുന്നു. കമ്പനിയിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇല്ല. നിലവിലെ പ്രശ്‌നത്തിന് നിയമപരമായ രീതിയിൽ പരിഹാരം കാണാൻ കമ്പനി ശ്രമിക്കുകയാണ്. ഇഡിയുടെ അന്വേഷണം മണപ്പുറം ഫിനാൻസിനെയോ, കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക രംഗത്ത് വിവിധ സേവനങ്ങൾ നൽകുന്ന ഒരു നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയാണ് (എൻബിഎഫ്‌സി) മണപ്പുറം ഫിനാൻസ്. സ്വർണവായ്പ, മണി എക്‌സ്‌ചേഞ്ച് സൗകര്യങ്ങൾ, വിവിധതരം ആവശ്യങ്ങൾക്കുള്ള വായ്പകൾ തുടങ്ങിയവയെല്ലാം കമ്പനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു. തൃശൂരിലെ വലപ്പാട് കേന്ദ്രീകരിച്ചാണ് മണപ്പുറത്തിന്റെ പ്രവർത്തനം.
ഇഡി ഉദ്യോഗസ്ഥർ മണപ്പുറം സ്ഥാപനങ്ങളിലെത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നൽകിയ വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ടാണെന്നും വി പി നന്ദകുമാർ വിശദീകരിച്ചിരുന്നു. തനിക്കെതിരെ വിദ്വേഷമുള്ള വ്യക്തിയാണ് പരാതിക്കാരനെന്നും ഈ കേസ് ഇപ്പോൾ പ്രവർത്തനരഹിതമായ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു പരാതി.
2012 ഫെബ്രുവരി ഒന്ന് വരെ ഈ സ്ഥാപനം 143.85 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന് 143.76 കോടി രൂപ നിക്ഷേപകർക്കും തിരികെ നൽകി. ബാക്കിയുള്ളത് ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 9.25 ലക്ഷം രൂപ മാത്രമാണ്. ഇത് പഞ്ചാബ് നാഷനൽ ബാങ്കിലെ ഒരു എസ്‌ക്രോ (മൂന്നാം കക്ഷി ഇടനില) അക്കൗണ്ടിൽ തന്നെ ഉണ്ട്. അവകാശികളായ നിക്ഷേപകർക്ക് ഈ അക്കൗണ്ട് മുഖേനയാണ് നിക്ഷേപം തിരിച്ചു നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ