മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ. താനൂരിൽ നിന്നാണ് ദിനേശൻ പൊലീസിന്റെ പിടിയിലായായത്. ബോട്ടുമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും. അതിനിടെയാണ് സ്രാങ്കിന്റെ അറസ്റ്റ്. ബോട്ടിന് ലൈസൻസ് ഇല്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ബോട്ടിന്റെ സഹായിയെ പിടിക്കാനുണ്ട്. സ്രാങ്കിനും ലൈസൻസ് ഇല്ല. ഇനി സഹായിയായ രാജനെയാണ് പിടികൂടാനുള്ളത്.

ബോട്ടപകടത്തിൽ 22 ജീവനുകൾ നഷ്ടമാകാനിടയായ സാഹചര്യത്തെക്കുറിച്ച് ജൂഡീഷൽ അന്വേഷണക്കമ്മീഷനെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ സർക്കാർ പ്രഖ്യാപിച്ചേക്കും. ബോട്ട് ദുരന്തത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടത്തുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അന്വേഷണക്കമ്മീഷനെയാകും പ്രഖ്യാപിക്കാൻ സാധ്യത. കമ്മീഷനിൽ സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തും. ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളും (ടേംസ് ഓഫ് റഫറൻസ്) പ്രഖ്യാപിച്ചേക്കും.

ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കാത്തതും ഏറെ ചർച്ചയായിട്ടുണ്ട്. ദുരന്തത്തിനിരയായ ബോട്ടുടമയുമായി ഭരണത്തിലെ ഒരു ഉന്നതന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ ഉന്നതന്റെ തണലിലാണ് നിരവധി പരാതി ഉയർന്നിട്ടും അനധികൃതമായി ബോട്ടിന് സർവീസ് നടത്താൻ ഒത്താശ ചെയ്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജല ദുരന്തത്തിനു സാധ്യതയുണ്ടെന്ന നിരവധി റിപ്പോർട്ടുകളുണ്ടായിട്ടും സർക്കാർ തലത്തിൽ നടപടിയെടുക്കാതിരുന്നതും ഏറെ ദുരൂഹമാണ്.

താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് നാസറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ നാസർ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും പൊലീസ് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തിൽ എന്തൊക്കെ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരണം.

ഇതിനായി നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം അപേക്ഷ നൽകും. നാസറിന് ഒളിവിൽ പോകാൻ കൂടുതൽ പേർ സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവിൽ പോകാൻ സഹായം നൽകിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ചയിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തു വന്നു. ആളുകൾ മരിക്കുമ്പോൾ മാത്രമാണ് ബോട്ടുകളിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അല്ലാത്തപ്പോൾ പരിശോധന നടക്കാറില്ല. ഇനിയും 25 പേർ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് കല്യാശേരി നിയോജകമണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഇപ്പോഴാണെങ്കിൽ ഒരുപാട് ബോട്ടുണ്ട്. എല്ലാത്തിനും ലൈസൻസുണ്ടോയെന്നൊന്നും പറയാനാവില്ല. കാരണം ഇങ്ങനെയുള്ള സംഭവങ്ങൾ വരുമ്പോൾ മാത്രമാണ് നോക്കാൻ പുറപ്പെടുക. ഇല്ലെങ്കിൽ നോക്കൂല. ഇനി ഇപ്പം ഒരു പത്തിരുപത്തിയഞ്ച് ആൾ മരിക്കുന്ന ഒരു സംഭവം വരുമ്പോൾ ആദ്യം വീണ്ടും നോക്കാൻ തുടങ്ങും. അതുവരെ ഒരുനോട്ടവും ഉണ്ടാകില്ല- ഗോവിന്ദൻ കൂട്ടിച്ചേർത്തു.