താനൂർ: മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം അതിവേഗം പൂർത്തിയായി ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. 22 പേരുടെ പോസ്റ്റ് മോർട്ടമാണ് നാല് മണിക്കൂറിനുള്ള പൂർത്തിയാക്കിയത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ എത്തി.

രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തി. മന്ത്രി വീണാ ജോർജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. ഞായർ രാത്രി ഏഴരയോടെയാണ് അപകടം.

രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ് ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല. തൂവൽതീരത്തുനിന്ന് പുറപ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് 700 മീറ്റർ അകലെയാണ് മറിഞ്ഞത്. താനൂർ സ്വദേശി നാസറാണ് ഉടമ. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞു. യാത്രക്കാർ അടിയിൽപ്പെട്ടു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ബോട്ടിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്തതയില്ല. അഞ്ചുപേർ ടിക്കറ്റ് എടുത്തെങ്കിലും ബോട്ടിൽ കയറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരാണുള്ളത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. അഞ്ചുപേർ നീന്തിക്കയറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

അതേസമയം, കാണാതായവരെ കുറിച്ച് ജനം വിവരം അറിയിക്കണമെന്ന് ദുരന്ത സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര് ബോട്ടിൽ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും ബോട്ട് സർവീസുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.