- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുലക്ഷം മുടക്കി റോഡ് റീടാർ ചെയ്തു; ഇരുട്ടി നേരം വെളുത്തപ്പോൾ നൂറു മീറ്റർ ഭാഗത്ത് ടാർ കാണാനില്ല; സാമ്പിൾ പരിശോധനയുടെ ഫലം കണ്ട് ഞെട്ടി എഞ്ചിനീയർമാർ; ടാർ ഉരുകുന്ന ദ്രാവക പ്രയോഗത്തിൽ സർക്കാരിന് നഷ്ടമായത് ലക്ഷങ്ങൾ; സംഭവം കിളിമാനൂരിൽ
കിളിമാനൂർ: റീടാർ ചെയ്ത റോഡിൽ സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ വിനിയോഗിച്ച് കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ തകർന്നു കിടന്ന ചൂട്ടയിൽ വലിയവിള റോഡ് ഇക്കഴിഞ്ഞ ഒക്ടോബർ 10 ന് റീടാർ ചെയ്ത് പണി പൂർത്തിയാക്കിയിരുന്നു.
പിറ്റേ ദിവസം നേരം വെളുത്തപ്പോൾ കണ്ടത് റോഡിന്റെ നൂറു മീറ്ററോളം ദൂരത്തിൽ പലയിടത്തായി ടാറും മെറ്റലും ഇളകിപ്പോയ നിലയിൽ. ഇതോടെ റീടാറിംങിൽ അഴിമതി ആരോപിച്ച് നാട്ടുകാർ പ്രതിഷേധം തുടങ്ങി. എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കേടായ ഭാഗങ്ങളിൽ ഏതോ ദ്രാവകം ഒഴിച്ചതായി പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
തുടർന്ന് റോഡ് പൊളിഞ്ഞു പോയ ഭാഗത്തു നിന്നും കേടാകാത്ത ഭാഗത്തു നിന്നും ഒരടി അകലത്തിൽ കോർ കട്ടിങ് ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ട്രാൻസ്‌പോട്ടേഷൻ എഞ്ചിനീയറിഗ് ലാബിലെ പരിശോധനാ ഫലത്തിൽ കേടില്ലാത്ത ഭാഗത്തു ഉള്ളതിനേക്കാൾ ഒരു ശതമാനം ടാർ പൊളിഞ്ഞു പോയ ഭാഗത്തു നിന്നും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇത് ടാർ അലിയിക്കുന്നതിനുള്ള ഏതോ ദ്രാവകം ഒഴിച്ചതാണെന്ന നിഗമനത്തിൽ എഞ്ചിയർമാർ എത്തിച്ചേർന്നു.
റീടാറിംങ് പണികൾ അവസാനിക്കുന്ന ദിവസം പ്രദേശവാസിയായ ഒരു യുവാവ് പ്രവൃത്തികൾ തടസപ്പെടുത്തുകയും മേൽനോട്ടം വഹിച്ചിരുന്ന വനിതാ ഓവർസിയറെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാന്റും ചെയ്തു. ഈ സംഭവ ദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ റോഡിൽ കേടു പാടുകൾ വരുത്തിയത്. ലക്ഷങ്ങൾ ചെലവാക്കി പണികഴിപ്പിക്കുന്ന പൊതു റോഡുകൾ കേടുപാടുകൾ വരുത്തി നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ ആവശ്യപ്പെട്ടു.