- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ 3000 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും; ജോലി നഷ്ടം കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി; ഇലക്ട്രിക് ഫർണസ്സിലേക്ക് മാറുന്നതിനാൽ മാറ്റത്തിന് ബ്രിട്ടീഷ് സർക്കാർ 500 മില്യൻ പൗണ്ട് നൽകുമ്പോൾ 700 മില്യൻ പൗണ്ട് കൈയിൽ നിന്നുമിട്ട് ടാറ്റ
ലണ്ടൻ: വെയ്ൽസ്, പോർട്ട് ടാല്ബോട്ടിലെ ടാറ്റയുടെ കൂറ്റൻ ഉരുക്ക് നിർമ്മാണശാല പൂർണ്ണമായും വൈദ്യൂതികരിക്കപ്പെടുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. ഇതോടെ തുലാസ്സിൽ ആയിരിക്കുന്നത് ഏകദേശം 3,000 ഓളം പേരുടെ തൊഴിലാണ്. ഇപ്പോൾ പ്രവർത്തിച്ചു വരുന്ന രണ്ട് പ്രാഥമിക ഉരുക്കു നിർമ്മാണ ബ്ലാസ്റ്റ് ഫർണസുകളുടെ പ്രവർത്തനം നിർത്തിവെച്ച്, ഇലക്ട്രിക് സ്റ്റീൽ റീസൈക്ലിങ് ഫർണസുകൾ സ്ഥാപിക്കാനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള 1.25 ബില്യൻ പൗണ്ട് നിക്ഷേപം വരുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടു.
ഇതിനായി 500 മില്യൻ പൗണ്ടിന്റെ ധനസഹായം സർക്കാർ നൽകും. ഇലക്ട്രിക് റീസൈക്ലിങ് ഫർണസുകൾ സ്ഥാപിക്കുന്നതോടെ ഉപയോഗിച്ച സ്റ്റീൽ റീസൈക്കിൾ ചെയ്യുകയായിരിക്കും കമ്പനിയുടെ പ്രവർത്തനം. പുതുതായി ഉരുക്ക് നിർമ്മാണം ഉണ്ടാവുകയില്ല. അതിന് റീസൈക്ലിംഗിന് കുറവ് തൊഴിലാളികൾ മതി എന്നതിനാൽ ഏകദേശം 3000 പേരുടെ തൊഴിൽ നഷ്ടപ്പെടും എന്നതിൽ യൂണിയനുകൾ ആശങ്കയുയർത്തുന്നുണ്ട്.
മാത്രമല്ല, റീസൈക്ലിംഗിലൂടെ ഉദ്പാദിപ്പിക്കപ്പെടുന്ന ഉരുക്കിന്റെ ഗുണമേന്മ കുറവായിരിക്കും എന്നതിനാൽ, ട്രോസ്റ്റർ, ലാനെല്ലി എന്നിവിടങ്ങളിലെ ടിൻപ്ലേറ്റ് നിർമ്മാണശാലകളുടെ ഭാവിയും ആശങ്കയുയർത്തുന്നു. ടാറ്റയുടെ പ്രഖ്യാപനത്തോടെ പോർട്ട് ടാല്ബോട്ടിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി തുടരുന്ന പ്രൈമറി സ്റ്റീൽ നിർമ്മാണം അവസാനിക്കുകയാണ്.
റെഗുലേറ്ററി, പ്ലാനിങ് അനുമതി ലഭിച്ചു കഴിഞ്ഞാൽ മൂന്ന് വർഷങ്ങൾക്കുള്ളിൽ പുതിയ ഇലക്ട്രിക് ഫർണസുകൾ പ്രവർത്തനം ആരംഭിക്കും എന്നാണ് കരുതുന്നത്. അതിനായി പ്ലാന്റിന്റെ ഘടനയിലും സമൂല പരിവർത്തനം വരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫർണസുകളുടെ ആയുസ്സ് തീരാറായ സമയമാണെന്നും, കമ്പനി അതുകൊണ്ടു തന്നെ വലിയ വെല്ലുവെളി നേരിടുകയാണെന്നും ടാറ്റ സ്റ്റീൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ടി വി നരേന്ദ്രൻ പറയുന്നു.
അതുകൊണ്ടു തന്നെ പുതിയ പദ്ധതി കമ്പനിക്ക് ഒരു പുത്തൻ ജീവൻ നൽകും. യൂണിയനുകളുമായി ചർച്ചകൾ ചെയ്ത്, തൊഴിലാളികളുമായി ബന്ധപ്പെട്ട ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോർട്ട് ടാൾബോട്ടിൽ നേരിട്ട് 4000 പേർക്കാണ് ടാറ്റ തൊഴിൽ നൽകുന്നത്. തൊഴിലാളികളെ പിരിച്ചു വിടാതെ, കൂടുതൽ ആനുകൂല്യങ്ങൾ നൽകി നേരത്തേയുള്ള റിട്ടയർമെന്റ്, വോളന്ററി റിഡൻസി എന്നിവയ്ക്ക് തൊഴിലാളികളെ പ്രേരിപ്പിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്.




