തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന തൊഴില്‍ നികുതി കുത്തനെ ഉയര്‍ത്തുമ്പോള്‍ പ്രതിഷേധവും ശക്തം. സാധാരണ ബജറ്റിലാണ് ഇത്തരം നികുതി ഉയര്‍ത്താറുള്ളത്. കുറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ നികുതി പരിഷ്‌കാരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ആറാം ധനകാര്യകമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ ധൃതിപിടിച്ച് നടപ്പിലാക്കിയത്. ആറ് മാസത്തെ വരുമാനം കണക്കാക്കി വര്‍ഷം രണ്ടുതവണയാണ് നികുതി അടക്കുന്നത്. തൊഴില്‍ നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

സര്‍ക്കാരിന് പ്രതിസന്ധി മറികടക്കാന്‍ അധിക പണം കണ്ടെത്തണം. ഇതിന് വേണ്ടിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടി കുറയ്ക്കാന്‍ ആലോചനയുണ്ട്. അങ്ങനെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വേണ്ടി കൂടിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ ഫീസുകളും കൂട്ടാനും ആലോചനയുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സേവനത്തിനുള്ള ഫീസും മൂന്നിരട്ടി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ നികുതിയിലെ കൂട്ടലിലും ഖജനാവിന് ആശ്വാസം കണ്ടെത്താനുള്ള നീക്കം.

6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവര്‍ക്ക് നികുതി നിരക്കില്‍ മാറ്റമില്ല. 12,000 മുതല്‍ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120ല്‍ നിന്ന് 320 രൂപയാക്കി. 18,000 മുതല്‍ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. മുന്‍പ് ഇത് 180 രൂപയായിരുന്നു. 30,000 മുതല്‍ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴില്‍ നികുതി ഇനി മുതല്‍ 600 രൂപയാണ് ( മുന്‍പ് 300) . 45,000 മുതല്‍ 99,999 വരെ ഉള്ളവര്‍ക്ക് 750 രൂപയാക്കി (മുന്‍പ് 450). ഒന്നേകാല്‍ ലക്ഷത്തിനുമുകളില്‍ എത്ര ശമ്പളമായാലും ഇപ്പോഴുള്ളതുപോലെ 1250 രൂപ അടച്ചാല്‍മതി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴില്‍നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് 27 വര്‍ഷത്തിനുശേഷമാണ്. കുറഞ്ഞ-ഇടത്തരം വരുമാനക്കാരാണ് കൂടുതലെന്നതിനാല്‍ അവരെയാണ് നികുതിവര്‍ധന കൂടുതല്‍ ബാധിക്കുക. ഒന്നേകാല്‍ ലക്ഷത്തിനുമുകളില്‍ എത്ര ശമ്പളമായാലും ഇപ്പോഴുള്ളതുപോലെ 1250 രൂപ അടച്ചാല്‍മതി.

പരമാവധി വര്‍ധന 300 രൂപയില്‍ കൂടിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൊഴില്‍നികുതി 1250 രൂപയില്‍ കൂട്ടാന്‍ ഭരണഘടനാഭേദഗതി വേണം. അതിനാലാണ് ഈ സ്‌ളാബിലുള്ള നികുതിനിരക്ക് കൂട്ടാത്തത്. 27 വര്‍ഷത്തിനിടെ വിവിധ മേഖലകളില്‍ വരുമാനം വര്‍ധിച്ചിട്ടുണ്ട്. അതനുസരിച്ചാണ് നികുതി പരിഷ്‌കരണവുമെന്നാണ് വിശദീകരണം.