കോഴിക്കോട്: കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ ജീവിതം മാറിമറിയുമെന്ന് കരുതുന്നവര്‍ അറിയുക; സമ്മാനത്തുകയുടെ പകുതിയോളം വിവിധ നികുതികളായി സര്‍ക്കാര്‍ തിരിച്ചെടുക്കും. കൃത്യമായ നികുതി വിവരങ്ങള്‍ അറിയാതെ പണം ചിലവഴിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് പിന്നാലെ ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ എത്തിത്തുടങ്ങി. പലര്‍ക്കും സമ്മാനത്തുകയേക്കാള്‍ വലിയ തുക പിഴയായി അടയ്ക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍.

ഒരു കോടി രൂപ ലോട്ടറി അടിച്ച ഒരാളുടെ കൈയ്യില്‍ യഥാര്‍ത്ഥത്തില്‍ എത്ര രൂപ കിട്ടുമെന്ന് നോക്കാം: ആദ്യം തന്നെ 12 ലക്ഷം രൂപ ഏജന്റിന് പോകും. ബാക്കി 88 ലക്ഷം. ബാക്കിയുള്ള തുകയുടെ 30% നികുതിയായി ലോട്ടറി വകുപ്പ് പിടിക്കും. ഏകദേശം 26.40 ലക്ഷം രൂപ. നികുതിയും കമ്മീഷനും കഴിഞ്ഞ് ലോട്ടറി വകുപ്പ് നല്‍കുന്നത് 61.6 ലക്ഷം രൂപയാണ്. പക്ഷേ, കഥ അവിടെ തീരുന്നില്ല. മറഞ്ഞിരിക്കുന്ന നികുതിക്കെണികള്‍ പിന്നേയും ഉണ്ട്. ലോട്ടറി വകുപ്പ് പണം നല്‍കിയാലും ജേതാവ് നേരിട്ട് അടയ്ക്കേണ്ട ചില തുകകളുണ്ട്: ആരോഗ്യ-വിദ്യാഭ്യാസ സെസ് 4%. അതായത് 4 ശതമാനം സെസ് ആയി നല്‍കണം. കമ്മീഷന്‍ കഴിച്ചുള്ള തുക 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം സര്‍ചാര്‍ജ് കൂടി നല്‍കണം.

ഇവ കൃത്യസമയത്ത് അടയ്ക്കാത്തതാണ് പലരെയും കുരുക്കിലാക്കുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് വലിയ തുക പിഴയും പ്രതിമാസം ഒരു ശതമാനം പലിശയും ആദായനികുതി വകുപ്പ് ചുമത്തുന്നുണ്ട്. പലപ്പോഴും രണ്ട് വര്‍ഷം കഴിയുമ്പോഴാണ് നോട്ടീസ് വരുന്നത്. അപ്പോഴേക്കും പിഴ തുക 100 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ടാകും. ലോട്ടറി കച്ചവടം വഴി ലഭിക്കുന്ന ഭീമമായ തുകയ്ക്ക് പുറമെ, സമ്മാനത്തുകയുടെ വലിയൊരു ഭാഗം നികുതിയായും സെസായും സര്‍ക്കാരിലേക്ക് തന്നെ തിരിച്ചെത്തുന്നു. ചുരുക്കത്തില്‍, ഭാഗ്യം കടാക്ഷിച്ച സാധാരണക്കാരന്‍ നികുതിക്കുരുക്കില്‍പ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് നിറയുകയാണ്.

ഭാഗ്യവാന്മാര്‍ ശ്രദ്ധിക്കാന്‍:

സമ്മാനം ലഭിച്ച വര്‍ഷം നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക.

ലോട്ടറി വകുപ്പ് പിടിച്ച നികുതിക്ക് പുറമെ സെസും സര്‍ചാര്‍ജും അടയ്ക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തുക.

അല്ലെങ്കില്‍ കിട്ടിയ പണം ചിലവാക്കി തീര്‍ക്കുന്നതിനിടയില്‍ ആദായനികുതി വകുപ്പിന്റെ റിക്കവറി നോട്ടീസ് നിങ്ങളെ തേടിയെത്തും.

ലോട്ടറി വകുപ്പ് നികുതി പിടിച്ചല്ലോ എന്ന് കരുതി പലരും ആ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാറില്ല. ഇതാണ് പിന്നീട് വിനയാകുന്നത്. നിശ്ചിത സമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം പലിശയും വലിയ തുക പിഴയും നല്‍കണം. രണ്ടു വര്‍ഷം കഴിഞ്ഞാണ് നോട്ടീസ് വരുന്നതെങ്കില്‍ പിഴ തുക 100 ശതമാനം വരെയായി ഉയര്‍ന്നേക്കാം. അതായത്, സമ്മാനത്തുകയേക്കാള്‍ വലിയൊരു തുക നികുതി വകുപ്പിന് നല്‍കേണ്ടി വരുന്ന അവസ്ഥ.

പല ജേതാക്കളും സാധാരണക്കാരായതിനാല്‍ ഈ നികുതി നിയമങ്ങള്‍ അവര്‍ക്ക് അറിവുണ്ടാകില്ല. പണം കിട്ടിയാലുടന്‍ സ്ഥലം വാങ്ങാനോ വീട് വെക്കാനോ ഉപയോഗിക്കുമ്പോള്‍, പിന്നീട് വരുന്ന ഈ വലിയ നികുതി ബാധ്യത പലരെയും കടക്കെണിയിലാക്കുന്നു.