- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭിന്നശേഷി തസ്തികയിൽ ജോലിക്ക് പ്രവേശിച്ചു; ആറ് ദിവസം കഴിഞ്ഞപ്പോൾ രജിസ്റ്റ്റിൽ ഒപ്പിടേണ്ടെന്ന് നിർദ്ദേശം; ഹാജരിൽ ഒപ്പിടാൻ അനുമതി കിട്ടിയത് 8 മാസങ്ങൾക്ക് ശേഷം; ഒടുവിൽ കാലാവധി കഴിഞ്ഞ സ്‌കൂൾ മാനേജർ നിയമനം നടത്തിയതിനാൽ ഉത്തരവും റദ്ദാക്കി; വ്യാജ നിയമന ഉത്തരവിൽ കുടുക്കി അധ്യാപികയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ
കൊല്ലം: വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നത് പ്രതിയുടെ ഉന്നത ബന്ധങ്ങൾ കാരണമെന്ന് ആരോപണം. കൊല്ലം മാനാമ്പുഴ അജി നിവാസിൽ ആശയുടെ പരാതിയിലാണ് ശൂരനാട് പോലീസ് കേസെടുത്തത്. ശൂരനാട് ടി.കെ.ഡി.എം യു.പി സ്‌കൂളിൽ ഭിന്നശേഷി തസ്തികയിലേക്ക് നിയമനം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയത്. പോരുവഴി പള്ളി പടിഞ്ഞാറ്റതിൽ സലാഹുദീൻ, ലേഖ, സ്‌കൂളിലെ ട്രസ്റ്റീ അംഗങ്ങളായ മറ്റ് രണ്ട് പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. 45 ലക്ഷം രൂപയാണ് പ്രതികൾ നിയമനത്തിന്റെ പേരിൽ കൈപ്പറ്റിയത്. എന്നാൽ കേസെടുത്ത് ഒരു വർഷത്തോളമായിട്ടും പരാതിക്കാരിക്ക് അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
2021ലാണ് നിയമനം വാങ്ങി നൽകാമെന്ന് പറഞ്ഞ് സർക്കാർ സ്‌കൂൾ അധ്യാപികയായ ലേഖ പരാതിക്കാരിയായ ആശയെ സമീപിക്കുന്നത്. ആശയുടെ അയൽവാസി കൂടിയായിരുന്നു ലേഖ. ഇവരാണ് പരാതിക്കാരിയെ അധ്യാപകനായിരുന്ന സലാഹുദീനെ പരിചയപ്പെടുത്തുന്നത്. സ്‌കൂളിലെ നിലവിലെ മാനേജർ അവധിയിലായിരുന്നതിനാൽ സ്‌കൂളിലെ നിയമന കാര്യങ്ങൾ അധ്യാപകനായ സലാഹുദീനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, മുൻപ് നടന്ന അധ്യാപക നിയമനങ്ങൾ സലാഹുദീനാണ് നടത്തിയതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. സലാഹുദീന്റെ മകളെ പഠിപ്പിച്ചിട്ടുണ്ടെന്നും, കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ലേഖ തന്നോട് പറഞ്ഞിരുന്നതായാണ് പരാതിക്കാരി പറയുന്നത്. ലേഖ നൽകിയ ഉറപ്പിന്റെ ബലത്തിലാണ് ആശ നിയമന ആവശ്യവുമായി ബന്ധപ്പെട്ട് സലാഹുദീനെ സമീപിക്കുന്നത്. 45 ലക്ഷം രൂപയാണ് നിയമനത്തിനായി സലാഹുദീൻ ആവശ്യപ്പെട്ടത്.
രണ്ട് തവണകളായാണ് ആശ തുക നൽകുന്നത്. 2021 നവംബറിലാണ് ആദ്യ ഗഡുവായ 25 ലക്ഷം രൂപ നൽകുന്നത്. ബാക്കി തുക ഡിസംബർ മാസത്തിലും നൽകി. വിരമിക്കൽ തസ്തികയാണ് പരാതിക്കാരിക്കായി വാഗ്ദാനം ചെയ്തത്. 2022 ജൂൺ മാസത്തിലായിരുന്നു തസ്തികയിലേക്ക് ഒഴിവുണ്ടായിരുന്നത്. ജൂൺ ഒന്നിനാണ് അധ്യാപികയ്ക്ക് വ്യാജ നിയന ഉത്തരവ് നൽകുന്നത്. ജോലിക്ക് പ്രവേശിച്ച് ആറ് ദിവസത്തോളം ഹാജർ രജിസ്റ്ററിൽ അധ്യാപിക ഒപ്പുവെച്ചിരുന്നു. എന്നാൽ പിന്നീട് രജിസ്റ്ററിൽ ഒപ്പിടേണ്ട എന്ന നിർദ്ദേശം പ്രധാനാധ്യാപിക നൽകുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. കാര്യം അന്വേഷിച്ചപ്പോൾ അധ്യാപികയുടെ നിയന ഉത്തരവുമായി ബന്ധപ്പെട്ട രേഖകൾ സ്‌കൂളിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാൽ അധ്യാപികയുടെ രേഖകൾ സർക്കാരിന്റെ സമന്വയ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തതിനാലാണ് ഹാജറിൽ ഒപ്പിടാൻ കഴിയാത്തതെന്നും, മാനേജരെ ഉടനെ തന്നെ നിയമിക്കുമെന്നും സലാഹുദീൻ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 8 മാസത്തോളമാണ് അധ്യാപിക രജിസ്റ്ററിൽ ഒപ്പിടാതെ സ്‌കൂളിൽ ജോലി ചെയ്തു. ഒടുവിൽ സ്‌കൂളിലെ പ്രധാനാധ്യാപിക അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസരുടെ കാര്യാലയവുമായി ബന്ധപ്പെട്ടാണ് ഈ ദിവസങ്ങളിലെ ഹാജറിൽ ഒപ്പിടാനുള്ള അനുമതി വാങ്ങുന്നത്. എന്നാൽ 2023 ഡിസംബർ മാസത്തിൽ അധ്യാപികയുടെ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന ഉത്തരവ് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ പുറപ്പെടുവിപ്പിച്ചു. ശേഷമാണ് സ്‌കൂളിലെ മാനേജരുടെ കാലാവധി കഴിഞ്ഞാതാണെന്നും അധ്യാപികയ്ക്ക് മനസ്സിലാകുന്നത്. കൂടാതെ നിയമന രേഖകൾ ഒന്നും അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർക്കും ലഭിച്ചിരുന്നില്ല. ഇതോടെയാണ് തനിക്ക് സംഭവിച്ച തട്ടിപ്പിനെ കുറിച്ച് അധ്യാപിക മനസ്സിലാക്കുന്നത്.
അധ്യാപിക നിയമന ഉത്തരവിൽ ഒപ്പിടുന്നതും സ്‌കൂളിലെ ട്രസ്റ്റീ അംഗമായ സുധാമണിയുടെ സാന്നിധ്യത്തിലായിരുന്നു. ഇവരാണ് കേസിലെ മൂന്നാം പ്രതി. 2022-2023 കാലഘട്ടത്തിൽ സ്‌കൂളിന്റെ ബൈലോയ്ക്ക് വിരുദ്ധമായി മാനേജരായി സുധാമണി നിയമന അംഗീകാരം നേടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2022 ഏപ്രിൽ മാസം മുതലുള്ള മാനേജർ നിയമനം സ്‌കൂൾ ബൈലോയ്ക്ക് അനുസൃതമായിട്ടല്ലെന്ന് കണ്ടെത്തിയതിനാൽ റദ്ദാക്കിയിരുന്നു. ജോലി നഷ്ടമായതോടെ നൽകിയ തുക തിരികെ നൽകണമെന്ന ആവശ്യവുമായി നിരവധി തവണ സലാഹുദീനുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. പണം നൽകുന്ന വീഡിയോ അടക്കമുള്ള രേഖകളോടെയാണ് ആശ പോലിസിൽ പരാതി നൽകിയിരുന്നത്. എന്നാൽ കേസിൽ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.