ലണ്ടന്‍: സ്വവര്‍ഗ്ഗ രതി ഒരു പാപമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആശയക്കുഴപ്പത്തിലായ ഒരു കൂട്ടം വ്യക്തികളാണെന്നും കുട്ടികളെ പഠിപ്പിച്ച അധ്യാപികയുടെ ജോലി തെറിച്ചു. അധ്യാപിക ഗ്ലാഡിസ് ലേജറിന്റെ (44) ജോലിയാണ് നഷ്ടമായത്. ജോലിയില്‍ നിന്നും മാറ്റിയതിനെതിരെ അവര്‍ കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ അവരുടെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി.

തൊഴില്‍ ചേര്‍ന്നതല്ല അധ്യാപികയുടെ പ്രവര്‍ത്തനം എന്ന് നിരീക്ഷിച്ചാണ് കോടതി അവരുടെ പരാതി തള്ളിയത്. 2022 ഫെബ്രുവരിയില്‍ ലണ്ടനിലെ ബിഷപ്പ് ജസ്റ്റസ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതപാഠത്തിനിടെയായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. എല്‍ജിബിടിക്യു+ ജീവിതശൈലി പാപമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ വ്യക്തത ഇല്ലാത്തവര്‍ എന്നുമായിരുന്നു ലേജറിന്റെ വാക്കുകള്‍.

പ്രൊഫഷണല്‍ കണ്ടക്റ്റ് പാനല്‍ (പി സി പി), തന്റെ പരാമര്‍ശങ്ങള്‍ ഏത് സാഹചര്യത്തിലാണ് ഉണ്ടായത് എന്ന് വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു 44 കാരിയായ അധ്യാപിക കോടതിയില്‍ വാദിച്ചത്. എന്നാല്‍, തൊഴില്‍ നൈതിക പുലര്‍ത്താത്തതിനോട് ഉള്ള നീതീകരിക്കത്തക്ക സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ് കോടതി പരാതി തള്ളുകയായിരുന്നു.

സൗഹൃദങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് ചര്‍ച്ചക്കിടയിലായിരുന്നു ഗ്ലാഡിസ് ലിഗര്‍ എല്‍ ജി ബി ടി + അത്ര നല്ല കാര്യമല്ല എന്ന് പറഞ്ഞത്. എല്‍ ജി ബി ടി ആശയങ്ങള്‍ക്ക് ദൈവത്തിനേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നും അവര്‍ പറഞ്ഞു. ലിംഗമാറ്റത്തെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്ന (ട്രാന്‍സ്‌ഫോബിക്) പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അത് രേഖപ്പെടുത്തണം എന്ന് അമ്മ പറഞ്ഞതനുസരിച്ച് 11 വയസ്സുള്ള ഒരു കുട്ടി ആയിരുന്നു അധ്യാപികയുടെ പരാമര്‍ശം രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഈ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അധ്യാപികയെ പിരിച്ചു വിട്ടത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, സ്‌കൂളുകളിലെ അധ്യാപകര്‍ വ്യക്തിപരമായ മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണം എന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ പഠനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിദ്യാഭ്യാസവിഭാഗം വ്യക്തമാക്കി. ഇത്തരത്തില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തുന്ന അധ്യാപകര്‍ക്ക് വരുംകാലത്തും ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.