ചെന്നൈ: ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന്റെ പകയില്‍ യു എസില്‍ വിവാഹ മോചന ഹര്‍ജി നല്‍കി ഭാര്യയും ചെന്നൈ പോലീസും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. ടെക് സംരംഭകനായ പ്രസന്ന ശങ്കര്‍ എന്ന യുവാവിന്റെ എക്സ് പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്. സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്റ്റോ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനാണ് പ്രസന്ന ശങ്കര്‍.

വിവാഹമോചനത്തിനും കുട്ടിയെ തിരികെ കിട്ടാനുമായി നിയമപോരാട്ടം നടത്തുന്ന തന്നെ ഭാര്യയും ചെന്നൈ പോലീസും ഉപദ്രവിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഭാര്യ ദിവ്യയുടെ വിവാഹേതരബന്ധം കണ്ടെത്തിയതിന് ശേഷമാണ് തനിക്ക് ദുരനുഭവങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിനകം 86 ലക്ഷത്തിലേറെ പേരാണ് പ്രസന്ന ശങ്കറിന്റെ പോസ്റ്റ് കണ്ടത്. അതേസമയം പ്രസന്ന ശങ്കറിന്റെ ആരോപണങ്ങള്‍ ഭാര്യ ദിവ്യ നിഷേധിച്ചു. നികുതി വെട്ടിക്കാനായി സ്വത്തുക്കള്‍ പിതാവിന്റെ പേരിലേക്ക് മാറ്റിയ ആളാണ് പ്രസന്ന ശങ്കറെന്നും ദിവ്യ ആരോപിച്ചു.

വിവാഹേതരബന്ധം കണ്ടുപിടിച്ചതിന് ശേഷം ജീവനാംശമായി വലിയ തുകയാണ് ഭാര്യ ആവശ്യപ്പെടുന്നതെന്ന് പ്രസന്ന ശങ്കര്‍ പറയുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ മുടങ്ങിയതോടെ ഭാര്യ തനിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ വ്യാജ പരാതി നല്‍കി. കൂടാതെ മുന്‍കൈ നേടാനായി ഇന്ത്യയ്ക്ക് പകരം യുഎസ്സില്‍ വിവാഹമോചന ഹര്‍ജി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

ഒമ്പതുകാരനായ മകനെ ഭാര്യ യുഎസ്സിലേക്ക് കടത്തിക്കൊണ്ടുപോയി. ഇതിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നല്‍കിയിട്ടുണ്ട്. യുഎസ് കോടതി തനിക്ക് അനുകൂലമായാണ് വിധിച്ചത്. ഇതുപ്രകാരം രണ്ട് കക്ഷികളും ധാരണയില്‍ ഒപ്പുവെച്ചു. ധാരണ പ്രകാരം ഒമ്പത് കോടി രൂപ ഭാര്യയ്ക്ക് നല്‍കണം. പ്രതിമാസം 4.3 ലക്ഷം രൂപയും നല്‍കണം. കൂടാതെ മകന്റെ കസ്റ്റഡി രണ്ടുപേര്‍ക്കുമാണെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ധാരണകള്‍ ഭാര്യ ലംഘിച്ചുവെന്നാണ് പ്രസന്ന ശങ്കറിന്റെ ആരോപണം.

ധാരണകള്‍ പാലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഭാര്യ തനിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തന്റെ ഹോട്ടലില്‍ അര്‍ധരാത്രി പോലീസെത്തി. അറസ്റ്റ് ഭയന്ന് താന്‍ മകനേയും കൂട്ടി അവിടെനിന്ന് രക്ഷപ്പെട്ടു.

മകന്‍ സുരക്ഷിതനാണെന്നതിന്റെ തെളിവുകള്‍ കൈമാറുകയും കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്ന് പറയുകയും ചെയ്തിട്ടും പോലീസ് തന്നെ വേട്ടയാടുന്നത് തുടര്‍ന്നു. ചെന്നൈ പോലീസ് ബെംഗളൂരുവിലെ തന്റെ സുഹൃത്തിന്റെ വീട് വാറണ്ടില്ലാതെ പരിശോധിച്ചു. പോലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. യുപിഐ വഴി 200 രൂപ നല്‍കിയ സഹായിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. താമസിച്ച എയര്‍ ബിഎന്‍ബിയിലും പരിശോധന നടത്തി. തന്നെ പിന്തുടര്‍ന്ന ഉപദ്രവിക്കുന്നതിനെ നിയമപരമായി നേരിടുമെന്നും പ്രസന്ന ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസന്ന ശങ്കറിന്റെ ആരോപണങ്ങള്‍ ഭാര്യ ദിവ്യ നിഷേധിച്ചു. സ്വത്ത് പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ പ്രസന്ന ശങ്കര്‍ തന്നെ ഇന്ത്യയിലേക്ക് വരുത്തിയെന്നും പിന്നീട് ഒരാള്‍ വന്ന് തന്റെ മകനെ തട്ടിക്കൊണ്ടുപോയെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും ദിവ്യ പറഞ്ഞു.