ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിൽ ഒന്നായ ഇ​ൻഫോസിസിൽ 9 വർഷത്തോളം ജോലി ചെയ്ത യുവാവ് പങ്കുവെച്ചത് ഞെട്ടിക്കുന്ന അനുഭവങ്ങൾ. ജോലി സമയത്ത് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ടെക് യുവാവ്. ഇ​ൻഫോസിസിലെ തൊഴിൽ അന്തരീക്ഷത്തെ "ചങ്ങലയില്ലാത്ത അടിമത്തം" എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഒമ്പത് വർഷം ജോലി ചെയ്തിട്ടും അവസാനം കമ്പനിയിൽ നിന്ന് ഇറങ്ങുമ്പോൾ തനിക്ക് ശമ്പളമായി ലഭിച്ചത് 35,000 രൂപ മാത്രമാണെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. 2017ൽ ഇൻഫോസിസ് വിട്ട യുവാവ് ഇപ്പോൾ ഇക്കോ​സ്​പേസ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് താൻ 1.7 ലക്ഷം രൂപ സമ്പാദിക്കുന്നതായും അത് തനിക്ക് ഇൻഫോസിസിൽ ലഭിച്ചിരുന്നതിനേക്കാൾ ഏകദേശം 400 ശതമാനം കൂടുതൽ വേദനമാണെന്നും യുവാവ് പറയുന്നു.

നിലവിലെ ജോലിസ്ഥലങ്ങളുമായി ഇൻഫോസിസിനെ താരതമ്യം ചെയ്തുകൊണ്ട് ഇൻഫോസിസിന്റെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ വിമർശിച്ചിരിക്കുകയാണ് യുവാവ്. 2008ൽ തുടക്കക്കാരനായാണ് യുവാവ് ഇൻഫോസിസിൽ ചേരുന്നത്. അന്ന് മറ്റ് കമ്പനികൾ നൽകുന്നതിനേക്കാളും കുറഞ്ഞ ശമ്പളമാണ് ഇൻഫോസിസ് നൽകിയിരുന്നു. അവസാനം 2017ൽ കമ്പനിയിൽ നിന്ന് ഇറങ്ങുമ്പോൾ 35,000 രൂപയായിരുന്നു യുവാവിന്റെ ശമ്പളം. ശമ്പളത്തിന് പുറമേ മറ് ആനുകൂല്യങ്ങളും ഇൻഫോസിസിൽ കുറവായിരുന്നു.

നിലവിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ യാത്രാ സൗകര്യങ്ങളും പാർക്കിംഗും സൗജന്യമാണെന്നും ഇൻഫോസിസിലെ ജീവനക്കാർക്ക് ഈ സേവനങ്ങൾക്ക് സ്വന്തം ചെലവിൽ പണം നൽകേണ്ടിവരുമെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു. ഇൻഫോസിസിൽ ഇതിനായി 3200 രൂപ വരെ കൊടുക്കേണ്ടി വന്നിരുന്നു. നിലവിലെ ജോലി സ്ഥലത്ത് ഒരു ജ്യൂസിന് 15 മുതൽ 20 രൂപ വരെയാണ് വില. ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി ഉള്ളതിനാലാണ് ഇത്. എന്നാൽ, ഇൻഫോസിസിൽ 40 രൂപയാണ് ഈടാക്കിയിരുന്നത്.

ഇൻഫോസിസിലെ സ്ഥാനക്കയറ്റങ്ങളെയും യുവാവ് രൂക്ഷമായി വിമർശിച്ചു. 4ബി മുതൽ 4എ വരെയുള്ള ഉപതലങ്ങളിലുള്ള ജീവനക്കാർക്ക് കമ്പനി സ്ഥാനക്കയറ്റം നൽകും. എന്നാൽ സ്ഥാനക്കയറ്റം ലഭിച്ചാലും വലിയ ശമ്പള വർദ്ധനവ് ഉണ്ടാകില്ലെന്നും യുവാവ് പറയുന്നു. ഉത്തരവാദിത്തങ്ങൾ വർധിക്കുകയും ചെയ്യും. എന്നാൽ ഇതിനു വിപരീതമായി, തന്റെ നിലവിലെ കമ്പനിയിലെ സ്ഥാനക്കയറ്റങ്ങൾക്ക് 15-25 ശതമാനം യഥാർത്ഥ ശമ്പള വർദ്ധനവും അധിക ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. എന്നാൽ, ഇതിനെല്ലാം പുറമേ 90 ദിവസത്തെ നോട്ടീസ് പിരീഡ് കമ്പനി മാറുന്നതിനുള്ള തടസമായി നിലനിൽക്കുന്നുവെന്നും യുവാവ് കുറ്റപ്പെടുത്തുന്നു. ഇൻഫോസിസിൽ വാർഷിക ശമ്പള വർദ്ധനവ് 4-6 ശതമാനം വരെയാണ്. ഐ.ഡി കാർഡ് സ്വയ്പ്പിങ്ങിലൂടെ നിശ്ചിതസമയം ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി ഉറപ്പാക്കുന്നുണ്ട്.

ജീവനക്കാരുടെ ക്ഷേമം അവഗണിക്കുകയും ആനുകൂല്യങ്ങളൊന്നും നൽകാതെ ചെറിയ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയുടെ നടപടിയേയും മുൻ ജീവനക്കാരൻ വിമർശിക്കുന്നുണ്ട്. മാർക്കറ്റ് ട്രെൻഡുകൾക്ക് അനുസൃതമായി ഇടയ്ക്കിടെ ശമ്പളം ക്രമീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും യുവാവ് പറയുന്നുണ്ട്.