തിരുവനന്തപുരം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഇലക്ട്രിക്കല്‍ ജോലികളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സംവിധാനമായ സിവില്‍ - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലബോറട്ടറി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത് സാധാരണക്കാര്‍ക്കും പ്രതീക്ഷയാകും. ടെക്‌നോപാര്‍ക്കിലെ ഫേസ് വണ്‍ കാമ്പസിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുക. വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ അടക്കം കണ്ടെത്താന്‍ ഇതിലൂടെ കഴിയും.

ടെക്‌നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കെട്ടിട നിര്‍മ്മാണ മേഖലയിലെ സഹ-ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ സാങ്കേതിക നിര്‍ദേശം നല്‍കുന്നതിനും എഞ്ചിനീയറിംഗ് ലബോറട്ടറി സഹായകമാകുമെന്നാണ് പ്രതീക്ഷ. ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ലബോറട്ടറി സഹായകരമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ്/നിര്‍മ്മാണ സാമഗ്രികളുടേയും ഇലക്ട്രിക്കല്‍ വസ്തുക്കളുടേയും ഗുണനിലവാര പരിശോധന ലബോറട്ടറിയിലൂടെ സാധ്യമാകും.

ടെക്‌നോപാര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള നിര്‍മ്മാണ കമ്പനികള്‍ക്ക് ഗുണനിലവാരം ഉറപ്പു വരുത്താന്‍ ലബോറട്ടറി സൗകര്യം ഉപയോഗപ്പെടുത്താം. എല്‍ഇഡി ഫിക്ചറുകളുടെയും ഡ്രൈവറുകളുടെയും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം ഇലക്ട്രിക്കല്‍ ലാബിലൂടെ ലഭ്യമാകും. ഇ-മാലിന്യത്തിന്റെ അളവും നിര്‍മ്മാണ ചെലവും ഇതിലൂടെ കുറയ്ക്കാനാകും. സിവില്‍ എഞ്ചിനീയറിംഗ് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ തമ്പി ആര്‍ ഐ എജിഎം (സിവില്‍) യുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുക്കാന്‍ പിടിക്കുന്നത്. അന്‍ഫല്‍ എ (മാനേജര്‍-ഇലക്ട്രിക്കല്‍) യുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ടെസ്റ്റിംഗ് ലബോറട്ടറി പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം ലബോറട്ടറിയുടെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ നിര്‍വഹിച്ചത്. ടെക്‌നോപാര്‍ക്ക് സിഎഫ്ഒ ജയന്തി എല്‍, ജിഎം-പ്രൊജക്ട്‌സ് മാധവന്‍ പ്രവീണ്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കായുള്ള അടിയന്തര ആരോഗ്യ സേവന കേന്ദ്രവും ഫേസ് 3 കാമ്പസിലെ യമുന കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തില്‍ ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായരാണ് ആരോഗ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സേവനം ലഭ്യമാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്കിന്റെ ആംബുലന്‍സ് സേവനവും ഇവിടെ ലഭ്യമാണ്.

ടെക്‌നോപാര്‍ക്ക് ഫേസ് 3 യിലെ ഗംഗ, യമുന, നയാഗ്ര കെട്ടിടങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10000 ത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ അടിയന്തര വൈദ്യസഹായം ഇതിലൂടെ ലഭിക്കും. ഇവിടെയെത്തുന്ന രോഗികളെ ആവശ്യമെങ്കില്‍ ടെക്‌നോപാര്‍ക്ക് കാമ്പസിലെ സഹകരണ ആശുപത്രിയിലേക്കോ മറ്റ് പ്രധാന ആശുപത്രിയിലേക്കോ ഡോക്ടര്‍ റഫര്‍ ചെയ്യും. ഒ.പി. കണ്‍സള്‍ട്ടേഷന്‍, കാഷ്വാലിറ്റി സേവനങ്ങള്‍, ഫിസിയോതെറാപ്പി, മൊബൈല്‍ സാമ്പിള്‍ ശേഖരണ യൂണിറ്റ്, സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍, ആര്‍.ടി.പി.സി.ആര്‍.ടി ഉള്‍പ്പെടെയുള്ള ലാബ് സേവനങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും.


കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ (അഡ്മിനിസ്‌ട്രേഷന്‍) മുരളി ആര്‍, ഇ-ഗവേണന്‍സ് ആന്‍ഡ് ട്രെയിനിംഗ്- ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ് (ഐസിഎഫ്ഒഎസ്എസ്) മേധാവി രാജീവ് ആര്‍ ആര്‍, ടെക്‌നോപാര്‍ക്ക് ഡിജിഎം (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജിഎം (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡിഎസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.