- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാറക്കെട്ടുകള്‍ ഇടിഞ്ഞ ഭാഗത്ത് മലയിടിച്ചിന് സാധ്യത; ടണലിലേക്ക് ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു; തൊഴിലാളികള്‍ കുടുങ്ങിയിട്ട് 72 മണിക്കൂര്‍; നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും
നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കര്‍ണുലില്‍ ശ്രീശൈലം ഇടതുകര കനാല്‍ പദ്ധതിയുടെ (എസ്എല്‍ബിസി) തുരങ്കനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ട് 72 മണിക്കൂര്‍ പിന്നിട്ടു. തുരങ്കത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന് മുന്നറിയിപ്പുണ്ട്. മേല്‍ക്കൂരയുടെ ഭാഗങ്ങളിലൂടെ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാല്‍ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നുണ്ട്.
വീണ്ടും മേല്‍ക്കൂര ഇടിഞ്ഞ് ദുരന്തമുണ്ടാകാന്‍ സാധ്യതയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. പാറക്കെട്ടുകള്‍ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതല്‍ മലയിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. തകര്‍ന്ന മേല്‍ക്കൂരയുടെ ഭാഗങ്ങളിലൂടെ ഇപ്പോഴും വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നുണ്ട്.
ടണലിനകത്തെ വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പുയരുന്നു. ഇന്നലെ ഉച്ച മുതല്‍ വൈകിട്ട് വരെ ഏതാണ്ട് രണ്ട് മീറ്റര്‍ വരെ വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പുയര്‍ന്നു. പാറക്കെട്ടുകള്‍ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതല്‍ മലയിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. മുകളിലെ പാറക്കെട്ടുകള്‍ വീണ്ടും ഇടിഞ്ഞ് താഴെ വീഴാനുള്ള സാധ്യ തള്ളാനാകില്ലെന്ന് ജിഎസ്‌ഐ. അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാഗര്‍കര്‍ണുല്‍ ജില്ലാ കലക്ടര്‍ ബി.സന്തോഷ് അറിയിച്ചു. അവസാന 40 - 50 മീറ്ററിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും മറ്റു ചില ആളുകളുടെയും ഉപദേശങ്ങള്‍ തേടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുന്നൂറ്റിയമ്പതോളം പേരടങ്ങിയ രക്ഷാദൗത്യസംഘമാണ് ടണലിനകത്ത് രാവും പകലുമായി രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ മലയിടിച്ചിലുണ്ടായാല്‍ അത് ഇവരുടെ ജീവന് കൂടി ആപത്താകും. എട്ടു പേര്‍ ടണലില്‍ കുടുങ്ങിയിട്ട് നാലുനാള്‍ ആവുകയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്.
തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.
കുടുങ്ങിക്കിടക്കുന്നവരുടെ അര കിലോമീറ്റര്‍ അടുത്തുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാല്‍ മുന്നോട്ടു നീങ്ങാനാവുന്നില്ല. 2023ല്‍ ഉത്തരാഖണ്ഡിലെ സില്‍ക്കാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്‌സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു തുറന്നുപറഞ്ഞു.
2 എന്‍ജിനീയര്‍മാര്‍, 2 മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, 4 തൊഴിലാളികള്‍ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റര്‍ ഉള്ളില്‍ കുടുങ്ങിയത്. ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികളാണിവര്‍. 25 അടി കനത്തില്‍ ചെളി നിറഞ്ഞ തുരങ്കത്തില്‍ ഇവരുടെ അടുത്തെത്തണമെങ്കില്‍ ഇപ്പോഴത്തെ രീതിയില്‍ 4 ദിവസമെങ്കിലും വേണം. രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
ടണല്‍ കുഴിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ ഭാരമുള്ള കൂറ്റന്‍ യന്ത്രം മണ്ണിടിച്ചിലുണ്ടായപ്പോഴുണ്ടായ ചെളിയുടെ പ്രവാഹത്തില്‍ 200 മീറ്ററോളം അകലേയ്ക്ക് ഒലിച്ചുപോയെന്നു മന്ത്രി പറഞ്ഞു. സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്ക്കൊപ്പം വിവിധ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ടു മന്ത്രിമാരും മേല്‍നോട്ടം വഹിക്കുന്നു.