കൊച്ചി: ചട്ടമ്പി സിനിമാ പ്രൊമോഷൻ പരിപാടിയിൽ, അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ നിർമ്മാതാക്കളുടെ തീരുമാനം. കേസിൽ ഒരു രീതിയിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരിൽ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിളിച്ച് ചർച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയിൽ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവർത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിർമ്മാതാക്കൾ അറിയിച്ചു.

എന്നാൽ സിനിമയിൽ മാതൃക കാട്ടേണ്ടവരിൽ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാൽ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാൽ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. നിലവിൽ ചില സിനിമകളുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂർത്തിയാവാനുണ്ട്. ഇതെല്ലാം പൂർത്തിയായ ശേഷം കുറച്ചുനാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താനാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

നടൻ ഒരു സിനിമയ്ക്കായി കരാറിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാമെന്നും നടൻ സമ്മതിച്ചിട്ടുണ്ട് എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. പൊലീസിന് ലൊക്കേഷനിൽ അടക്കം പരിശോധന നടത്താമെന്നും നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അവതാരക ഫിലിം ചേംബറിനും പരാതി നൽകിയിരുന്നു.'ചട്ടമ്പി' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയിൽ ആരോപിക്കുന്നത്. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

അതേസമയം, അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവ ശേഖരിച്ചു. അഭിമുഖം നടന്ന സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.എന്നാൽ അഭിമുഖം നടന്ന സമയം ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നു എന്ന പരാതി അവതാരകയിൽ നിന്നും ഉണ്ടായിട്ടില്ല.

'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.സംഭവത്തിൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി ശ്രീനാഥിനെ പൊലീസ് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു.

മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.