ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹന വ്യൂഹത്തിന് നേരേ ഭീകരാക്രമണം. സുരാൻകോട്ട് മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മേഖലയിൽ നിന്ന് ഭീകരരെ തുരത്താൻ കൂടുതൽ സൈനികരെ അടിയന്തരമായി എത്തിച്ചു. സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽവച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്കു നേർക്ക് ഭീകരർ വെടിയുതിർത്തത്. സനായിലേക്ക് പോകും വഴി ഷഷിദാറിന് അടുത്തുവച്ചാണ് വെടിവെപ്പുണ്ടായത്.

ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ഉദ്ധംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങൾ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിൾസ് സൈനികർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വെടിയേറ്റ വാഹത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഒരുഡസനോളം ബുളറ്റുകൾ തുളച്ചുകയറിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഭീകരാക്രമണ പരമ്പര തന്നെയുണ്ടായിരുന്നു. ഈ വർഷം ഇതാദ്യമായാണ് വലിയൊരു ഭീകരാക്രമണം ഉണ്ടാകുന്നത്.