- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് ഇ-മെയിൽ സന്ദേശം; ഇൻഡോർ സ്വദേശിയെ പൊക്കി മധ്യപ്രദേശ് പൊലീസ്; പിന്നിൽ ചൈനീസ് വംശജയായ ഭാര്യയെന്ന് യുവാവ്; വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളെന്നും വിശദീകരണം
ന്യൂഡൽഹി: മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നു എന്ന ഇ-മെയിൽ സന്ദേശത്തിന് പിന്നാലെ ഇൻഡോർ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് മധ്യപ്രദേശ് പൊലീസ്. തീവ്രവാദബന്ധം സംശയിച്ചാണ് സ്വദേശിയായ സർഫറാസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്.. ദീർഘകാലം ചൈനയിലായിരുന്ന സർഫറാസ് എന്നയാളാണ് പിടിയിലായത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളുടെ പശ്ചാത്തലവും മറ്റും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ചൈനീസ് വംശജയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയിൽ ജീവിച്ചശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ യുവാവിന് പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും വിവിധ ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അടുത്തിടെ ലഭിച്ച ഇ മെയിൽ സന്ദേശത്തിലാണ് യുവാവിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും നൽകിയ വിവരത്തെ തുടർന്നാണ് സർഫറാസിനെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇൻഡോറിനു സമീപം ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്നയാളാണ് കസ്റ്റഡിയിലുള്ള സർഫറാസ് എന്ന് പൊലീസ് വെളിപ്പെടുത്തി. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഭാഗമായി ചൈനീസ് വംശജയായ ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായ ആരോപണമെന്നാണ് സർഫറാസിന്റെ വിശദീകരണം.
സർഫറാസ് എന്നൊരാൾ മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് ദേശീയ അന്വേഷണ ഏജൻസിക്ക് അടുത്തിടെ ലഭിച്ച സന്ദേശം. തുടർന്ന് എൻഐഎയും മുംബൈ പൊലീസും സർഫറാസിനെ കുറിച്ചുള്ള വിവരങ്ങൾ മധ്യപ്രദേശ് പൊലീസിന് ഇമെയിൽ വഴി കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇൻഡോർ സ്വദേശിയായ സർഫറാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇയാൾ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നും ചൈനയിലേക്ക് യാത്ര നടത്തിയെന്നു തെളിയിക്കുന്ന ഇമിഗ്രേഷൻ സ്റ്റാംപ് പാസ്‌പോർട്ടിൽ ഉണ്ടെന്നുമാണ് വിവരം. 2005 മുതൽ 2018 വരെ ഇയാൾ ചൈനയിലാണ് ജീവിച്ചത്. കുറച്ചു കാലം ഇയോൾ ഹോങ്കോങ്ങിലും ഉണ്ടായിരുന്നതായി പറയുന്നു. ഒരു ചൈനീസ് വംശജയായ സ്ത്രീയേയാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവർ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർഫറാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് താനും ഭാര്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് സർഫറാസ് വിശദീകരിച്ചു. അതിനിടെ ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യമുണ്ടായി. അതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേർന്ന് മെനഞ്ഞെടുത്ത തിരക്കഥയാണിത്. അവരാണ് എൻഐഎയ്ക്ക് വ്യാജ സന്ദേശം അയച്ചതിനു പിന്നിലെന്നും സർഫറാസ് പൊലീസിനോടു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ