സൈബര്‍, സമുദ്ര, ബഹിരാകാശ മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തണംന്യൂഡല്‍ഹി: ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവികതയില്‍ വിശ്വസിക്കുന്ന ശക്തികള്‍ ഭീകരതയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഗ്ലോബല്‍ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ലാവോസില്‍ നടന്ന 19-മത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മാനുഷികമായ സമീപനം, ചര്‍ച്ചകള്‍, നയതന്ത്രം എന്നിവയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് വേണ്ടി സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും. രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയെ മാനിക്കേണ്ടത് ആവശ്യമാണ്. സൈബര്‍, സമുദ്ര, ബഹിരാകാശ മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. യുറേഷ്യയായാലും പശ്ചിമേഷ്യയായാലും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഞാന്‍ ബുദ്ധന്റെ നാട്ടില്‍ നിന്നാണ് വരുന്നത്. ഇത് യുദ്ധകാലമല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍ നിന്ന് ഉണ്ടാകില്ല. പരമാധികാരം, പ്രാദേശിക അഖണ്ഡത, രാജ്യാന്തര നിയമങ്ങള്‍ എന്നിവയെ മാനിക്കേണ്ടതുണ്ട്. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുന്‍ഗണന നല്‍കണം. ഈ ദിശയില്‍ സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും'' പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്നും നരേന്ദ്ര മോദി പറഞ്ഞു. ''ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരമായ വെല്ലുവിളിയാണ്. അതിനെ നേരിടാന്‍, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ശക്തികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. സൈബര്‍, സമുദ്രം, ബഹിരാകാശം എന്നീ മേഖലകളിലെ പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ട്'' മോദി പറഞ്ഞു. ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മില്‍ട്ടന്‍ ചുഴലിക്കാറ്റില്‍ യുഎസില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ലാവോസില്‍ എത്തിയത്. വ്യാഴാഴ്ച നടന്ന 21-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.