ശ്രീനഗർ: അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിലുണ്ടായ ഏറ്റമുട്ടലിനിടെ 'ഹൈബ്രിഡ് ഭീകരൻ' കൊല്ലപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലഷ്‌കറെ തയിബ ഭീകരൻ സജ്ജാദ് തന്ത്രയാണ് കൊല്ലപ്പെട്ടത്. നവംബർ 13ന് രഖ്മോമെനിൽ തൊഴിലാളികളെ ആക്രമിച്ച 'ഹൈബ്രിഡ്' ഭീകരനായിരുന്നു സജ്ജാദ് തന്ത്രയെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഇയാൾ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

സജ്ജാദിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഛോട്ടാ പ്രസാദ് എന്ന തൊഴിലാളി ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് ഭീകരരുടെ ഒളിത്താവളത്തിലേക്ക് സജ്ജാദുമായി പൊലീസ് എത്തിയപ്പോൾ മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ പിസ്റ്റൾ, ഭീകരർ ഉപയോഗിച്ച വാഹനം എന്നിവ കണ്ടെത്തി.

ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകിയാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയത്. അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലഷ്‌കറെ ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടത്.

സംഭവത്തിൽ കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഭീകരപ്രവർത്തനം നടത്തുകയും ജനങ്ങൾക്കിടയിൽ സാധാരണ ജീവിതം തുടരുകയും ചെയ്യുന്നവരെയാണ് 'ഹൈബ്രിഡ് ഭീകരർ' എന്നു വിളിക്കുന്നത്.

അതിനിടെ ശ്രീനഗറിൽ മൂന്ന് ലഷ്‌കറെ തയിബ ഭീകരരെ സൈന്യം പിടികൂടി. റൈഫിളുകളും പിസ്റ്റളുകളും അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് എകെ റൈഫിളുകൾ, രണ്ട് പിസ്റ്റലുകൾ, ഒമ്പത് മാഗസീനുകൾ, 200 തിരകൾ എന്നിവയാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കശ്മീർ പൊലീസ് പ്രതികരിച്ചു.