മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്നതിന് ശേഷം ഇലോണ്‍ മസ്‌ക്കിന് കഷ്ടകാലമാണ്. ബിസിനസിന്റെ ഓഹരിയുടെ വിലയില്‍ വലിയ ഇടിവുണ്ടായി. ഇത് കൂടാതെ ടെസ്ലക്കെതിരായ പ്രതിഷേധങ്ങളും കനത്തതോടെ കാര്‍ വില്‍പ്പനയിലും ഇടിവായി. യൂറോപില്‍ അടക്കം ട്രംപിന്റെ നയങ്ങള്‍ കാരണം മസ്‌ക്കിന് എതിരായാണ് പ്രതിഷേധം പുകയുന്നത്. ഇതോടെ ഇവിടെയും ടെസ്ലയുടെ ബിസിനസ് പിന്നോട്ടു പോയി. ഇപ്പോള്‍ ചൈനീസ് ഭീഷണി നേരിടാന്‍ കഴിയാത്ത അവസ്ഥയിലാണ് മസ്‌ക്ക്. ടെസ്ലയെ കടത്തിവെട്ടുന്ന കാറുകള്‍ ചൈന നിര്‍മിച്ചു കഴിഞ്ഞു. ഇതോടെ വലിയ പ്രതിസന്ധിയിലാണ് മസ്‌ക്ക്.

അമേരിക്ക കഴിഞ്ഞാല്‍ ടെസ്ലയുടെ ഏറ്റവുംവലിയ വിപണിയായ ചൈനയില്‍ തിരിച്ചടി നേരിടുകയാണ് കമ്പനിയിപ്പോള്‍.

ചൈനീസ് ആഭ്യന്തര വിപണിയിലാണ് ടെസ്ല വെല്ലുവിളി നേരിടുന്നത്. ഷവോമി, ബിവൈഡി പോലുള്ള കമ്പനികള്‍ ക്ഷമതയും മികവുറ്റ സാങ്കേതികവിദ്യയും രൂപകല്പനയും ചേര്‍ത്ത് വൈദ്യുത കാറുകള്‍ അവതരിപ്പിച്ചതോടെ ചൈനയില്‍ അടിപതറുകയാണ് ടെസ്ലയ്ക്ക്. ഒരു ടെസ്ല കാറിന്റെ വിലയ്ക്ക് രണ്ട് വൈദ്യുത കാറുകള്‍ ലഭിക്കുമെന്നതാണ് സ്ഥിതി. ഓഹരിവിപണിയിലും കൈപൊള്ളിത്തുടങ്ങിയതോടെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തീരുവയുദ്ധത്തില്‍ മുന്നറിയിപ്പുനല്‍കി രംഗത്തുവന്നിരിക്കുകയാണ് ടെസ്ല.

രൂപകല്പനയില്‍ എല്ലാ അഴകളവുകളും ചേര്‍ത്തുകൊണ്ടാണ് ഷവോമി കാര്‍ വിപണിയിലെത്തിയിരിക്കുന്നത്. വിലക്കുറവില്‍ അദ്ഭുതപ്പെടുത്തിയാണ് ബിവൈഡിയുടെ മുന്നേറ്റം. ഇതോടെ ആഡംബര ബ്രാന്‍ഡെന്ന പദവിക്ക് കോട്ടം തട്ടിയിട്ടില്ലെങ്കിലും ചൈനയിലെ ഷാങ്ഹായിയില്‍ തുറന്നപ്പോഴുള്ള ആ സ്വീകരണം ടെസ്ലയ്ക്കിപ്പോഴില്ല. ചൈനയില്‍ ടെസ്ലയുടെ പ്രധാന എതിരാളികളായ ബിവൈഡി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 4.81 ലക്ഷം വൈദ്യുത കാറുകളാണ് വിറ്റത്. ടെസ്ലയ്ക്ക് 60,480 എണ്ണം മാത്രം. മുന്‍വര്‍ഷത്തെയപേക്ഷിച്ച് വില്‍പ്പന 14 ശതമാനം കുറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷമായി ബിവൈഡി പത്തുലക്ഷത്തിലധികം കാറുകളാണ് വര്‍ഷം വിറ്റഴിക്കുന്നത്. വിലക്കുറവാണെന്നതാണ് ബിവൈഡി കാറുകളുടെ ആകര്‍ഷണം. ചൈനയില്‍ ടെസ്ല കാറുകളുടെ വില്‍പ്പന കുറയുന്നത് കമ്പനിയുടെ ഓഹരിയെയും ബാധിച്ചു തുടങ്ങി. ഡിസംബറില്‍ 479 ഡോളര്‍ വരെയായിരുന്ന ടെസ്ല ഓഹരി 240 ഡോളറിലേക്കെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം വിപണിമൂല്യത്തിന്റെ അത്ര നഷ്ടമാണ് ടെസ്ലയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്.

അതിനിടെ പ്രസിഡന്റിന്റെ തീരുവ യുദ്ധം മറ്റുരാജ്യങ്ങളില്‍ തിരിച്ചടിക്കുകാരണമാകുമെന്ന് ടെസ്ല ട്രംപിന് മുന്നറിയിപ്പുനല്‍കിക്കഴിഞ്ഞു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായതോടെ പ്രസിഡന്റിന്റെ ആദ്യ അടുപ്പക്കാരനെന്ന നിലയിലാണ് മസ്‌ക് അറിയപ്പെടുന്നത്. ഇത് തീരുവയുദ്ധത്തില്‍ ടെസ്ലയെ ആഗോളതലത്തില്‍ ബാധിക്കുന്നുവെന്നാണ് യു.എസ്. വാണിജ്യ പ്രതിനിധി ജാമിസണ്‍ ഗീറിന്റെ പൊതു അഭിപ്രായ പോര്‍ട്ടലില്‍ നല്‍കിയ കത്തില്‍ ടെസ്ല വ്യക്തമാക്കിയിരിക്കുന്നത്.

മെക്‌സിക്കോ, കാനഡ, ചൈന പോലുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചത് അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയ്ക്കും കാരണമാകുന്നതായി ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിലകുറഞ്ഞ കാറുകള്‍ അവതരിപ്പിക്കാന്‍ ടെസ്ല ശ്രമംതുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പ്രതിസന്ധി കനത്തതോടെ ഇന്ത്യയിലേക്കാണ് ട്രംപിന്റെ നോട്ടം. ആഗോളവിപണിയില്‍ തിരിച്ചടി നേരിടുന്നതിനിടെ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനായി ടെസ്ല ശ്രമം തുടങ്ങി. മോഡല്‍ വൈ, മോഡല്‍ 3 കാറുകള്‍ക്ക് സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷയാണ് ടെസ്ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് നല്‍കിയിരിക്കുന്നത്. ചൈനയിലെ നഷ്ടപ്രതാപം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ.