- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തും; ഇതിന് വേണ്ടി പ്രത്യേക സോഫ്റ്റ് വെയറും; സമുദായ പ്രമുഖന്‍ അടക്കമുള്ള മുതലാളിമാര്‍ വെട്ടിച്ചത് 1200 കോടിയോളം; 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളില്‍ വലിയ കൃത്രിമം; 'കസവിന്റെ' പേരില്‍ 'സ്വര്‍ണ്ണം' വെളുപ്പിക്കുമ്പോള്‍
കോഴിക്കോട്: സംസ്ഥാനത്തെ ചില വസ്ത്ര വില്‍പനശാലകളില്‍ റെയ്ഡില്‍ കണ്ടെത്തിയത് 1200ല്‍ പരം കോടി രൂപയുടെ ആദായനികുതി വെട്ടിപ്പ്. ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ബില്ലിങ്ങില്‍ കൃത്രിമം കാട്ടുന്നത്. സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. വരുമാനം കുറച്ചു കാണിക്കുന്നതിനായി 3 തരത്തില്‍ ബില്ലിങ് നടത്തും. 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളാണു പരിശോധിച്ചത്. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബില്‍ അടിക്കുമ്പോള്‍ ഉപഭോക്താവിനു നല്‍കുന്ന ബില്ലിനു പുറമേ 2 തരം ബില്ലുകള്‍ കൂടി സൃഷ്ടിക്കപ്പെടും. യഥാര്‍ഥ തുകയ്ക്കുള്ള ജിഎസ്ടി അടക്കമുള്ള ബില്ലാണ് ഉപഭോക്താവിനു നല്‍കുക. അധികമായി സൃഷ്ടിക്കപ്പെടുന്ന 2 ബില്ലുകള്‍ വേറെ സെര്‍വറില്‍ സേവ് ചെയ്യപ്പെടും. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ തെളിഞ്ഞത്.
യഥാര്‍ഥ ബില്ലിന്റെ 70% തുകയ്ക്കുളള ഒരു ബില്ലും 30% തുകയ്ക്കുള്ള മറ്റൊരു ബില്ലും അധികമായി സൃഷ്ടിക്കപ്പെടുന്നു. 30% തുകയ്ക്കുള്ള ബില്‍ രഹസ്യ സെര്‍വറിലേക്കാണു പോകുകയെന്നതിനാല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകില്ല. 70% തുകയുടെ ബില്‍ മാത്രമേ അവര്‍ക്കു ലഭ്യമാകൂ. സംസ്ഥാനത്തെ 10 ടെക്‌സ്‌റ്റൈല്‍ ഗ്രൂപ്പുകളില്‍ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആദായ നികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് തിരുവനന്തപുരം കോവളത്തെ സമുദായ നേതാവ്. കേരളത്തിലെ പ്രമുഖ സമുദായ നേതാക്കളില്‍ ഒരു അതിവിശ്വസ്തന്റെ സ്ഥാപനത്തില്‍ അടക്കമാണ് വലിയ തട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തുന്നത്. വന്‍കിട ബ്രാന്‍ഡുകളൊന്നും അല്ല ഈ ഗ്രൂപ്പുകള്‍. മറിച്ച് മൊത്ത വ്യാപാരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലാകുന്നത്. കസവ് കച്ചടവത്തിന് പേരു കേട്ട പ്രമുഖന്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.
ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കാസര്‍കോട് മുതല്‍ കൊല്ലം വരെ 45 ഇടങ്ങളിലായിരുന്നു പരിശോധന. ഹവാല ഇടപാടുകള്‍ക്കും തെളിവു ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തുണി മില്ലുകളില്‍നിന്നും മൊത്തക്കച്ചവടക്കാരില്‍നിന്നും ടെക്സ്റ്റൈല്‍സുകാര്‍ വാങ്ങുന്ന തുണിത്തരങ്ങളുടെ വില സ്വര്‍ണക്കടത്ത് - ഹവാല സംഘങ്ങളാണു നല്‍കുക. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കേരളത്തിനു പുറത്തു വിറ്റ് ടെക്‌സ്റ്റെല്‍സുകള്‍ക്കു വേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും. തുല്യമായ തുക ടെക്സ്റ്റൈല്‍ ഉടമകള്‍ ഹവാല ഇടപാടുകാര്‍ക്ക് കേരളത്തില്‍ കൈമാറും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ വരെ 300 കോടിയുടെ തട്ടിപ്പാണ് തിരിച്ചറിഞ്ഞത്. രാത്രിയായപ്പോള്‍ കണക്ക് 700 കോടി കടന്നു.
വര്‍ഷങ്ങളായി ഈ രീതി പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി അറുന്നൂറോളം ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അതീവ രഹസ്യ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു ഐടി വിഭാഗത്തിന്റേത്. മാര്‍ച്ച് 30ന് എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടിയിരുന്നു. സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത തുണി വ്യാപാര സ്ഥാപനമായ രാജധാനിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും പരിശോധനകളിലേക്ക് കടന്നത്.
വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വില്‍പ്പന കടകള്‍ വഴി വന്‍തോതില്‍ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ജി എസ് റ്റി ഇന്റലിജന്‍സ് വിഭാഗം നിരീക്ഷണത്തിനുശേഷം പരിശോധനകള്‍ ആരംഭിച്ചത്. ഈ പരിശോധനയിലാണ് ബ്രോഡ് വേയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ പ്രധാനപ്പെട്ട തുണിക്കടയായ രാജധാനി ടെക്സ്റ്റൈല്‍സില്‍ നിന്ന് പണം പിടികൂടിയത്. നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലും ആയിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയില്‍ അധികം കണക്കില്‍ പെടാതെ കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണം എന്നുള്ളതാണ് നിയമം എന്നാല്‍ രാജധാനിയില്‍ നിന്ന് ആറു കോടി രൂപയ്ക്ക് മുകളില്‍ പണം പിടികൂടിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണ് എന്നാണ് ആരോപണം.
ഉന്നത തല ബന്ധങ്ങളാണ് രാജധാനിയിലെ കണക്കില്‍ പെടാത്ത പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുരുന്നു. ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അന്വേഷണപരിധിയില്‍ ആണെന്ന് അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.