കൊച്ചി:പ്രാധാനമന്ത്രി പ്രസംഗിക്കുമ്പോഴെല്ലാം ക്യാമറ ഫ്രയിമിലെത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരനെ ട്രോളി ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസ്.രാജ്യസഭയിൽ വി മുരളീധരന്റെ ഇരിപ്പിടത്തെയാണ് ടി ജി മോഹൻദാസ് തന്റെ രസകരമായ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്. പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോൾ വി മുരളീധരൻ 'യാദൃശ്ചികമെന്ന വണ്ണം' ക്യാമറയിൽ വരത്തക്കവിധം ഇരിപ്പിടം ഉറപ്പിക്കുമെന്നാണ് ടി ജി മോഹൻദാസ് തന്റെ കുറിപ്പിലൂടെ പറഞ്ഞുവെക്കുന്നത്.

ക്യാമറ ഏത് ആങ്കിളിൽവച്ചാലും മുരളീധരൻ അതിൽ പതിയുമെന്നും ബിജെപി ബൗദ്ധിക സെൽ മുൻ തലവൻ ടി ജി മോഹൻദാസ് പറഞ്ഞു.'കൊള്ളാം! നല്ല സാമർത്ഥ്യം. പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കെട്ടോ' എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെനിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.ഇത്രേയും തരംതാണ രീതിയിൽ പ്രതികരിക്കരുതെന്നും ടി ജിക്ക് ഇതെന്ത് പറ്റിയെന്നുമടക്കം പലരും കമന്റിൽ കുറിക്കുന്നു.

ടി.ജി മോഹൻദാസിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും!??
കാമറ ഏതാങ്കിളിൽ വച്ചാലും മുരളി അതിൽ വരും.
കൊള്ളാം! നല്ല സാമർത്ഥ്യം
പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ ??

 

അതേ സമയം കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്ന് രംഗത്തെത്തിയിരുന്നു.ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്ര മോദി സർക്കാർ അനുവാദം നൽകില്ല എന്നും മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

'കേന്ദ്രസർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും പേര് പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കാം എന്ന് വ്യാമോഹിക്കേണ്ട. ഒരു കാരണവശാലും ജനങ്ങൾക്ക് ദ്രോഹകരമാകുന്ന ഒരു പദ്ധതിക്ക് നരേന്ദ്ര മോദി സർക്കാരിന്റെ അനുമതി ലഭിക്കില്ല. മുഖ്യമന്ത്രി ഇനിയെങ്കിലും ഈ മാസ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി നിർത്തണം'.

'കെ-റെയിലിന്റെ പേരിൽ കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്?. കെ-റെയിൽ പ്രഖ്യാപനങ്ങൾ തുടരെ നടത്തുന്നതിന്റെ കാരണങ്ങൾ വിലയിടിയിപ്പിക്കുന്നതിനാണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കേരളം ഇന്ത്യയുടെ ഭാഗമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ്' എന്നും മുരളീധരൻ പറഞ്ഞു.