കണ്ണൂർ: ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ലൗജിഹാദും നർക്കോട്ടിക് ജിഹാദും വീണ്ടും ചർച്ചയാക്കുന്നതാണ് ഇടയലേഖനം. നിരവധി മയക്കു മരുന്ന് കേസുകളിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കുടുങ്ങിയിരുന്നു. ഇതിന് പിന്നിൽ നർക്കോട്ടിക് ജിഹാദ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയാ പ്രചരണവും എത്തി. ഇതിന് പിന്നാലെയാണ് തലശ്ശേരി രൂപതുയടെ ഇടലേഖനം.

ജന്മംനൽകി സ്നേഹിച്ചുവളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥനാനിയോഗമായി നമുക്ക് സമർപ്പിക്കാം. നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കാൻ എട്ടുനോമ്പിൽ തീക്ഷ്ണമായി പ്രാർത്ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തിൽ പറയുന്നു.

വിവാദ വാക്കുകൾ ഒന്നും പരാമർശിക്കാതെയാണ് കരുതൽ എടുക്കാനുള്ള ആഹ്വാനം. ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്. ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച 'ഭൂദാനപ്രസ്ഥാനം' പോലെ ഇടവകകളിലെ ഭൂരഹിതർക്ക് ഭവനനിർമ്മാണത്തിനാവശ്യമായ അഞ്ചോ ആറോ സെന്റ് ഭൂമി നൽകാൻ ഭൂസ്വത്തുള്ളവർ തയ്യാറാകണം. കൂടുതൽ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മാതൃക കാട്ടണം.'

അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതർക്ക് വീട് നിർമ്മിച്ചുനൽകുന്ന ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമ്മാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയിൽ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം. ജസ്റ്റിസ് കോശി കമ്മിഷനുള്ള വിവരശേഖരണത്തിനായി നടത്തിയ സർവേയിൽ സ്വന്തമായി ഭവനം നിർമ്മിക്കാൻ അഞ്ചുസെന്റ് ഭൂമിപോലുമില്ലാത്ത 700-ഓളം കുടുംബങ്ങൾ നമ്മുടെ അതിരൂപതയിലുണ്ട് എന്നാണ് കണ്ടെത്തൽ. ഈ ഭൂരഹിതർക്കെല്ലാം ഭവനനിർമ്മാണത്തിനാവശ്യമായ ഭൂമി നൽകാൻ ആത്മാർഥമായി പരിശ്രമിച്ചാൽ നമുക്ക് സാധിക്കും.

ഇടവകാതലത്തിൽ ഭൂദാനത്തിന് പ്രചോദനം നൽകാൻ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നത് പ്രയോജനകരമാകും. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്ന വഴിയില്ലാത്ത കുടുംബങ്ങൾക്കായി വഴി വിട്ടുനൽകണം -ഇടയലേഖനത്തിൽ പറയുന്നു. നേരത്തേയും ലൗ ജിഹാദിനെതിരെ ക്രിസ്തീയ സഭകൾ രംഗത്തെത്തിയിരുന്നു. കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ഏറെ വിവാദമായിരുന്നു.

നർക്കോട്ടിക്-ലൗ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ചുപറഞ്ഞ് സിറോ മലബാർ സഭയും രംഗത്തെത്തിയിരുന്നു. വിവിധ രൂപതകളിൽ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്നായിരുന്നു സഭയുടെ വിശദീകരണം.

എന്നാൽ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ് സർക്കാരിന്റെയും ഇടത് യുവജന സംഘടനകളുടെയും നിലപാട്. ഇത് തള്ളിക്കളയുന്ന തരത്തിലാണ് തലശ്ശേരി അതിരൂപത ഇടലേഖനവുമായി രംഗത്തു വരുന്നത്.