കോട്ടയം: 22 വർഷം കൂടെ നിന്ന ജീവനക്കാർ. അവർ അഞ്ച് പേർ ചേർന്ന് തട്ടിപ്പ് പ്ലാൻ ചെയ്തു. പലദിവസങ്ങളിലായി തുണികൾ കടത്തുക. അങ്ങനെ ഭാര്യക്കും ബന്ധുക്കൾക്കും സുഹൃത്തകൾക്കുമായി വലിയ വിലയുടെ ഡ്രസുകൾ ഓരോന്നായി കടത്തി. ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു അവർ കരുതിയത്. തങ്ങൾ തന്നെ ഓപ്പറേറ്റ് ചെയ്തിരുന്ന ക്യാമറ കണ്ണുകൾ വെട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. പക്ഷെ എല്ലാം ക്യാമറ കണ്ണുകളിൽ പതിഞ്ഞതോടെ കള്ളി വെളിച്ചത്തായി.

തലയോലപറമ്പിൽ 35 വർഷക്കാലമായി പ്രവർത്തിക്കുന്ന അന്റണീസ് എന്ന തുണികടയിൽ വിശ്വസ്തരായ ജീവനക്കാർ ചേർന്നു നടത്തിയ തട്ടിപ്പ് ഇങ്ങനെ. വാട്‌സാപ്പിൽ ഭാര്യക്ക് വിവിധ സാരിയുടെ ചിത്രങ്ങൾ അയക്കും. ''ഭാര്യ ഒന്ന് സെലക്ട് ചെയ്താൽ അന്ന് തന്നെ സാരി വീട്ടിൽ സമ്മാനമായി എത്തിയിരിക്കും. തോമസ് ജോൺ (സാബു ) എന്നയാൾ ഇത്തരത്തിൽ ഭാര്യക്കും സഹോദരിയുടെ മകൾക്കും ഒക്കെയായി കടയിൽ നിന്നും നിരവധി സാധനങ്ങൾ കൊണ്ടുപോയി''. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഇവർ നടത്തിയ മോഷണം പുറത്താക്കുന്നത്.

തോമസ് ജോൺ (സാബു), അനൂപ്, വിജിമോൾ, പി. വി. മനോജ്, ഷൈനി വിനോയ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇവരിൽ ഷൈനി വിനോയിയെ സാഹചര്യം തെളിവുകൾ ഇല്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു. തലയോലപറമ്പ് കടമപുഴ റോയിയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പകലോമറ്റത്ത് പുതിയ ഷോറൂം തുടങ്ങിയതോടെ ഉടമകളുടെ കൂടുതൽ ശ്രദ്ധ ഇവിടേക്കായി.

അത് മുതലെടുത്ത് ഉടമകളുടെ വിശ്വസ്തരായിരുന്നവർ മോഷണം വ്യാപകമാക്കി. മറ്റ് ജീവനക്കാർ വിവരം ഉടമകൾക്ക് കൈമാറിയതോടെയാണ് എല്ലാം അറിയുന്നത്. പിന്നീട് സി സി ടി വി പരിശോധിച്ചപ്പോൾ തുണി എടുത്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വിവരം ജീവനക്കാരോട് തിരക്കിയപ്പോൾ കുറ്റം സമ്മതിച്ചു. ഡാമേജ് ആയ വസ്ത്രങ്ങൾ ആണെന്ന് പറഞ്ഞ് ആദ്യം പിടിച്ച് നിൽക്കാൻ ശ്രമിച്ചു. എന്നാൽ തെളിവുകൾ നിരത്തിയതോടെ കുറ്റസമ്മതിക്കുകയും ഈ വിവരങ്ങൾ എഴുതി നൽകുകയും ചെയ്തു. തുടർന്ന് ഉടമകൾ പൊലീസിൽ പരാതി നൽകി.

അപ്പോഴേക്കും തട്ടിപ്പ് നടത്തിയ അഞ്ച് പേർ ചേർന്ന് കട ഉടമകൾക്കെതിരെ പരാതി നൽകി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് എഴുതിവാങ്ങിയതെന്നും കൂട്ടത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ അപമാനിച്ചുവെന്നുമാണ് ജീവനക്കാർ നൽകിയ പരാതി. തട്ടിപ്പ്കാരിൽ ഒരാളുടെ ബന്ധു പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നതിനാൽ ഉടമകൾക്കെതിരെ അതിവേഗം കേസ് ചാർജ് ചെയ്ത് ഇവരെ പിടികൂടാൻ ഇറങ്ങി.

പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ജാമ്യം നേടുന്നത്. എന്നാൽ തട്ടിപ്പ് നടത്തിയവർ ഹൈക്കോടതിയിൽ ജാമ്യത്തിന് പോയെങ്കിലും ലഭിച്ചില്ല. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തിയിരുന്നു. ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയിട്ടും ഇവരെ രക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. തട്ടിപ്പിൽ പങ്കുള്ള ഒരു സ്ത്രീയെ കേസിൽ നിന്ന് ഒഴിവാക്കിയതായും ഉടമകൾ പറയുന്നു.