- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങളുടെ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് ക്രൈസ്തവര്‍ മതി; അക്രൈസ്തവരാണെങ്കില്‍ വി. കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം'; പത്തിന നിര്‍ദേശങ്ങളുമായി താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍
'ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങളുടെ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് ക്രൈസ്തവര്‍ മതി

കോഴിക്കോട്: വിവാഹം ഉള്‍പ്പെടെയുള്ള ദേവാലയ തിരുക്കര്‍മങ്ങള്‍ക്ക് ഫോട്ടോഗ്രഫി വീഡിയോഗ്രാഫി എന്നിവ ഉപയോഗിക്കുന്നതില്‍ നിര്‍ദേശങ്ങളുമായി താമരശേരി രൂപത. ദേവാലയത്തിന് ഉള്ളില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ ചിത്രീകരിക്കുന്നതിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പത്ത് നിര്‍ദേശങ്ങളാണ് താമരശേരി രൂപത തിരുക്കര്‍മങ്ങള്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്.
തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. ഫോട്ടോ വീഡിയോ ചിത്രീകരണത്തിനായി ആളുകള്‍ ഉണ്ടെങ്കില്‍ ഇക്കാര്യം കുടുംബനാഥന്‍ മുന്‍കൂട്ടി ഇടവക വികാരിയെ അറിയിക്കണം, തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമേ അനുവാദം ഉള്ളൂ, ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കണം, മദ്ബഹായില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ല, ചിത്രീകരണത്തിനായി എത്തുന്നവര്‍ ക്രൈസ്തവ വിശ്വാസികള്‍ ആയാല്‍ കൂടുതല്‍ അഭികാമ്യം, അക്രൈസ്തവര്‍ ആണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവര്‍ ആകണമെന്നും ഉള്‍പ്പെടെ പത്ത് നിര്‍ദേശങ്ങളാണ് രൂപത പുറപ്പെടുവിച്ചിട്ടുള്ളത്.
നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം
ദൈവാലയ തിരുക്കര്‍മ്മങ്ങള്‍ - ഫോട്ടോഗ്രാഫേഴ്സിനുള്ള നിര്‍ദ്ദേശങ്ങള്‍
1. ദൈവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫോട്ടോഗ്രാഫേഴ്സ്/ വീഡിയോഗ്രാഫേഴ്സ് ഉണ്ടെങ്കില്‍ കുടുംബനാഥന്‍/കുടുംബനാഥ മുന്‍കൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കുടുംബനാഥന്‍ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാന്‍ വരുന്നവരെ മുന്‍കൂട്ടി അറിയിക്കുകയും വേണം.
2. തിരുക്കര്‍മ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്സിനും രണ്ട് വീഡിയോ ഗ്രാഫേഴ്‌സിനും മാത്രമാണ് പള്ളിയകത്ത് ഫോട്ടോ ചിത്രീകരണത്തിന് അനുവാദം ഉള്ളത്.
3. ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്സ്/ വീഡിയോഗ്രാഫേഴ്സ് ദൈവാലയത്തില്‍ പ്രവേശിക്കേണ്ടത്. അവര്‍ മദ്ബഹായില്‍ പ്രവേശിക്കുവാന്‍ പാടില്ല.
4. തിരുക്കര്‍മ്മങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കുന്നതിന് ഫോട്ടോഗ്രാഫേഴ്സ്/വീഡിയോഗ്രാഫേഴ്സ് തടസ്സമാകരുത്. വളരെ അത്യാവശ്യമുള്ള ഫോട്ടോകള്‍ മാത്രം തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. വചന വ്യാഖ്യാനം തടസ്സപ്പെടുത്തിക്കൊണ്ട് ചിത്രീകരണം പാടില്ല.
5. തിരുക്കര്‍മ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോള്‍ തിരുക്കര്‍മ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാന്‍ പാടില്ല.
6. തിരുക്കര്‍മ്മാവസരങ്ങളില്‍ ദൈവാലയത്തില്‍, ശക്തിയേറിയ ലൈറ്റുകളുടെ അകമ്പടിയോടെ വീഡിയോ/ഫോട്ടോ റെക്കോര്‍ഡിംഗ് നടത്താന്‍ അനുവാദമില്ല.
7. തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക്, അസൗകര്യമുണ്ടാകാതെ വേണം വീഡിയോ റെക്കോര്‍ഡിംഗും ഫോട്ടോഗ്രഫിയും ചിത്രീകരിക്കാന്‍. വിശ്വാസികള്‍ ശ്രദ്ധയോടെ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
(ഓടുക, പ്രസംഗ സമയത്ത് ഫോട്ടോ എടുക്കുക മുതലായവ)
8. തിരുക്കര്‍മ്മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍, വീഡിയോ/ഫോട്ടോ എടുക്കുന്നവര്‍ -ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വി. കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം.
9. തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ് വളരെ അത്യാവശ്യം വേണ്ട ഫോട്ടോകള്‍ മാത്രമേ (പരമാവധി 5) ദൈവാലയത്തില്‍വച്ച് എടുക്കാന്‍ പാടുള്ളു. ഈ സമയം ദൈവാലയത്തിലായിരിക്കുന്നവര്‍ പരിപൂര്‍ണ്ണ നിശബ്ദത പാലിക്കണം.
10. തിരുക്കര്‍മ്മങ്ങളുടെ സമയത്ത് ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.


