- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍പ്പിച്ചിരിക്കുന്നത് അഞ്ച് വെവ്വേറെ സെല്ലുകളില്‍; പരീക്ഷാക്കാലം ആയതിനാല്‍ സെല്ലില്‍ പഠനം സ്വസ്ഥം; ആദ്യ ദിവസംതന്നെ ബിരിയാണി, പിറ്റേന്ന് പായസമുള്‍പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണന; ഗൂഢാലോചനയില്‍ കുട്ടികള്‍ക്ക് മാത്രം പങ്കെന്ന് പോലീസ്
പാര്‍പ്പിച്ചിരിക്കുന്നത് അഞ്ച് വെവ്വേറെ സെല്ലുകളില്‍
കോഴിക്കോട്: ഷഹബാസ് വധക്കേസില്‍ പ്രതികളാക്കപ്പെട്ട കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. വിദ്യാര്‍ഥി സംഘടനകള്‍ അടക്കം എതിര്‍പ്പുമായി എത്തിയിരുന്നു. എങ്കിലും ഇവര്‍ സ്വസ്ഥമായി തന്നെ പരീക്ഷയെഴുതി. കുറ്റാരോപിതരായിരിക്കുന്നത് താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണനയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നത്. പരീക്ഷാക്കാലമായതിനാല്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഇവര്‍ക്കുണ്ട്. സെല്ലില്‍ ഒറ്റയ്ക്കായതിനാല്‍ തല്‍ക്കാലം മറ്റെല്ലാം മറന്ന് പഠിക്കാനും ശ്രമിക്കുന്നു.
ഭക്ഷണ കാര്യത്തിലും കുറവൊന്നുമില്ല. എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ. തിങ്കളാഴ്ച സാമ്പാറും ചോറും വിഭവങ്ങളുമാണ്. ഒബ്‌സര്‍വേഷന്‍ ഹോമില്‍തന്നെ ഭക്ഷണം പാകംചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. കുക്കിനെ ഉള്‍പ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ബോയ്‌സ് ഹോമില്‍നിന്ന് എത്തിക്കുകയാണ്. കുക്കിനെയും ബോയ്‌സ് ഹോമിലേക്ക് മാറ്റി.
ബോയ്‌സ് ഹോമില്‍ നല്‍കുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ്. അതിനാല്‍ മികച്ച ഭക്ഷണമാണ് അവിടെ നല്‍കുന്നത്. രാത്രി ചോറും കറിയും വൈകീട്ട് ചായയും സ്‌നാക്‌സുമാണ് നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളിലെ ക്രിമിനല്‍വത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഒബ്‌സര്‍വേഷന്‍ ഹോമില്‍ എത്തിക്കുന്നത്. ഗുണപാഠം നല്‍കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതര്‍ അറിയാതെ ചില ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അതേസമയം പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് വധക്കേസില്‍ മുഖ്യ പ്രതിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു പറഞ്ഞു. രക്ഷിതാവിനെ പ്രതി ചേര്‍ക്കേണ്ടതില്ല. നഞ്ചക്ക് കൈമാറിയതു പിതാവാണെന്നതിനു തെളിവില്ല. അതേസമയം, ഇയാള്‍ക്ക് ക്രിമിനില്‍ പശ്ചാത്തലമുണ്ട്. ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും കെ.ഇ.ബൈജു പറഞ്ഞു.
കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല പ്രതികളുടെ ഗൂഢാലോചന. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതിനു തെളിവാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഷഹബാസിനെ നഞ്ചക്കു കൊണ്ട് അടിച്ചതും ആക്രമണത്തിനു നേതൃത്വം നല്‍കിയതും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുടെ മകനാണ് എന്നാണ് വിവരം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ നഞ്ചക്ക് കണ്ടെടുത്തു. ഷഹബാസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുമ്പോള്‍ ഇയാള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ ബന്ധുക്കള്‍ പറഞ്ഞു. മുമ്പും കേസുകളില്‍പ്പെട്ടിരുന്നതായാണ് വിവരം.
ഇക്കാര്യത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാള്‍ താമരശ്ശേരിയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നയാളാണെന്നാണു നാട്ടുകാര്‍ പറയുന്നത്. പ്രതികളില്‍ ഒരാളുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. അതേ സമയം, ഏറ്റുമുട്ടലില്‍ പങ്കെടുത്ത മറ്റു കുട്ടികളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.