പാലാരിവട്ടം: തമ്മനം ഷാജിയുടെ പുതിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പാട്ടുപാടുന്ന നൃത്തം ചെയ്യുന്ന തമ്മനം ഷാജിയാണ് സൂപ്പര്‍ ഹിറ്റ്. തന്റെ മകളുടെ വിവാഹ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ആടുകയും പാടുകയും ചെയ്തതെന്നാണ് തമ്മനം ഷാജി പറയുന്നത്

ഒരു കാലത്ത് കൊച്ചിയിലെ ക്വട്ടേഷനുകളിലെ പ്രധാനിയായിരുന്നു തമ്മനം ഷാജി. കുറെ കാലമായി തമ്മനം ഷാജി അണ്ടര്‍ ഗ്രൗണ്ടില്‍ ആയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അടിപൊളി വേഷവിധാനങ്ങളോട് പാടുകയും ആടുകയും ചെയ്യുന്ന തമ്മനം ഷാജിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തമ്മനം ഷാജിയുടെ മകളുടെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഴ്ച. അതിന്റെ ഭാഗമായിട്ടാണ് ആട്ടുംപാട്ടും ആഘോഷവും ഒക്കെ നടന്നത്. നിരവധി പ്രതികള്‍ പരിപാടിക്ക് എത്തിയെന്നാണ് സൂചന. പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചും നിരീക്ഷിച്ചിരുന്നു. മകളുടെ കല്യാണം ആഘോഷമായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഗുണ്ട എന്ന് തന്നെ ഇനി ആരും വിളിക്കേണ്ട. പണ്ടേ തന്നെ ഈ ഫീല്‍ഡ് വിട്ടതാണ് ഭായ് എന്നാണ് ഷാജി പ്രതികരണം.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഓരോ പ്രദേശവും ഓരോ ഗുണ്ടാസംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. കുണ്ടന്നൂരില്‍ തമ്പിയും വൈറ്റിലയില്‍ വെട്ടില്‍ സുരേഷും തമ്മനത്ത് ഷാജിയും തേവരയില്‍ മകിടി കുട്ടനും ഏലൂരില്‍ ചൗക്ക സാജുവും അടക്കിവാണിരുന്ന കാലം. അക്കാലത്ത് ഗുണ്ടാപ്പടകളും ധാരാളമായിരുന്നു. ഇതിലൊരു ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകള്‍ ഉണ്ടെങ്കിലും അവരില്‍ ഒരാള്‍ക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാര്‍ട്ടിക്ക് വേണ്ടിയുള്ള പണം വാങ്ങാതെയുള്ള കണ്ണൂര്‍ മോഡല്‍ ക്വട്ടേഷനുമായിരുന്നു ഇവരുടെ പണി. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശന്‍ ലീഡറായി. മറ്റൊരു കൊലക്കേസില്‍ സതീശന്‍ ജയിലില്‍ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു.

തമ്മനം ഷാജി ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ ക്വട്ടേഷന്‍വര്‍ക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കള്‍ക്കു വേണ്ടി ഇടയ്ക്കു പ്രവര്‍ത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളില്‍ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂര്‍ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടര്‍ന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകള്‍ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാര്‍ ഒരുപരിധിവരെ കാരണക്കാര്‍ ആയിരുന്നുമില്ല. ഇക്കാലത്താണ് ഭായ് നസീര്‍ കളത്തിലിറങ്ങി തുടങ്ങുന്നത്. കുണ്ടന്നൂര്‍ തമ്പിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഭായ് നസീര്‍ സ്വന്തമായി ഗാങ് ആരംഭിച്ചു. പിന്നീട് 2004 വരെ ഭായിയുടെ സന്തതസഹചാരിയായിരുന്ന മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കി. വളരെപ്പെട്ടെന്ന് തന്നെ മരട് അനീഷും ഭായ് നസീറും ശത്രുക്കളായി. 2007 ജനവരി 10 ന് രാത്രിയില്‍ ഭായ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തി. ബൈക്കില്‍ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവച്ച് അനീഷും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ പകരംവീട്ടലും മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നു.

മറ്റ് പാര്‍ട്ടി നേതാക്കന്മാരെയും രഹസ്യമായി സഹായിക്കുമെങ്കിലും ഭായിയുമായുള്ള ബന്ധം തുറന്നു പറയാനോ, നേരിട്ട് ഇടപെടാനോ ഒരു നേതാവും തയാറായില്ല. കുഴല്‍പ്പണ സംഘത്തെ ആക്രമിച്ചു പണം തട്ടുകയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. രാഷ്ട്രീയക്കാര്‍ മാത്രമല്ല ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരില്‍ പങ്കാളിയായി. വാഹനത്തിന്റെ ബോഡിയില്‍ പ്രത്യേക അറ സൃഷ്ടിച്ചു കുഴല്‍പ്പണം കടത്തിയ വാഹനം വരെ ഗുണ്ടകള്‍ തട്ടിയെടുത്തു. കള്ളപ്പണം ആയതിനാല്‍ പരാതി ഉണ്ടാകില്ല എന്നതാണ് ഗുണം. മറ്റു ചിലപ്പോള്‍ കുഴല്‍പ്പണ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ചുമതലയും ഏറ്റെടുത്തു.

വലിയ ബിസിനസ് ടീമുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ഭൂമി നികത്തികൊടുക്കുക, ബിസിനസകാര്‍ക്ക് സെക്യൂരിറ്റി നല്‍കുക തുടങ്ങിയ ജോലികളാണ് ഈ ഗാങുകള്‍ ചെയ്ത് പോന്നത്. റിയല്‍ എസ്റ്റേറ്റ് കച്ചവടം ശക്തമായതോടെ ഗുണ്ടകള്‍ രാഷ്ട്രീയ നേതാക്കളാകാന്‍ ശ്രമിച്ചു. കുണ്ടന്നൂര്‍ തമ്പി കോണ്‍ഗ്രസിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായും തമ്മനം ഷാജി ആര്‍ജെഡി നേതാവായും മാറിയെങ്കിലും ക്ലച്ച് പിടിച്ചില്ല. മുളക് പൊടിയും മറ്റും എറിഞ്ഞ് എതിരാളികളെ നിലപരിശാക്കുന്ന ഷാജി 2016ന് ശേഷം നിശബ്ദനായി. കോവിഡ് സമയത്ത് തമ്മനം ഷാജിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങി. നടന്‍ ജയസൂര്യയുടെ പോസ്റ്റ് അന്ന് വൈറലാകുകയും ചെയ്തു.

ഭായി നസീര്‍, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ ചിലരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തില്‍ ഇന്ന് നിരവധി അധോലോകമുണ്ട്. വിലകൂടിയ കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം അനുചരന്‍മാരേയും കൂട്ടി നഗരം കയ്യടക്കിയാണ് പുതിയ ക്വട്ടേഷന്‍ നേതാക്കളുടെ ഓപ്പറേഷന്‍ . പൊലീസിന്റേയും പൊതുജനത്തിന്റേയും മുന്നിലൂടെ കൊച്ചി ഉള്‍പ്പെടുന്ന നഗരത്തില്‍ തന്നെയാണ് ഈ സംഘങ്ങള്‍ വിഹരിക്കുന്നത്. ഇതിനിടെയാണ് കൊച്ചിയില്‍ തമ്മനം ഷാജിയുടെ മകളുടെ വിവാഹം നടന്നതും.