- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ നിന്നും കോഴിക്കോടു നിന്നും ഡോക്ടർമാരെ എത്തിച്ച് തിരൂർ-തിരൂരങ്ങാടി- പെരിന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം; രാവിലെ ആറു മണിക്ക് തന്നെ നടപടികൾ തുടങ്ങും; സ്വകാര്യ ആശുപത്രികളിലും സംവിധാനം; പരിക്കേറ്റവർക്ക് വിദഗ്ധ ചികിൽസ; താനൂരിൽ ആരോഗ്യ വകുപ്പ് അതിവേഗ നടപടിക്ക്
തിരുവനന്തപുരം: മലപ്പുറം താനൂർ ബോട്ടപകടത്തെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ രാത്രിയിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നെടുത്തത് നിർണ്ണായക തീരുമാനങ്ങൾ. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിർദ്ദേശം നൽകി.
മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുമെത്തിച്ച് തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തും. മഞ്ചേരിക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റുമോർട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോർട്ടം ആരംഭിക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകി. കഴിയുമെങ്കിൽ കുറച്ച് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോർട്ടം നടത്താനും മന്ത്രി നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂരിലെത്തും.
രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്ക്കടുപ്പിച്ചു. മൃതദേഹങ്ങൾ താനൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്, അഗ്‌നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഒരുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. അഗ്നിരക്ഷാ യൂണിറ്റുകളും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. അപകടത്തിൽപ്പെട്ട ബോട്ട് അഗ്നിരക്ഷാസേന കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തീരത്തേക്ക് അടുപ്പിച്ചു. ബോട്ട് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ചികിത്സ ഉറപ്പാക്കാൻ മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും രാത്രിയോടെ സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
മറുനാടന് മലയാളി ബ്യൂറോ