- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേശീയ താല്‍പ്പര്യത്തിന് മുകളില്‍ പാര്‍ട്ടി താല്‍പ്പര്യം പാടില്ല; ഭീകരവാദത്തെ ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ട നേരത്ത് വാഗ്വാദങ്ങള്‍ അനവസരത്തിലുള്ളതെന്ന് ഉപദേശിച്ച് തരൂര്‍; രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചുള്ള ലേഖനമെന്ന് വിലയിരുത്തല്‍; വിദേശ പ്രതിനിധി സംഘത്തിലെ കോണ്‍ഗ്രസ് എംപിമാരെ നിശ്ചയിച്ചത് തരൂരോ? പഹല്‍ഗാമില്‍ കോണ്‍ഗ്രസ് ഇടച്ചില്‍ തുടരുമ്പോള്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരതയെകുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോ കോണ്‍ഗ്രസ് സംഘത്തിലുളള എംപിമാരെ കണ്ടില്ല. പാര്‍ട്ടി എംപിമാരെ സര്‍ക്കാര്‍ നേരിട്ടു വിളിച്ചതിലെ രോഷമാണ് ഇതിന് കാരണം. കിരണ്‍ റിജിജു കോണ്‍ഗ്രസ് എംപിമാരുടെയെല്ലാം പേര് പറഞ്ഞത് ശശി തരൂരിനോടാണ്. തരൂര്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ നേരിട്ടറിയിച്ചു എന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്തതിലുള്ള അമര്‍ഷം രാഹുല്‍ നേതാക്കളുമായി പങ്കു വച്ചു. പാര്‍ട്ടി നേതൃത്വത്തോട് സംസാരിക്കാന്‍ തരൂരും കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ദേശീയ താല്പര്യത്തിന് മുകളില്‍ പാര്‍ട്ടി രാഷ്ട്രീയം പാടില്ലെന്ന് ഡോ.ശശി തരൂര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ നയിക്കേണ്ടത് രാഷ്ട്രതാല്പര്യം ആയിരിക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. 'ദി ഹിന്ദു' പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് വിമര്‍ശിക്കുന്നത് ശരിയല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഐക്യം രൂപം കൊള്ളേണ്ടത് രാജ്യനന്മയ്ക്ക് അത്യന്താപേക്ഷിതമാണ്. കാര്‍ഗില്‍ യുദ്ധകാലത്തും നരസിംഹറാവുവിന്റെ ഭരണകാലത്തും ഭരണ പ്രതിപക്ഷ കക്ഷികള്‍ രാജ്യതാല്‍പര്യത്തിന് വേണ്ടി ഒരുമിച്ചു നിന്ന ചരിത്രമുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായ ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷകാലത്ത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം നടക്കുകയാണ്, ഇതൊട്ടും ആശാസ്യമല്ല. ഭീകരവാദത്തെ ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ട നേരത്ത് വാഗ്വാദങ്ങള്‍ പാടില്ല എന്ന് തരൂര്‍ വിശദീകരിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനെ ചൊല്ലി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിന് അമേരിക്ക ഇടപെട്ടു എന്നതിനെച്ചൊല്ലി ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടി. പ്രത്യേകിച്ച് 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരാഗാന്ധി അമേരിക്കയെ മാറ്റിനിര്‍ത്തിയ സംഭവം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് നരേന്ദ്രമോദിയെ വെട്ടിലാക്കിയത്. എന്നാല്‍ 1971ലെ സ്ഥിതിയും ഇപ്പോഴത്തെ സംഭവങ്ങളും തമ്മില്‍ താരതമ്യം പറ്റില്ലെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. ശശി തരൂരും പാര്‍ട്ടിയും തമ്മില്‍ ഇടയാന്‍ ഈ വിഷയങ്ങള്‍ കാരണമായി. രാജ്യസുരക്ഷയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ടീയം പാടില്ല. ജനകീയതയേക്കാള്‍ രാഷ്ട്രതന്ത്രത്തിന് പ്രാധാന്യം നല്‍കണമെന്നാണ് തരൂര്‍ ലേഖനത്തില്‍ എടുത്തു പറയുന്നത്. 1994ല്‍ നരസിംഹ റാവുവിന്റെ കാലത്ത് ഐക്യരാഷ്ടസഭയില്‍ നടന്ന കാശ്മീര്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് വിദേശകാര്യ പാര്‍ലമെന്ററി കമ്മറ്റിയുടെ ചെയര്‍മാനായ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് ആയിരുന്നു. കോണ്‍ഗ്രസിന്റെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആയിരുന്നു ഡെപ്യൂട്ടി ചെയര്‍മാന്‍. പാകിസ്ഥാന്‍ ഞെട്ടിപ്പോയ നീക്കമായിരുന്നു അത്. പക്ഷേ ഇന്ന് ഇത്തരം നീക്കങ്ങള്‍ അസാധ്യമാണെന്നും തരൂര്‍ പറയുന്നു.
കേന്ദ്രത്തിന്റെ വിദേശകാര്യ പ്രതിനിധി സംഘങ്ങളിലൊന്നിന്റെ നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിന് ഔദ്യോഗിക സ്വഭാവമുള്ള ഉന്നത പദവി ലഭിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള നയതന്ത്ര സ്വഭാവമുള്ള ഉന്നത പദവി കേന്ദ്രം വാഗ്ദാനം ചെയ്തുവെന്ന അഭ്യൂഹമാണ് ശക്തമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വമോ ശശി തരൂരോ ഇതു സംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ലെങ്കിലും നേതാക്കള്‍ക്കിടയില്‍ വിഷയം സജീവ ചര്‍ച്ചയായിട്ടുണ്ട്. തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വഴ്ത്തിപ്പാടി തരൂര്‍ രംഗത്തെത്തിയപ്പോഴും തരൂരിന് കേന്ദ്രത്തില്‍ നിന്നു വാഗ്ദാനങ്ങള്‍ ലഭിച്ചുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. പുതിയ സാഹചര്യത്തില്‍ വിദേശകാര്യ വിദഗ്ധനായ തരൂരിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രത്യേകതാല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെയിലാണ് ദേശീയ വികാരം ഉയര്‍ത്തിയുള്ള ചര്‍ച്ചകള്‍ തരൂരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അതിനിടെയാണ്, വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വകക്ഷി പ്രതിനിധിസംഘത്തിന്റെ തലവനാകാന്‍ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനോട് സമ്മതിച്ചത് പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന വിവരവും കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. പഹല്‍ഗാം വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും താരതമ്യം ചെയ്ത കോണ്‍ഗ്രസുകാരെ തരൂര്‍ തിരുത്തിയതും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലിരുന്ന് പാര്‍ട്ടി നിലപാടുകളെയും വികാരത്തെയും നിരന്തരം വെല്ലുവിളിക്കുന്ന തരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദമുണ്ട്.