- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചെറുപ്പത്തില്‍ പ്രേതങ്ങളെ വലിയ പേടിയായിരുന്നു, എംഎല്‍എ ആയപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു'; ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ; സിനിമയില്‍ അവസരം ലഭിച്ചാല്‍ ഏതുവേഷം ചെയ്യും? മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ പിണറായി വിജയന്‍
മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ: പിണറായി വിജയന്‍

തിരുവനന്തപുരം: മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും, ഒഴിവുസമയങ്ങളില്‍ സിനിമ കാണാറുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
എം.എല്‍.എ. ആയിരുന്നപ്പോള്‍ പോലും വീട്ടില്‍ വൈദ്യുതിയില്ലാത്ത ഒരു കാലത്താണ് താന്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. രാത്രിയിലെ കടുത്ത ഇരുളില്‍ ഏത് സമയത്തും എവിടെയും പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നാണ് അന്ന് തോന്നിയിരുന്നത്. എന്നാല്‍ വളര്‍ന്നുവന്നപ്പോള്‍ ഈ ഭയങ്ങള്‍ താന്‍ സ്വയം മാറ്റിയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഭ്യമാകുന്ന ഒഴിവുവേളകള്‍ വായനയ്ക്കും ടെലിവിഷനില്‍ സിനിമ കാണുന്നതിനും വേണ്ടിയാണ് ഉപയോഗിക്കാറുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തില്‍ തനിക്ക് മറക്കാനാവാത്ത സിനിമകളിലൊന്ന് 'അമൃതം ഗമയ' ആണെന്നും, ചില സിനിമകളിലെ രംഗങ്ങള്‍ ജീവിതവുമായി ബന്ധമുള്ളതായി തോന്നാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ഓര്‍ത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എം.ടി എഴുതിയ അമൃതംഗമയ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണ്. അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഇഷ്ടമാണ്. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി തോന്നിയിട്ടുണ്ട്,' പിണറായി വിജയന്‍ പറഞ്ഞു.ആക്ഷന്‍ ചിത്രങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും, നടന്‍ രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.'ഒരു ഘട്ടത്തില്‍ രജനീകാന്ത് സിനിമകളായിരുന്നു ഇഷ്ടം. ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമാണ്. കെടിവിയില്‍ സ്ഥിരമായി രജനിപ്പടങ്ങള്‍ വരുമായിരുന്നു. അതൊക്കെ കാണാറുണ്ടായിരുന്നു,-മുഖ്യമന്ത്രി പറഞ്ഞു.
അവസരം ലഭിച്ചാല്‍ ഏതുവേഷം ചെയ്യും?
സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹന്‍ലാലിന്റെ രസകരമായ ചോദ്യത്തിന്, 'സിനിമയില്‍ അഭിനയിക്കാനുള്ള കാലം കഴിഞ്ഞു, ഇനി പ്രായമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ പറ്റൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
അമ്മയുടെ വേര്‍പാടും ജീവിതത്തിലെ നിയോഗവും
ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉലച്ച സംഭവം അമ്മയുടെ വേര്‍പാടാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് നാട്ടിലെത്തി അമ്മയ്ക്ക് അവസാനമായി വെള്ളം നല്‍കിയതും, അമ്മ പോയ വിവരം ആരോടെങ്കിലും പറയാന്‍ പോലും കഴിയാതെ വിതുമ്പിനിന്ന നിമിഷവും അദ്ദേഹം പങ്കുവെച്ചു. അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വരുമായിരുന്ന തന്നെ പഠിക്കാന്‍ പ്രേരിപ്പിച്ചത് അമ്മയും അധ്യാപകരുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
ചോരപുരണ്ട ഷര്‍ട്ടും ലോക്കപ്പ് മര്‍ദ്ദനവും
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനമേറ്റ് ചോരപുരണ്ട തന്റെ ഷര്‍ട്ട് ദീര്‍ഘകാലം സൂക്ഷിച്ചുവെച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'തൊലിയുരിഞ്ഞു പോകുന്ന മര്‍ദ്ദനമായിരുന്നു അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്നത്തെ പ്രായത്തിന്റെ കരുത്തിലാണ് അത് അതിജീവിച്ചത്.' പില്‍ക്കാലത്ത് ആഭ്യന്തര വകുപ്പ് കയ്യില്‍ വന്നപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളോടും വിമര്‍ശകരോടും
തന്റെ 'കടുപ്പക്കാരന്‍' എന്ന ഇമേജ് ബോധപൂര്‍വ്വം ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല. ഒരു വാര്‍ത്ത മാറ്റണം എന്ന് ആവശ്യപ്പെട്ട് ഇന്നുവരെ ഒരു മാധ്യമപ്രവര്‍ത്തകനെയും താന്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് പലരും തന്നിലൂടെ പ്രകടിപ്പിക്കുന്നത് എന്നതിനാല്‍ ആരോടും അമര്‍ഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവികള്‍ താല്‍ക്കാലികം
ഏതൊരു സ്ഥാനവും നിയോഗത്തിന്റെ ഭാഗമാണെന്നും ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നുമുള്ള തന്റെ ജീവിതദര്‍ശനം അദ്ദേഹം പങ്കുവെച്ചു. മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരം പാട്ടു പാടിയില്ലെങ്കിലും ഉപനിഷത്തിലെ നാലുവരി ശ്ലോകം ചൊല്ലിയാണ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചത്.


