തിരുവനന്തപുരം: കഅഞ്ചു വർഷത്തെ യാത്രക്കിടയിൽ അനുഭവിച്ച സൈബർ ആക്രമണങ്ങളെ പറ്റി തുറന്നുപറഞ്ഞ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. സ്‌ക്രീനിൽ കണ്ട പരിചയം വച്ചാണ് മുൻവിധിയോടെ പലരും കമന്റ് ചെയ്യുന്നതെന്നും മറഞ്ഞുനിന്ന് എന്തും പറയാമെന്ന സ്ഥിതിയാണെന്നും അതിജീവിത പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.നെഗറ്റീവ് കമന്റിടുന്നവരെ തേടിപ്പിടിച്ച് പോയി നന്നാക്കാനാവില്ലെന്നും അവർക്ക് അതിൽ നിന്നും എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കിൽ കിട്ടട്ടെയെന്നുമാണ് ഇപ്പോഴത്തെ ചിന്തയെന്നും അവർ പ്രതിരിച്ചു.

'ഇവർക്കൊന്നും എന്നെ അറിയുകപോലുമില്ല. സ്‌ക്രീനിൽ കാണുന്ന പരിചയമേയുള്ളൂ. ആ പരിചയം വെച്ചിട്ടാണ് വളരെ ജഡ്ജ്മെന്റലായി കമന്റ് ചെയ്യുന്നത്. അവർക്ക് ഞാൻ ആരാണെന്നറിയില്ല, എന്റെ യാത്ര എങ്ങനെയായിരുന്നു എന്ന് അറിയില്ല. മറഞ്ഞുനിന്ന് എന്തും പറയാമെന്നാണ്. മിക്കവാറും ഫേക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റുകൾ വരാറുള്ളത്.

എന്തിനാണ് ജീവിതത്തിൽ ഒരാൾ ഇത്ര നെഗറ്റീവായതെന്ന് തോന്നും. പിന്നെ ഇവരെയൊക്കെ കണ്ടുപിടിച്ച് പോയി നന്നാക്കാൻ പറ്റില്ലല്ലോ. അവർക്ക് അങ്ങനെ ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെയെന്ന് വിചാരിച്ചു. എന്റെ അഞ്ച് വർഷത്തെ യാത്രക്കിടയിൽ ഞാൻ പലപ്പോഴും ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്.

തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്. അത് ഞാൻ ഒരു പ്രാവശ്യം പറഞ്ഞു. അത് പറയാൻ എന്നെക്കൊണ്ട് പറ്റും. എല്ലാവരുടെയും മാനസികാവസ്ഥ എന്താണെന്ന് നമുക്ക് പറയാൻ പറ്റില്ല. എല്ലാവരും അങ്ങനെ പറഞ്ഞു എന്ന് കരുതി മാറി ചിന്തിക്കണമെന്നുമില്ല. അത് ഓരോരുത്തരുടെ മാനസിക അവസ്ഥയാണ്. ചിലരെക്കൊണ്ട് അത് ഫേസ് ചെയ്യാൻ പറ്റുന്നു. ചിലർ മിണ്ടാതിരിക്കുന്നു,' അതിജീവിത പറഞ്ഞു.

അതേസമയം നവംബർ 10ന് കേസിന്റെ വിചാരണ തുടങ്ങിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു.

ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു, ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതാണ് കുറ്റം.

മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച് പൾസർ സുനിയും കൂട്ടാളികളും പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്ത് ആയ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

തുടരന്വേഷണത്തിൽ ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ ദൃശ്യങ്ങൾ ഐ പാഡിൽ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്ര കുമാർ മൊഴി നൽകിയിട്ടുണ്ട്.