കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്. ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. കോളജിന് സമപീം കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടിട്ടുണ്ട്. ഐഡി കാർഡ് ഉള്ളവരെ മാത്രമാണ് കോളജിന് അകത്തേക്ക് കയറ്റി വിടുന്നത്.

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. റോഡിൽ നിന്ന് തങ്ങളെ പൊലീസ് ഒരുകാരണവുമില്ലാതെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.

നേരത്തെ, കൊച്ചിയിലും പാലക്കാടും മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. ഇന്ധന സെസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്ക് എതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്.

 ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കുള്ളത് സെഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ്. വാഹനവ്യൂഹത്തിൽ ഏറ്റവും മുന്നിലായി ഒന്നാം പൈലറ്റ്. പിന്നിലായി രണ്ടാം പൈലറ്റ്. അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ. പിന്നാലെ 2 എസ്‌കോർട്ട് വാഹനവും കമാൻഡോകളുടെ ഒരു സ്‌ട്രൈക്കർ ഫോഴ്‌സും ഒടുവിൽ ഒരു കാറും. ആകെ 7 വാഹനങ്ങളുടെ നിര. എല്ലാത്തിലുമായി 30 മുതൽ 40 പൊലീസുകാർ ഉണ്ടാകും.