ഹരാരെ: ഇവാഞ്ചലിക്കല്‍ പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായ ജോണ്‍ സ്മിത്തിന്റെ കൈകളില്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് മേല്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് ഏഴ് സിംബാബ്വേ പൗരന്മാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 4 ന് നടത്തിയ ഈ പ്രഖ്യാപനം കേവലം നീതി തേടിയുള്ള ഒരു നീക്കമല്ലെന്ന് ചിലര്‍ വിലയിരുത്തുന്നു. വിശ്വാസത്തിന്റെ പേരില്‍ അക്രമം പരത്തിയ ഒരു സ്ഥാപനത്തിനെതിരെയുള്ള നീക്കം കൂടിയാണ് എന്ന് അവര്‍ പറയുന്നു.

സ്മിത്തിന്റെ സംഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയുടെ ഉന്നത വൃത്തങ്ങളില്‍ അതിശക്തനായ ഒരു വ്യക്തിത്വമായിരുന്നു അയാള്‍. സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ബാരിസ്റ്ററും ഇവാഞ്ചലിക്കല്‍ നേതാവുമായ അയാളായിരുന്നു യു കെ, സിംബാബ്വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നത്. നൂറിലധികം ആണ്‍കുട്ടികളും യുവാക്കളുമാണ് ഇവിടെ പീഢനത്തിനിരയായത്.

പിടിക്കപ്പെടാതിരിക്കാന്‍ സ്മിത്ത് തന്റെ പദവിയും അധികാരവും ഉപയോഗിച്ച് ഇരകളെ നിശബ്ദരാക്കിയിരുന്നു. ഇയാളുടെ പീഢനത്തെ കുറിച്ചുള്ള വിവരങ്ങള്‍ 1980 കളില്‍ ഇംഗ്ലണ്ടില്‍ ആദ്യമായി പുറത്തു വന്നപ്പോള്‍ സഭ അതിനെ കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു. അതുവഴി ആഫ്രിക്കയില്‍ കൂടുതല്‍ ക്രൂരതകള്‍ അഴിച്ചുവിടാന്‍ അയാള്‍ക്ക് മൗനാനുവാദം നല്‍കുകയായിരുന്നു. സിംബാബ്വേയില്‍ ഇയാളുടെ ഇരകള്‍ മുഴുവന്‍ ക്രിസ്ത്യന്‍ ക്യാമ്പിലെ ആണ്‍കുട്ടികളായിരുന്നു. അതില്‍, ഗൈഡ് ന്യാചുരു എന്ന 16 കാരനെ 1992 ല്‍ ക്യാമ്പിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സഭയ്ക്ക്തിരെ നടപടികള്‍ക്കായി ഒരു കൂട്ടം ഇരകള്‍ തയ്യാറായി വന്നപ്പോള്‍ അവര്‍ക്കൊപ്പം ന്യാചുരുവിന്റെ കുടുംബവും ഉണ്ടായിരുന്നു. പീഡനങ്ങള്‍ക്കും ഒപ്പം, അതിനുനേരെ സഭ കൈക്കൊണ്ട നിഷ്‌ക്രിയത്വവും ചോദ്യം ചെയ്തുകൊണ്ടാണ് നിയമനടപടികള്‍ മുന്നോട്ട് പോകുന്നതെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സ്വാധീനം വളര്‍ത്തിയത് കേവലം ആത്മീയ വഴിയില്‍ക്കൂടി മാത്രമായിരുന്നില്ല. മറിച്ച് കീഴടക്കലുകളും, സാമ്രാജ്യങ്ങളുടെ ഉപരോധങ്ങളും എല്ലാം ചേര്‍ന്നായിരുന്നു ഇവിടെ സഭ വളര്‍ന്നത്.

ഈ പീഢനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ സ്വതന്ത്ര കമ്മിറ്റി അവരുടെ അന്വേഷണ റിപ്പോര്‍ട്ട് 2024 നവംബര്‍ 7 ന് സമര്‍പ്പിച്ചിരുന്നു. സ്മിത്തിന്റെ കുറ്റകൃത്യങ്ങള്‍ സഭ മറച്ചു പിടിച്ചതും അതിനെതിരെ നടപടികള്‍ എടുക്കാന്‍ ആലംബം കാട്ടിയതുമെല്ലാം അതില്‍ കൃത്യമായി പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അന്നത്തെ സഭാ മേധാവി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.