കേംബ്രിഡ്ജ്: ചാപ്പലുകള്‍ക്കും, കോളേജുകള്‍ക്കും അതുപോലെ വളഞ്ഞു തിരിഞ്ഞു പോകുന്ന റോഡുകള്‍ക്കും ഏറെ പ്രശസ്തമാണ് കേംബ്രിഡ്ജ് നഗരം. എന്നാല്‍, അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ താമസിക്കുന്നവരില്‍ 28 ശതമാനം പേര്‍ വിദേശ പൗരന്മാരാണ് എന്നതാണത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മൊത്തം കണക്കു നോക്കിയാല്‍ 10 ശതമാനം മാത്രമാണ് വിദേശികള്‍ ഉള്ളത്. 2021 ലെ സെന്‍സസ് പ്രകാരം, ലണ്ടനു പുറത്തുള്ള ഏതൊരു ലോക്കല്‍ അഥോറിറ്റി പ്രദേശത്തേയും കണക്കെടുത്താല്‍ ഇത് വളരെ കൂടുതലുമാണ്.

2021 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ജനിച്ചവരാണ് കേംബ്രിഡ്ജില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിഭാഗം. പത്ത് വര്‍ഷം മുന്‍പുണ്ടായിരുനന്തിന്റെ ഇരട്ടിയായി ഇപ്പോള്‍ 4000 ല്‍ അധികം ഇന്ത്യാക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ആദ്യമൊക്കെ ഇവിടെ എത്തുമ്പോള്‍ അപരിചിതത്വവും ഒറ്റപ്പെടലും അനുഭവപ്പെടുമെങ്കിലും , പ്രദേശവാസികളുടെ സ്നേഹം തങ്ങളെ ഇവിടെ തന്നെ പിറ്റിച്ചു നിര്‍ത്തുന്നു എന്നാണ് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ ശേഷം കേംബ്രിഡ്ജില്‍ താമസമാക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ വംശജയായ ബര്‍നാലി ഘോഷ് പറയുന്നത്.

ഐ ടി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഇവിടെ ഇന്ത്യാക്കാര്‍ കൂടുതലായുള്ളത്. ആരെയും നെഞ്ചോടടുക്കിപ്പിടിക്കുന്ന നഗരമാണ് കേംബ്രിഡ്ജ് എന്നാണ് ബര്‍നാലി പറയുന്നത്. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുക്കുന്ന വ്യക്തിയാണ് ബര്‍നാലി. സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം വിശേഷ ദിവസങ്ങളില്‍ സമൂഹ ആരാധനകളും ഇവര്‍ സംഘടിപ്പിക്കാറുണ്ട്. ഉത്സവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു സംസ്‌കാരമാണ് ഇന്ത്യയുടേത്. അതുകൊണ്ടു തന്നെ ഇത്തരം പരിപാടികളില്‍ ഇന്ത്യാക്കാര്‍ ആവേശപൂര്‍വ്വം പങ്കെടുക്കാറുണ്ടെന്നും അവര്‍ പറയുന്നു.

അറുപതിലധികം ബഹുരാഷ്ട്ര കമ്പനികളാണ് ഈ നഗരത്തിലുള്ളത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് പുറമെ നഗരത്തിലുള്ള ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലും നല്ലൊരു ഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. ഇന്ത്യാക്കാര്‍ക്കെതിരെ ഒരു വിവേചനവും ഇവിടെയില്ല എന്നും ബര്‍നാലി വ്യക്തമാക്കുന്നു. എന്നാല്‍, അസമത്വം വളരെയധികം പ്രതിഫലിപ്പിക്കുന്ന ഒരു നഗരം കൂടിയാണിത്. ഇവിടെയുള്ള, ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 80 ശതമാനം പേര്‍ക്കും കുറഞ്ഞ വരുമാനക്കാരായ 20 ശതമാനത്തിന് ഉള്ളതിന്റെ ഇരട്ടിയിലധികം വരുമാനമുണ്ട് എന്നതാണ് അതിനു കാരണം.

കേംബ്രിഡ്ജ് നഗരത്തിന്റെ വളര്‍ച്ചയില്‍ വിദേശപൗരന്മാര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ പോള്‍ സ്വയ്‌നി പറയുന്നു. എന്നാല്‍, ഭവന ലഭ്യത ഇപ്പോഴും ഒരു പ്രശ്നമായി തുടരുന്നു എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ജനസംഖ്യ വര്‍ദ്ധനവ് തന്നെയാണ് ഇതിന് പ്രധാന കാരണം. 2011 നും 2021 നും ഇടയിലായി കേംബ്രിഡ്ജിലെ ജനസംഖ്യ വര്‍ദ്ധിച്ചത് 17.6 ശതമാനമാണ്.