തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് മജിസ്ട്രറ്റിന്റെ സാന്നിധ്യത്തിലാണ് പൊലീസ് രേഖപ്പെടുത്തിയത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കളെയും ബന്ധുവിനേയും ചോദ്യം ചെയ്ത് വരികയാണ്.

അതേ സമയം ഗ്രീഷ്മ നടത്തിയ ക്രൂരകൃത്യം അറിഞ്ഞതിന്റെ ഞെട്ടലിലാണ് തക്കല മുസ്ലിം ആർട്‌സ് കോളജ് അധികൃതർ. ഒരിക്കൽ കോളജിന്റെ അഭിമാനമായിരുന്ന കുട്ടിയെപ്പറ്റി ഇപ്പോൾ ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് കോളജ് അധികൃതർ പറയുന്നു.

ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനു റാങ്ക് ജേതാവ് ആയിരുന്നു ഗ്രീഷ്മ. തക്കല മുസ്ലിം ആർട്‌സ് കോളജിനു മുന്നിലെ നോട്ടീസ് ബോർഡിൽ ഇപ്പോഴും ഗ്രീഷ്മയെ അഭിനന്ദിച്ചുള്ള അറിയിപ്പ് ഉണ്ട്. 2020-21 വർഷത്തെ റാങ്ക് ജേതാക്കളുടെ പട്ടികയിൽ രണ്ടിടത്ത് ഗ്രീഷ്മയെ കാണാം. കഴിഞ്ഞ വർഷമാണ് ഗ്രീഷ്മ കോളേജ് പഠനം പൂർത്തിയാക്കിയത്. പാസ്സ് ഔട്ട് സ്റ്റുഡന്റ് എന്ന നിലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

വളരെ നിർഭാഗ്യകരമായ സംഭവമാണിത്. പഠനത്തിൽ അതീവമിടുക്കിയായിരുന്നു ഗ്രീഷ്മ. അതുപോലെ തന്നെ കലാപ്രവർത്തനങ്ങളിലും ഗ്രീഷ്മ സജീവമായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ആക്റ്റീവായി പങ്കെടുത്തിരുന്ന പെൺകുട്ടിയായിരുന്നു ഗ്രീഷ്മ എന്ന് കോളേജ് അധികൃതർ പറയുന്നു. എന്നാൽ ഇത്തരം ക്രൂരമായ ഒരു പ്രവർത്തിയുടെ പേരിൽ ഗ്രീഷ്മ പൊലീസിന്റെ പിടിയിലായിരിക്കുന്നത് കോളേജിനെ ഞെട്ടിച്ചിരിക്കുകയാണ്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി ഇന്നലെയാണ് പൊലീസിനോട് സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഷാരോൺ രാജിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.