കൊച്ചി: ഉല്ലാസയാത്രയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ സോളാർ ബജറ്റ് ക്രൂയിസായ 'ഇന്ദ്ര' അടുത്ത മാസം കൊച്ചിയിൽ ഓടിത്തുടങ്ങും. രണ്ടുനിലയുള്ള ശീതീകരിച്ച ക്രൂയിസിൽ മൂന്നര മണിക്കൂർ ഉല്ലാസ യാത്രയ്ക്ക് ഒരാൾക്ക് 300 രൂപ മാത്രമാണ് നിരക്ക്. ഈ വേനലവധിക്കാലത്ത് 'ഇന്ദ്ര' ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ.

മൂന്നരക്കോടി രൂപ ചെലവിലാണ് ജലഗതാഗത വകുപ്പിന്റെ 'ഇന്ദ്ര' സോളാർ ബജറ്റ് ക്രൂയിസ് ഒരുങ്ങുന്നത്.ഫ്രഞ്ച് സാങ്കേതികവിദ്യയിലുള്ള ക്രൂയിസിന്റെ അന്തിമ ജോലികൾ അരൂരിൽ നടക്കുന്നു.ഒരേസമയം 100 പേർക്ക് സഞ്ചരിക്കാം. ദിവസം രണ്ട് ട്രിപ്പുകളുണ്ടാകും.രാവിലെ 10.30 മുതൽ രണ്ടുവരെയും ഉച്ചയ്ക്ക് മൂന്നര മുതലും.രണ്ടാമത്തെ യാത്രയിൽ അസ്തമയവും കാണാം.

എറണാകുളം ജെട്ടിയിൽനിന്നു പുറപ്പെടുന്ന ബോട്ട് പിഴലയ്ക്കു മുമ്പ് ഇടത്തേക്ക് തിരിഞ്ഞ് വൈപ്പിൻ കടൽമുഖം, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലൂടെ കാഴ്ചകൾ കണ്ടാണ് തിരിച്ചെത്തുക. ഇടയ്ക്ക് മട്ടാഞ്ചേരിയിൽ അര മണിക്കൂർ നിർത്തുകയും ചെയ്യും. ബജറ്റ് ടൂറിസത്തിലെ വലിയ സാധ്യതകളാണ് പുതിയ പദ്ധതിക്ക് പ്രേരണയായതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

ഈ മാസം 24-ന് കൊല്ലത്ത് 'സീ അഷ്ടമുടി' എന്ന ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നുണ്ട്. ഒന്നര വർഷം മുൻപ് ആലപ്പുഴയിൽ തുടങ്ങിയ 'വേഗ' ക്രൂയിസ് വിജയമാണ്. പാതിരാമണൽ, കുമരകം, ഫിനിഷിങ് പോയിന്റ് എന്നിവ കണ്ട് മടങ്ങുന്ന ഒരു ദിവസത്തെ ട്രിപ്പിന് എ.സി. ബോട്ടിൽ 600 രൂപ, നോൺ എ.സി.ക്ക് 400 എന്നിങ്ങനെയാണ് നിരക്ക്. കുട്ടനാടൻ വിഭവങ്ങളും യാത്രയിൽ കഴിക്കാനാകും. കുടുംബശ്രീയാണ് ചുമതലക്കാർ.

ഇതുകൂടാതെ 90 പേർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് സർവീസുമുണ്ട്. ഇത്തവണത്തെ ബജറ്റിലും രണ്ട് ടൂറിസം ബോട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്‌സി ആലപ്പുഴയിലും കണ്ണൂരിലും അവതരിപ്പിച്ചതും സംസ്ഥാന ജലഗതാഗത വകുപ്പാണ്.