ഡമാസ്‌കസ്: തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ ഉണ്ടായത് സമാനതകളില്ലാത്ത നഷ്ടങ്ങളാണ്.അതിനാൽ തന്നെയാണ് ഈ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നായി ഇതിനെ പറയുന്നതും.ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു ഇത്. തുർക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങളുടെ വാർത്തകൾ അധികം വൈകാതെ തന്നെ എല്ലായിടത്തും എത്തി.

ദുരന്തഭൂമിയിൽ നിന്നുള്ള ആരുടേയും ഹൃദയം തകർക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ചിലതിൽ എങ്ങനെയാണ് ക്ഷണനേരങ്ങൾ കൊണ്ട് കെട്ടിടങ്ങൾ നിലം പൊത്തുന്നത് എന്നത് കാണിക്കുമ്പോൾ മറ്റ് ചിലതിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ എങ്ങനെയാണ് ആളുകളെ രക്ഷപ്പെടുത്തിയെടുക്കാൻ കഠിനപ്രയത്‌നം ചെയ്യുന്നത് എന്ന് കാണാം. അതേ സമയം, കാണുമ്പോൾ തന്നെ വേദനയാകുന്ന ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചു.

അത്തരത്തിൽ ദുരന്തഭൂമിയിലെ നോവായി മാറുകയാണ് നാസർഅൽവക്ക.വർഷങ്ങൾ നീണ്ട യുദ്ധം, ബോംബാക്രമണം, വ്യോമാക്രമണം... ഇവയിൽനിന്നെല്ലാം നാസർഅൽവക്ക തന്റെ കുടുംബത്തെ സുരക്ഷിതമാക്കി. എന്നാൽ തിങ്കളാഴ്ച സിറിയയിലെ ജന്ധാരസിലെ വീടിനു മുകളിൽ പതിച്ച ദുരന്തത്തിൽനിന്ന് അവരെ രക്ഷിക്കാൻ വക്കയ്ക്കായില്ല. ''ഒരു കുട്ടിയെ എങ്കിലും തിരിച്ചു നൽകണേ'' ഭൂകമ്പം ഇല്ലാതാക്കിയ വീട്ടിൽനിന്ന് ഇങ്ങനെ അലറി വിളിച്ചാണ് ഇറങ്ങി ഓടിയതെന്ന് ദുരന്തദിനം ഓർത്തെടുത്ത് വക്ക പറഞ്ഞു.

ഭൂകമ്പം തകർത്ത വീട്ടിൽനിന്ന്, പൊടിമൂടിയ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽനിന്ന് അന്നു പുലർച്ചെ രക്ഷാപ്രവർത്തകർ വക്കയുടെ രണ്ടു കുട്ടികളെ ജീവനോടെ പുറത്തെടുത്തു. മറ്റൊരു കുട്ടിയും രക്ഷപ്പെട്ടു. ഈ ആശ്വാസവാർത്തയ്ക്കു പിന്നാലെ ഒന്നിനു പിറകേ ഒന്നായി ഏഴു ദുരന്തവാർത്തകൾ വക്കയെ തേടിയെത്തി. ജീവനറ്റ ഭാര്യയുടെയും ആറു മക്കളുടെയും മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൂന്നുവീതം ആൺകുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളും ആ വീടിനൊപ്പം ഇല്ലാതായി.

സിറിയയിലും തുർക്കിയിലും ഇത്തരത്തിലുള്ള ദുരന്തക്കാഴ്ചകൾ ആവർത്തിക്കുകയാണ്. ദുരന്തമുണ്ടായി 5 ദിവസമാകുമോഴും ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ, തകർന്നുവീണ കെട്ടിടങ്ങൾക്കു മുന്നിൽ നിൽക്കുകയാണ് പലരും. രക്ഷാപ്രവർത്തകരാകട്ടെ പ്രതീക്ഷയുടെ ഞെരക്കമോ മൂളലോ കേൾക്കുമെന്ന് കാതോർത്ത് തിരച്ചിൽ തുടരുകയാണ്.ഹൃദയഭേദകമായ മറ്റൊരു കാഴ്‌ച്ചയാണ് ഫോട്ടോഗ്രാഫർ അഡെം ആൾട്ടൻ പകർത്തിയിരിക്കുന്ന ഒരു ചിത്രം. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്ന, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യരുടെ വേദനകളെ കാണിക്കുന്നതായിരുന്നു ആൾട്ടൻ പകർത്തിയ ചിത്രങ്ങൾ.

ഈ ചിത്രത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കയ്യും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്.ചിത്രത്തിൽ തന്റെ കുടുംബാംഗങ്ങളെ ഭൂചലനത്തിൽ നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. മരിച്ചു പോയിട്ടും കൈവിടാനാകാതെ അതിലൊരാളുടെ കയ്യിൽ പിടിച്ചിരിക്കുന്ന മനുഷ്യന്റെ ചിത്രം ഹൃദയഭേദകമാണ്. ഗാർഡിയനിലെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മകളായ പെൺകുട്ടിക്ക് ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണിട്ടുണ്ട്.

അതേസമയം തുർക്കിയിൽ ഭൂകമ്പത്തിൽ മരണം 23000 കടന്നതായി റിപ്പോർട്ട്.23700 പേർ മരിച്ചതായി ഒരു അന്താരാഷ്ട്രമാധ്യമം റിപ്പോർട്ട് ചെയ്തു. അഞ്ചാം ദിവസവും പ്രതീക്ഷകളോടെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു.

നിമിഷം നേരം കൊണ്ട് സർവവും തകർന്നടിഞ്ഞിട്ടും തുർക്കിയിൽ പ്രതീക്ഷകൾ ഇന്നും അസ്തമിച്ചിട്ടില്ല. തകർന്നടിഞ്ഞു വീണു കിടക്കുന്ന കോൺക്രീറ്റ് കൂനകൾക്ക് മുന്നിൽ ഊണും ഉറക്കവുമില്ലാതെ ശ്വാസമടക്കിപ്പിച്ച് കൊണ്ട് ഉറ്റവർക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് പലരും. ഞരക്കങ്ങൾക്കായി കാതോർത്ത്‌കൊണ്ട് ഈ മണിക്കൂറുകളിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

കോൺക്രീറ്റ് മലക്കുള്ളിലേക്ക് ഊളിയിട്ട് ഓരോ പുതിയ ശരീരവും കൊണ്ട് അവർ തിരിച്ചെത്തുമ്പോഴും, തെരുവുകളിൽ ആരവങ്ങൾ ഉയരും. പുറത്തെടുത്ത ആളിന് ജീവനില്ലെന്ന് അറിയുമ്പോൾ, അത് ബന്ധുക്കളുടെ ആർത്തനാദങ്ങളായി മാറും. മണിക്കൂറുകൾക്കുള്ളിൽ അതേ തെരുവിൽ, ജീവനോടെ മറ്റൊരാളെ പുറത്തെടുക്കും. അള്ളാഹു അക്‌ബർ വിളികൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും.

സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.

അതിനിടെ ലോകബാങ്ക് തുർക്കി സിറിയ ഭൂകമ്പ പുനരുദ്ധാരണത്തിനായി ഇന്ന്, 1.78 ബില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ചു. അമേരിക്കയും 85 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.ഭൂകമ്പ ശേഷമുള്ള അഞ്ചാം രാത്രിയിലും തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും അന്തിയുറങ്ങാൻ പോവുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്.

ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.