തിരുവനന്തപുരം: ഏപ്രിൽ ഫൂളിന് പഴയ കാലത്തെയത്ര ആവേശമൊന്നും ഇപ്പോഴില്ല. വിഢിദിനാഘോഷം അതിര് കടന്ന് പല അബദ്ധങ്ങൾക്കും ദുരന്തങ്ങൾക്കും വരെ വഴിവെച്ചപ്പോൾ പതിയെ ഇത്തരം ദിനാചരണവും കുറഞ്ഞുവരികയായിരുന്നു. ഇതിനിടയിലാണ് ഏപ്രിൽഫുൾ പോസ്റ്റ് ഇടാൻ നോക്കി ഒരു സർക്കാർ വകുപ്പ് സ്വയം ഫുളായത്. സംസ്ഥാന സർക്കാറിന്റെ വനിതാ ശിശുക്ഷേമ വകുപ്പാണ് ഏപ്രിൽ ഫൂൾ പോസ്റ്റ് ഇട്ട് പണി വാങ്ങി ഒടുവിൽ പോസ്റ്റ് പിൻവലിച്ചത്.

സംഭവം ഇങ്ങനെ..ഏപ്രിൽ ഒന്നുമുതൽ വരുന്ന നിയമങ്ങൾ എന്ന രീതിയിലായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തത്.കല്യാണം കഴിഞ്ഞാൽ സത്രീകൾക്ക് ജോലിക്ക് പോകരുത്, സ്ത്രീകൾക്ക് കുറവ് വേതനം കൊടുക്കുന്നതിൽ തെറ്റില്ല, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ലെന്നും തുടങ്ങിയ നിരവധി കാര്യങ്ങളാണ് പോസ്റ്റിൽ പറയുന്നത്.അവസാനത്തെ പോസ്റ്റ് ചെയ്ത കാർഡിലാണ് പറ്റിച്ചേ, ഇങ്ങനെയുള്ള നിയമങ്ങൾ ന്യായമാണെന്ന് വിശ്വസിക്കുന്നവരല്ലേ യഥാർഥ ഫൂളുകൾ എന്നതായിരുന്നു പോസ്റ്റ്.

ആളുകളെ ഫൂളാക്കാനാണ് വനിത ശിശുക്ഷേമസമിതി ഇറങ്ങിപ്പുറപ്പെട്ടതെങ്കിൽ, പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സ്വയം ഫൂളാകുന്ന സ്ഥിതിയാണുണ്ടായത്.പോസ്റ്റ് വലിയതോതിൽ ആശയക്കുഴപ്പത്തിനടയാക്കുന്നുവെന്ന തരത്തിലാണ് പരാതി ഉയർന്നത്. വ്യാപകമായ വിമർശനം ഉയർന്നതോടെ അധികൃതർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, കേരള ടൂറിസം വകുപ്പ്, ഔദ്യോഗിക ഫേസ്‌ബുക്, ട്വിറ്റർ പേജുകളിലൂടെ പങ്കുവച്ച 'ഏപ്രിൽ ഫൂൾ' ചിത്രം വൈറലായി. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ നടക്കുന്ന 'സ്പൈഡർമാൻ' താരങ്ങളായ ടോം ഹോളണ്ടിന്റെയും സെൻഡയയുടെയും ചിത്രങ്ങൾ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ബോസ്റ്റണിൽ വച്ചെടുത്ത ഇരുവരുടെയും ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. 'ആരെയാണ് ഞങ്ങൾ കണ്ടെത്തിയതെന്ന് നോക്കൂ' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.