- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ ഒന്നിന് മേയർ ഡൽഹിയിൽ, പിന്നെങ്ങനെ ഒപ്പിടും'; കത്തിലെ ഒപ്പും വ്യാജമെന്ന് തെളിവുനിരത്തി ഡെപ്യൂട്ടി മേയർ ; വിവാദം സൃഷ്ടിക്കാൻ വ്യാജമായി ആരോ നിർമ്മിച്ചതാണ് കത്ത്; ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രാജു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രേഖകൾ നിരത്തി രാജു മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ വ്യാജമായി ആരോ നിർമ്മിച്ചതാണ് കത്ത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കത്തിൽ മേയർ ഒപ്പിട്ടിരിക്കുന്നത് നവംബർ ഒന്നിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് മേയർ ഡൽഹിയിലാണ്. അവിടെനിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.അതിനിടെ, മേയർക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഡപ്യൂട്ടി മേയർ പി.കെ.രാജുവിന് പരുക്കേറ്റു.പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറി. പരുക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് സംഘടിതമായെത്തിയ കൗൺസിലർമാരും പുറത്തുനിന്ന് എത്തിയ പ്രവർത്തകരും രാജുവിനെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാജു നിലത്തുവീണു. എൽഡിഎഫ് കൗൺസിലർമാരും സുരക്ഷാ ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും അവർക്കു നേരെയും കയ്യേറ്റമുണ്ടായി. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പുറത്താക്കിയത്.
ഇതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത ബിജെപി. കൗൺസിലർ കരമന അജിത്തും കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മേയർ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്. മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരിച്ചാണ് ആര്യ രാജേന്ദ്രൻ കൗൺസിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയോട് പൂർണ വിശ്വസവും ആദരവും നിലനിർത്തുമെന്നും പക്ഷപാതിത്വം പാലിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയർ, പാർട്ടിക്കാരുടെ നിയമനത്തിനായി പാർട്ടി നേതാവിന് കത്ത് നൽകി. ഇത് സത്യപ്രതിജ്ഞ സംഘനമാണ്. അതിനാൽ മേയർക്ക് ആ പദവിയിൽ മാത്രമല്ല, കൗൺസിലറായി തുടരാനും അർഹതയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി എത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
മേയർ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെ പതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രതിഷേധക്കാരെ, പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു.
മേയറെ സിപിഎം പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ ചെയ്യുന്ന വൃത്തികേടുകളാണ് മേയറിലൂടെ പുറത്തുവന്നതെന്നും പിഎസ് സി വഴിയെത്തുന്ന ചെറുപ്പക്കാർക്ക് അവസരം നിഷേധിക്കുകയാണ് ഇത്തരം നടപടിയെന്നും സതീശൻ പറഞ്ഞു. പിൻവാതിൽ നിയമനം വ്യാപകമാണെന്നും ഇതെല്ലാം പാർട്ടിയുടെ അറിവോടെയുമാണ്. മേയർ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ