- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളികപ്പുറത്തെ കതിന അപകടം; ജില്ല കലക്ടറോടും ദേവസ്വം ബോർഡിനോടും അടിയന്തിര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി ; പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും നിർദ്ദേശം
തിരുവനന്തപുരം : ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും അടിയന്തിര റിപ്പോർട്ട് തേടി.
ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയകുമാർ (47), അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ജയകുമാറിന്റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
സന്നിധാനം സർക്കാർ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുകയായിരുന്നു. കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിയത്.
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും മന്ത്രി നിർദ്ദേശിച്ചു. സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു.പരിക്കേറ്റവർക്ക് മതിയായ ചികിൽസാ സൗകര്യങ്ങ ൾഏർപ്പെടുത്താൻ കോട്ടയം, പത്തനംതിട്ട കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം മതിയായ നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ