- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
'ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ തുടങ്ങി ഇന്ത്യൻ ഭരണയന്ത്രത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ... കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നതിൽ പ്രധാനിയെന്ന് വിമർശിച്ച് 'ദ ഗാർഡിയനിൽ' വന്ന ലേഖനം ചർച്ചയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്തത സഹചാരിയും നിലവിൽ ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിൽ രണ്ടാമനുമായ അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്രമായി ക്രോഡീകരിച്ച ലേഖനം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഗാർഡിയൻ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത് എന്നതുകൂടിയാണ് പ്രത്യേകത. അതേസമയം ലേഖനം അമിത്ഷായുടെ കുറ്റവും കുറവും മാത്രം കണ്ടെത്തുന്ന ഏകപക്ഷീയമായ വിമർശനമായിപ്പോയി എന്നും ബിജെപി കേന്ദ്രങ്ങൾ പറയുന്നുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മോദിയെപ്പോലെ തന്നെ ലോകം അമിത്ഷായെയും ശ്രദ്ധിക്കുന്നുണ്ട്. 75 വയസ്സിന്റെ പ്രായ ബാധ്യതകളൊക്കെ മോദിക്കും ബാധകമായാൽ അടുത്തത് അമിത്ഷായുടെ കാലമാവുമെന്ന സൂചനയും ലേഖനത്തിലുണ്ട്.
മോദിയുടെ വലംകൈയായി നിന്ന് അമിത് ഷാ നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ചാണ് ലേഖനം മുഖ്യമായും പ്രതിപാദിക്കുന്നത്. നേരത്തെ 'ദ കാരവൻ' മാസികയിൽ പ്രവർത്തിച്ചിരുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഡൽഹിയിൽ പത്രപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അതുൽ ദേവ് ആണ് ലേഖനം എഴുതിയിരിക്കുന്നത്. ഇദ്ദേഹം കടുത്ത ബിജെപി വിരുദ്ധനാണെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ പറയുന്നത്.
2005ലെ സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസ് മുതൽ ജസ്റ്റിസ് ലോയ കൊലപാതകം വരെ അമിത് ഷാ നേരിട്ട് ഇടപെട്ട നിരവധി കേസുകളെക്കുറിച്ച് ഗാർഡിയൻ ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലത്തെ മോദി ഭരണത്തിൽ, അമിത് ഷായുടെ കാർമ്മികത്വത്തിൽ, എല്ലാ ജനാധിപത്യ, നിയമ വ്യവസ്ഥകളെയും ഭയത്തിന്റെയും സന്ദേഹങ്ങളുടെയും നിഴലിൽ നിർത്താൻ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് സാധിച്ചതെങ്ങിനെയെന്ന് ഗാർഡിയൻ ലേഖനം വ്യക്തമാക്കുന്നുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഒരു സാധാരണ രാഷ്ട്രീയക്കാരനിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ടാമനായി മാറുന്നതിലേക്കുള്ള അമിത്ഷായുടെ ജീവിതവഴികളിലെ ഇരുട്ട് നിറഞ്ഞ അധ്യായങ്ങളെയും മോദി -അമിത്ഷാ ബാന്ധവത്തിന്റെ നിഗൂഢമായ താത്പര്യങ്ങളെയുമെല്ലാം ലേഖനം വ്യക്തമായി പരമാർശിക്കുന്നുണ്ട്.
ഗാർഡിയൻ ലേഖനത്തിലെ അവസാന ഭാഗത്ത് അതുൽ ദേവ് ഇങ്ങനെ കുറിക്കുന്നു: 'കഴിഞ്ഞ ദശകത്തിൽ, ഞാൻ ഡൽഹിയിൽ ജോലി ചെയ്യുമ്പോഴും ജുഡീഷ്യറിയെ കവർ ചെയ്യുമ്പോഴും സുപ്രീം കോടതി ജഡ്ജിമാരുമായി നിരവധി ഓഫ് ദി റെക്കോർഡ് മീറ്റിംഗുകൾ നടത്തുകയുണ്ടായിട്ടുണ്ട്. തുടക്കത്തിൽ, പൊതുജനങ്ങൾ അറിയേണ്ട വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഈ മീറ്റിംഗുകൾ പലപ്പോഴും മൂന്ന് മണിക്കൂറുകൾ നീളുന്ന സംഭാഷണങ്ങളായി മാറി, ചിലപ്പോൾ അത് അത്താഴം വരെ നീണ്ടു. ഒരു രാത്രി, വൈകി, സെൻട്രൽ ഡൽഹിയിലെ ഒരു ബംഗ്ലാവിൽ നിന്ന് ഇറങ്ങിയപ്പോൾ, അവർ എന്നെ ക്ഷണിക്കുന്നതിന്റെ കാരണം എനിക്ക് പിടികിട്ടി; അവരെക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയാമെന്ന് ഈ ജഡ്ജിമാർ കരുതുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് തന്നെ സുപ്രീം കോടതിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമായ ധാരണയില്ലെന്നത് എന്നിൽ കടുത്ത അസ്വസ്ഥതയുണ്ടാക്കി. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം തന്നെ, ആർക്കും എടുക്കാവുന്ന രീതിയിൽ, വായുവിൽ പൊങ്ങിക്കിടക്കുകയാണെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കി."
ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയ-ഭരണയന്ത്രത്തിന്റെ സമസ്ത മേഖലകളെയും വളരെ ദൃശ്യമായ കൈകളാൽത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ് അമിത് ഷാ എന്നാണ് ഗാർഡിയൻ ലേഖനത്തിൽ പറയുന്നത്.
മോദിയുടെ വലംകൈ
ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദി ഒന്നുമല്ലാത്ത കാലത്ത് തന്നെ കൈപിടിച്ച് കൂടെ കൂടിയതാണ് അമിത്ഷാ. പിന്നീടിങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയാവേശങ്ങളിലും ഒപ്പംനിന്ന് മോദിക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ചാണക്യ സ്ഥാനമാണ് അമിത്ഷായ്ക്ക്. ഇന്നത്തെ പോലെ വില കൂടിയ കോട്ടും സ്യൂട്ടുമില്ലാതെ രാജ്യ തലസ്ഥാനം കേന്ദ്രമാക്കി ബിജെപിയുടെ അപ്രധാന പദവികളിൽ ഒതുങ്ങുമ്പോഴും വലിയ ആകാശം സ്വപ്നം കണ്ട മോദിയ്‌ക്കൊപ്പം അമിത്ഷായും പറ്റിയ സമയത്തിനായി കാത്തിരുന്നു.
1991 ൽ മുരളീ മനോഹർ ജോഷിയുടെ ഏകതായാത്രയ്ക്ക് സാരഥ്യം വഹിക്കാൻ അന്നത്തെ കരുത്തനായ പ്രമോദ് മഹാജനെയായിരുന്നു ബിജെപി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ചുമതല ഏറ്റെടുക്കാൻ മഹാജൻ വിമുഖത പ്രകടിപ്പിച്ചു. അവസരം കാത്തുനിന്ന മോദിയാകട്ടെ ഒരു നിമിഷം പാഴാക്കാതെ നിയോഗം ഏറ്റെടുക്കാൻ തയ്യാറായി. എന്നാൽ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സ്ഥാനമില്ലാതിരുന്ന മോദിയെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ മോദിക്ക് താങ്ങായതും അമിത്ഷാ തന്നെ. കുരുക്ക് നീക്കി മോദിയെ മുന്നിലേക്ക് നയിച്ച് ഏകതാ യാത്ര വലിയ വിജയമാക്കി തീർത്തതോടെ ദൃഢമായ ബന്ധം ഇന്നും ശക്തമായി തുടരുന്നു.
അത്കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. വിമതരും ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളുമൊക്കെ മോദിയ്‌ക്കെതിരേ ഒന്നിച്ചെങ്കിലും അമിത്ഷായുടെ തന്ത്രങ്ങൾക്ക് മുന്നിൽ നിഷ്പ്രഭമായി. മോദി സർക്കാറിൽ പങ്കാളിയായ അമിത്ഷാ സർക്കാറിനും മോദിയെ സംരക്ഷിച്ചുനിർത്തി. മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കണ്ണും കാതുമായ അമിത്ഷാ വർഷങ്ങൾക്കിപ്പുറത്ത് പ്രധാനമന്ത്രിയായ മോദിക്കും സാരഥിയായി ഒപ്പമുണ്ടെന്നാണ് രാഷ്ട്രീയ കൗതുകം. രാഷ്ട്രീയ പ്രതിയോഗികൾക്കൊപ്പം സ്വന്തം പക്ഷത്ത് നിന്നുള്ള ആക്രമണവും തടയാൻ അമിത്ഷാ കാണിക്കുന്ന ജാഗ്രതയാണ് മോദിയുടെ നിലനിൽപ്പിന് ആധാരം. അതോടൊപ്പം ഹിന്ദുത്വ പ്രത്യയാശാസ്ത്രത്തിന് തട്ടൊരുക്കാനും, മുസ്ലീങ്ങളോടുള്ള വെറുപ്പ് ഉണ്ടാക്കാനും അമിത്ഷാ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും, പലപ്പോഴും അദ്ദേഹം വെറുപ്പിന്റെ വ്യാപാരിയാണെന്നും ഗാർഡിയൻ വിമർശിക്കുന്നുണ്ട്.