കോഴിക്കോട്: കേരളം ഭീതിയോടെ ഓര്‍ക്കുന്ന 2023-ലെ നിപ കാലത്തെ ഏറ്റവും കരുത്തുറ്റ പോരാളി ടിറ്റോ തോമസ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിക്കുകയും, പിന്നീട് അതിന്റെ സങ്കീര്‍ണ്ണാവസ്ഥയായ 'ഡിലൈഡ് എന്‍സഫലൈറ്റിസ്' മൂലം മാസങ്ങളോളം അബോധാവസ്ഥയില്‍ കഴിയുകയും ചെയ്ത ഈ യുവ നഴ്‌സിന്റെ തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി മാറുകയാണ്.

ടിറ്റോയുടെ ഈ അതിജീവനത്തിന് പിന്നില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയുടെ സമാനതകളില്ലാത്ത സേവനമുണ്ട്. കഴിഞ്ഞ 20 മാസത്തോളമായി കോമയിലായിരുന്ന ടിറ്റോയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും ആശുപത്രി മാനേജ്മെന്റാണ് ഏറ്റെടുത്തത്. മരുന്നും ഭക്ഷണവും വിദഗ്ധ പരിചരണവും മുടങ്ങാതെ നല്‍കിയതിനൊപ്പം, ഒരു കര്‍ഷക കുടുംബമായ ടിറ്റോയുടെ മാതാപിതാക്കള്‍ക്ക് താങ്ങായി നിന്ന ഇഖ്റ ആശുപത്രിയുടെ നിലപാട് ഏറെ പ്രശംസനീയമാണ്.

ചികിത്സയ്ക്കായി ഭീമമായ തുക വേണ്ടി വന്നിട്ടും കുടുംബത്തില്‍ നിന്നും ഈടാക്കാതെ അവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആശുപത്രി കാണിച്ച മനസ്സ് കേരളത്തിന് മാതൃകയാണ്. 2023-ല്‍ നിപ വ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്‍കിയ വിവരങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. രോഗബാധിതരെ പരിചരിച്ച ടിറ്റോയ്ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചത്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും ടിറ്റോ നടത്തിയ ആ പോരാട്ടമാണ് ഇന്ന് അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഏവരേയും പ്രേരിപ്പിക്കുന്നത്.

നിപയെ അതിജീവിച്ചെങ്കിലും തലച്ചോറില്‍ വൈറസ് അവശേഷിക്കുകയും പിന്നീട് വീണ്ടും സജീവമാവുകയും ചെയ്യുന്ന അത്യപൂര്‍വ്വ അവസ്ഥയിലൂടെയാണ് ടിറ്റോ കടന്നുപോയത്. ശ്വാസമെടുക്കാന്‍ പോലും യന്ത്രസഹായം വേണ്ടിയിരുന്ന അവസ്ഥയില്‍ നിന്നും ഇന്ന് അവന്‍ കണ്ണുതുറക്കുന്നു, ചുറ്റുമുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളായ തോമസിന്റെയും ഏലിയാമ്മയുടെയും, ജോലി ഉപേക്ഷിച്ച് അവനൊപ്പം നിന്ന സഹോദരന്‍ ഷിജോയുടെയും പ്രാര്‍ത്ഥനകള്‍ ഫലം കാണുകയാണ്. മന്ത്രിയുടെ സന്ദര്‍ശനം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ടിറ്റോയുടെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കുകയും അവന്റെ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ ചികിത്സാ സഹായമായി അനുവദിച്ചത് ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്. രണ്ടുതവണ നിപ വൈറസിനെ തോല്‍പ്പിച്ച ടിറ്റോ തോമസ് എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാനായി കര്‍മ്മരംഗത്തേക്ക് മടങ്ങിയെത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. നിപ രോഗിയെ പരിചരിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോയെയും മാതാപിതാക്കളെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. നിപ പ്രതിരോധത്തില്‍ ടിറ്റോ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി ഓര്‍മിച്ചു.

2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. ടിറ്റോയില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തില്‍ നിന്നും ടിറ്റോ മോചനം നേടുകയും ചെയ്തു. എന്നാല്‍ അത്യപൂര്‍വമായി തലച്ചോറില്‍ വൈറസ് അവശേഷിക്കുകയും വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡിലെയ്ഡ് എന്‍സഫലിറ്റിസ് അവസ്ഥയിലേക്ക് ടിറ്റോ നീങ്ങി. വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ നിന്നുമാണ് ടിറ്റോ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ ഉണ്ടായ നിപ ബാധയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്‍കിയ വിവരങ്ങള്‍ വളരെ പ്രധാനമായിരുന്നു. അത്തരം വിവരങ്ങള്‍ കൂടി ലഭിച്ചതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞത്.

ടിറ്റോയില്‍ ഉണ്ടായതുപോലെയുള്ള രോഗാവസ്ഥ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ്. അവരില്‍ നിന്നും മറ്റൊരാള്‍ക്ക് രോഗം പകരുകയില്ല. രണ്ടുതവണ നിപാ രോഗത്തെ അതിജീവിച്ച ടിറ്റോ വളരെ വേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും എന്ന് മന്ത്രി ആശംസിച്ചു.

നിപ്പ ബാധിച്ച് 2023 ഓഗസ്റ്റ് 30ന് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ പരിചരിക്കവേയാണ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ടിറ്റോ തോമസിനു നിപ്പ പിടിപെട്ടത്. രോഗമുക്തി നേടി ടിറ്റോ വീണ്ടും ജോലിയില്‍ പ്രവേശിച്ചെങ്കിലും 2023 ഡിസംബറില്‍ ശക്തമായ തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആരോഗ്യനില മോശമായി. ചികിത്സ തുടരവേ ഡിസംബര്‍ 8 മുതല്‍ കോമയിലാകുകയായിരുന്നു.ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടിറ്റോയെ പരിചരിക്കാനായി പിതാവ് ടി.സി.തോമസും മാതാവ് ഏലിയാമ്മയും ഇവിടെ കഴിയുകയാണ്.സഹോദരന്‍ ഷിജോ തോമസ് ജോലി ഉപേക്ഷിച്ചു ടിറ്റോയെ പരിചരിക്കാന്‍ ആശുപത്രിയിലുണ്ടായിരുന്നു.

കര്‍ഷക കുടുംബമാണ് ഇവര്‍. അവിടെ കൊച്ചു വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. വീടെല്ലാം പൂട്ടി ഇപ്പോള്‍ ഇവിടെ ആശുപത്രിയില്‍ മകനൊപ്പം ചെലവഴിച്ചു അച്ഛനും അമ്മയും. റബര്‍ ടാപ്പിങ് വരുമാനം കൊണ്ടായിരുന്നു ടിറ്റോയെ മംഗലാപുരത്തെ കോളജില്‍ ബിഎസ്സി നഴ്‌സിങ്ങിനു ചേര്‍ത്തതെന്നും രോഗി പരിചരണം അവന് ഏറെ ഇഷ്ടമായിരുന്നെന്നും കുടുംബം പറയുന്നു.