- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിന്റെ സ്ട്രെയിന്‍ കുറയ്ക്കാന്‍ ഈ 'കസര്‍ത്ത്' വലിയൊരാശ്വാസമാണ്; പുസ്തകം നോക്കി പഠിച്ച യോഗ ജീവിതത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെ; 'മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക'; എണ്‍പതാം വയസ്സിലും അനായാസം മലമുകളേറിയ വി എസ്സിന്റെ ആരോഗ്യരഹസ്യം
വി എസ്സിന്റെ ആരോഗ്യരഹസ്യം
തിരുവനന്തപുരം: പോലീസിന്റെ മര്‍ദ്ദനമുറകളത്രയും ഏറ്റുവാങ്ങിയ ഒരു മനുഷ്യശരീരം ഒരു നൂറ്റാണ്ട് പിന്നിട്ട സമരജീവിതം നയിക്കുക. ഐതിഹാസികമെന്നല്ലാതെ മറ്റെന്ത് വാക്കുകൊണ്ടാണ് ആ ജീവിതത്തെ എളുപ്പത്തില്‍ വരച്ചിടാനാവുക. ഇത്രയേറെ സംഘര്‍ഷഭരിതമായ ജീവിതം നയിച്ചിട്ടും 102 വയസ്സുവരെ അദ്ദേഹത്തിന് ഈ ഭൂമിയില്‍ തുടരാനായത് തന്റെ നിലപാടുകളിലെന്നപോലെ ജീവിതചര്യകളിലും അദ്ദേഹം പുലര്‍ത്തിയ കണിശത ഒന്നുകൊണ്ട് മാത്രമാണ്. എണ്‍പതാം വയസ്സിലും മലമുകളിലേറിയ വി എസ്സിനോട് ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു..'മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക'.
രാവിലെ എഴുന്നേറ്റാല്‍ ഉമിക്കരി വച്ചും ബ്രഷ് കൊണ്ടും ഒടുവിലായി കൈ കൊണ്ടും പല്ലുകള്‍ അമര്‍ത്തി തേയ്ക്കും. പിന്നീട് ചെറുനടത്തം. പ്രത്യേകം തയ്യാറാക്കിയ എണ്ണ തേച്ച് ഇളവെയില്‍ കായല്‍. സൂര്യനമസ്‌കാരവും ചെറുതോതിലെ യോഗാഭ്യാസവും. കുളിച്ചെത്തിയാല്‍ കൈലിയും മുണ്ടുമുടുത്ത് ഓഫിസിലെത്തി പത്രവായന. ചിട്ടയായ ജീവിതമാണ് പ്രായമേറിയപ്പോഴും വി.എസിനെ ഊര്‍ജസ്വലനായി നിര്‍ത്തിയത്. മനസ്സിന്റെയും ശരീരത്തിന്റെയും സ്ട്രസ് കുറയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് യോഗയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വി എസ്സിന്റെ തന്നെ തനത് ശൈലിയില്‍ കസര്‍ത്ത് എന്നാണ് അദ്ദേഹം യോഗയെ വിശേഷിപ്പിച്ചിരുന്നത്.
പുസ്തകം നോക്കിയാണ് അദ്ദേഹം യോഗ അഭ്യസിച്ചതെന്നാണ് മറ്റൊരു വസ്തുത. അവ ഏതാണ്ട് വഴങ്ങുന്ന പരുവത്തില്‍ എത്തിയപ്പോള്‍ കേട്ടറിവുള്ള ഒരു യോഗാചാര്യനെ ബന്ധപ്പെട്ടു. ഒന്നു കണ്ടാല്‍ തരക്കേടില്ല... വിഷയം യോഗ തന്നെ.. വി എസ് ആവശ്യം അറിയിച്ചു. യോഗാചാര്യന്‍ സന്തോഷപൂര്‍വ്വം എത്തി. അദ്ദേഹത്തിന് മുന്നില്‍ താന്‍ പഠിച്ച വിദ്യകള്‍ വി എസ് അവതരിപ്പിച്ചു. എല്ലാം കണ്ട് അദ്ദേഹം പറഞ്ഞു നന്നായിട്ടുണ്ട്. ഇതുപോലെ തുടര്‍ന്നാല്‍ മതി. അങ്ങനെ അംഗീകാരം വാങ്ങി..പിന്നെ യോഗ വി എസ്സിന്റെ ജീവിതത്തിന്റെ ഭാഗമായി. വി എസ് ഒരിക്കല്‍ പറയുകയുണ്ടായി..'വല്ലാത്ത സ്ട്രെയിനിലാണല്ലോ സഞ്ചാരവും ജോലിയും ഒക്കെ.. മനസ്സിനെ ഒന്ന് അയച്ചു നിര്‍ത്താന്‍ രാവിലത്തെ ഈ കസര്‍ത്ത് വലിയ രക്ഷയാണ്'
ഭക്ഷണത്തിലും വി എസ്സിന് അദ്ദേഹത്തിന്റെ രീതികള്‍ ഉണ്ടായിരുന്നു. നോണ്‍വെജിറ്റേറിയനായിരുന്ന അദ്ദേഹം പിന്നീട് വെജിറ്റേറിയനിലേക്ക് തിരിഞ്ഞു. മല്‍സ്യങ്ങളും മാംസാഹാരവും പതിവാക്കിയ വി.എസ് പിന്നീട് സസ്യാഹാരത്തിലേക്ക് മാറി. ദിവസവും പതിനൊന്ന് മണിയോടെ കറിവേപ്പിലയും കാന്താരിയും ചതച്ചിട്ട സംഭാരം വി.എസിന്റെ പതിവായിരുന്നു. ഇലക്കറികളാല്‍ സമൃദ്ധമായ ഉച്ചഭക്ഷണം.
പക്ഷെ അപ്പോഴും വരാലിനോടുള്ള പ്രിയം കുറഞ്ഞില്ല. ആലപ്പുഴയില്‍ നിന്നും കാണാനെത്തിയ പ്രിയപ്പെട്ടവര്‍ ജീവനോടെ വരാലിനെ വി.എസിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചു.
പാലക്കാട്ട് നിന്നും കൂടെക്കൂടി ഞവര അരി കൊണ്ടുള്ള ചോറും വി.എസിന്റെ പ്രിയങ്ങളിലൊന്നായി. എന്‍.എന്‍.കൃഷ്ണദാസായിരുന്നു പലപ്പോഴും പാലക്കാട് നിന്നുള്ള അരി എത്തിച്ചിരുന്നത്. ഉച്ചയൂണിന് പിന്നാലെ സ്വിച്ചിട്ട പോലൊരു ഉറക്കവും നിര്‍ബന്ധം. ഒന്നര മണിക്കൂര്‍ നീളുന്ന ഈ ഉറക്കത്തിന് പിന്നാലെ വീണ്ടുമെഴുന്നേറ്റ് രാഷ്ട്രീയത്തിരക്കുകളിലേക്ക്. രാത്രി ഒന്‍പതുമണിയോടെ ഉറക്കം. 90
വയസുള്ളപ്പോഴും ഉറങ്ങാന്‍ തലയണയോ കിടക്കാന്‍ മെത്തയോ ഉപയോഗിച്ചില്ല. തടിക്കട്ടിലായിരുന്നു പഥ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പക്ഷാഘാതം വന്ന് പൂര്‍ണ വിശ്രമത്തിലേക്ക് തിരിയുന്നത് വരെ വി.എസ് ഒരു പതിവുകളും തെറ്റിച്ചിരുന്നില്ല. നിഷ്ഠകള്‍ കൈവിടാത്ത ജീവിതം തന്നാല്‍ സാധ്യമാകുന്ന കാലത്തോളം വി.എസ് തുടര്‍ന്നു.
ഇതുതന്നെയായിരുന്നു ആ സമരജീവിതത്തിന്റെ ഏറ്റവും വലിയ കരുത്തും മുതല്‍ക്കൂട്ടും. ചെരുപ്പുകളോട് പ്രത്യേക മമത വി.എസ് എക്കാലവും പുലര്‍ത്തിയിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇഷ്ടപ്പെട്ട ചെരുപ്പ് കണ്ടാല്‍ വാങ്ങിയേ വി.എസിന് സമാധാനമാവുമായിരുന്നുള്ളു. ഇതിനായി നേരിട്ട് കടയിലെത്തും. പാകത്തിനുള്ളത് തിരഞ്ഞെടുക്കും. ശേഷം ജൂബയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തി ചെരുപ്പ് വാങ്ങും. ഇങ്ങനെയോക്കെയായിരുന്നു വി എസ് എന്ന മനുഷ്യന്‍.