- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ; 'ദ കേരള സ്റ്റോറി' സംഘപരിവാർ നുണഫാക്ടറിയുടെ ഉത്പന്നം എന്ന് മുഖ്യമന്ത്രി; സതീശനും കാന്തപുരത്തിനും പിന്നാലെ എതിർപ്പുമായി പിണറായിയും; ഇത് വ്യാജക്കഥയോ?
തിരുവനന്തപുരം: പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ദ് കേരള സ്റ്റോറി എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തിൽ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദർശനാനുമതി നൽകരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളിൽനിന്നും ഉയർന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. കാശ്മീർ ഫയൽസിനെതിരെ വലിയ വിവാദ ചർച്ചകൾ കേരളത്തിലുണ്ടായി. അതിലും അപ്പുറത്തേക്കാണ് കേരളാ സ്റ്റോറിയുടെ പോക്ക്. സിനിമ നിരോധിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആദ്യം ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ചു. കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പറയുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ''കേരള സ്റ്റോറി'' എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ.
അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ''ലൗ ജിഹാദ്'' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലൗ ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.
മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.
നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
ഈ വിഷയം ഉയർത്തികൊണ്ട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംവിഭാഗത്തിന്റെ പിന്തുണ പരമാവധി ഉറപ്പാക്കാനാണ് ഇടതു-വലതുമുന്നണികളുടെ ശ്രമം. ഈ സിനിമയെ ആയുധമാക്കാൻ സംഘപരിവാറും നീക്കം തുടങ്ങിയിട്ടുണ്ട്. ഈ സിനിമ സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്ന വാദം തന്നെയാണ് യു.ഡി.എഫും ഇടതുമുന്നണിയും ഉയർത്തുന്നത്. അതേസമയം വിഷയം ഉപയോഗിച്ചുകൊണ്ട് പരസ്പരം പഴിചാരാനും ഇരുവിഭാഗങ്ങളും നീക്കം ആരംഭിച്ചിട്ടുണ്ട്.
വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നടത്തിയ ചില പരാമർശങ്ങളാണ് സിനിമയ്ക്ക് ആധാരം എന്ന പ്രചാരണമാണ് ലീഗ് ഉൾപ്പെടെ ഉയർത്തിവിട്ടിരിക്കുന്നത്. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാൻ എസ്.ഡി.പി.ഐ. ശ്രമിക്കുന്നുവെന്ന രീതിയിൽ വി എസ്. നടത്തിയ പ്രസ്താവനയാണ് ലീഗ് ഉൾപ്പെടെയുള്ളവർ ഇന്ന് ആയുധമാക്കുന്നത്. ലീഗിന്റെ ആരോപണത്തെ അതേ നാണയത്തിൽ തന്നെയാണ് സിപിഎമ്മും നേരിടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ച പശ്ചാത്തലത്തിലാണ് വി എസ്. അന്ന് പ്രസ്താവന ഇറക്കിയതെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ